News

കോണ്‍ക്ലേവില്‍ ഇന്ന് എങ്ങനെ?; സമയക്രമവും നടപടികളും അറിയാം

പ്രവാചകശബ്ദം 08-05-2025 - Thursday

വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ ആദ്യ റൌണ്ട് വോട്ടെടുപ്പ് ഫലം കാണാത്ത പശ്ചാത്തലത്തില്‍ ഇന്ന് വോട്ടെടുപ്പ് തുടരും. ഇന്ന് മുതൽ, ഒരു ദിവസം പരമാവധി നാല് വോട്ടെടുപ്പ് മാത്രമേ നടക്കുകയുള്ളൂവെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. രാവിലെ രണ്ട് വോട്ടെടുപ്പും ഉച്ചകഴിഞ്ഞ് രണ്ട് വോട്ടെടുപ്പും എന്ന രീതിയിലാണ് ക്രമീകരണം. ഇന്നു രാവിലെയും ഉച്ചകഴിഞ്ഞും നടക്കുന്ന ആദ്യ വോട്ടെടുപ്പുകളിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഒരാളെ തെരഞ്ഞെടുക്കാൻ സാധിച്ചില്ലെങ്കിൽ രണ്ടാമത്തെ വോട്ടെടുപ്പുകൾക്കു ശേഷമായിരിക്കും പുക ഉയരുകയെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ സാന്താ മാർത്തയിൽനിന്ന് അപ്പസ്തോലിക കൊട്ടാരത്തിലേക്ക് കർദ്ദിനാളുമാർ എത്തിയിട്ടുണ്ട്. വിശുദ്ധ പൗലോസിന്റെ ചാപ്പലിൽ രാവിലെ 8.15ന് പ്രഭാതപ്രാർത്ഥനയും വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടത്തും. ഇതിന് ശേഷമാണ് സിസ്റ്റൈൻ ചാപ്പലിൽവെച്ച് 9.15-ന് ( ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30നു) രണ്ടാം യാമപ്രാർത്ഥനയും വോട്ടെടുപ്പും നടക്കുക. ആദ്യ വോട്ടെടുപ്പിൽ ഫലം ഉണ്ടായാല്‍ വെളുത്ത പുക പുറത്തുവിടും. ഇല്ലെങ്കില്‍ കറുത്ത പുക പുറത്തുവിടുന്നതിന് പകരം അടുത്ത വോട്ടെടുപ്പ് നടത്തും. തുടര്‍ന്നായിരിക്കും ഫലസൂചന. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് വത്തിക്കാന്‍ സമയം 10.30-നോ പന്ത്രണ്ടിനോ (ഇന്ത്യന്‍ സമയം യഥാക്രമം ഉച്ചയ്ക്ക് 2 മണി, ഉച്ചക്കഴിഞ്ഞ് 3.30 ) വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുക ഉയരാൻ സാധ്യതയുണ്ട്.

ഈ വോട്ടെടുപ്പുകളിലും ഒരാളെ തെരഞ്ഞെടുക്കാനായില്ലെങ്കിൽ 12.30-ന് (ഇന്ത്യന്‍ സമയം വൈകീട്ട് 4 മണി) ഉച്ചഭക്ഷണത്തിനായി കർദ്ദിനാളുമാർ തിരികെ സാന്താ മർത്തയിലേക്ക് പോകും. നാലും അഞ്ചും പ്രാവശ്യത്തെ വോട്ടെടുപ്പുകൾക്കായി വൈകുന്നേരം 3.45-നായിരിക്കും (ഇന്ത്യന്‍ സമയം രാത്രി 7.15) കർദ്ദിനാളുമാർ വീണ്ടും അപ്പസ്തോലിക കൊട്ടാരത്തിലേക്കെത്തുക. ഉച്ചകഴിഞ്ഞുള്ള പ്രഥമവോട്ടെടുപ്പ് വൈകുന്നേരം 4.30-നായിരിക്കും (ഇന്ത്യന്‍ സമയം രാത്രി 8 മണി). വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് വൈകുന്നേരം 5.30-നും ( (ഇന്ത്യന്‍ സമയം രാത്രി 9 മണി) 7-നും ( ഇന്ത്യന്‍ സമയം രാത്രി 10.30) വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയരും. തുടർന്ന് സായാഹ്നപ്രാർത്ഥനകൾ നടക്കും. 7:30ന് കർദ്ദിനാളുമാർ തിരികെ സാന്താ മാർത്തയിലേക്ക് മടങ്ങും.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »