India - 2025
സീറോ മലബാര്‍ സഭാദിനാഘോഷം നാളെ; മൗണ്ട് സെന്റ് തോമസ് ഒരുങ്ങി.
സ്വന്തം ലേഖകന്‍ 02-07-2016 - Saturday
കൊച്ചി: സീറോ മലബാര്‍ സഭാദിനാഘോഷം ദുക്റാന തിരുനാള്‍ ദിനമായ നാളെ കാക്കനാട് മൗണ്ട് സെന്റ്തോമസില്‍ നടക്കും. രാവിലെ 9.45നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ സെന്റ് തോമസ് ദിനത്തിന്റെ സന്ദേശം നല്കുന്ന മേജര്‍ ആര്‍ച്ച് ബിഷപ് വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളുമായി ആശയവിനിമയം നടത്തും. റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ മോഡറേറ്റര്‍ ചുമതല വഹിക്കും. തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയും നടക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി വചനസന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനത്തില്‍ കോട്ടയം നവജീവന്‍ ട്രസ്റ്റിലെ പി.യു. തോമസ്, സാമൂഹ്യപ്രവര്‍ത്തക ദയാബായി എന്നിവര്‍ കാരുണ്യവര്‍ഷ സന്ദേശം നല്‍കും.
മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മുതിര്‍ന്ന വൈദികരായ ഫാ. ജോസ് തച്ചില്‍, ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ എന്നിവരെ സീറോ മലബാര്‍ സഭയുടെ വൈദികരത്നം ബഹുമതി നല്കി ആദരിക്കും. കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, ഫാ. മാത്യു പുളിമൂട്ടില്‍, റവ. ഡോ. ജോസ് ചിറമേല്‍, ഫാ. കുര്യന് അമ്മനത്തുകുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു വിവിധ കലാപരിപാടികളും ഉണ്ടാകും.