Meditation. - July 2025

ജീവിതത്തിന്റെ ദുഃഖങ്ങള്‍ക്ക് അറുതിയില്ലേ?

സ്വന്തം ലേഖകന്‍ 07-07-2016 - Thursday

''അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു'' (ഏശയ്യാ 53.3).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 7

പ്രിയ സഹോദരീ സഹോദരന്മാരെ, ഒന്ന്‍ മനസ്സിലാക്കുക. നിങ്ങളുടെ ദുഃഖങ്ങളിലും വേദനകളിലും യേശു നിങ്ങളോടൊപ്പമുണ്ട്. വേദനകളാലും നിന്ദാപമാനങ്ങളാലും കാല്‍വരിയില്‍ ബലിയായി മാറിയ അതേ ക്രിസ്തു, നമ്മുടെ ജീവിതത്തിനു കാവലാളായി നില്‍ക്കുന്നുവെന്നത് നാം പലപ്പോഴും മറന്ന്‍ പോകുന്ന ഒരു കാര്യമാണ്. പരിശുദ്ധ അമ്മയുടെ ഉദരത്തില്‍ രൂപം കൊണ്ട നിമിഷം മുതല്‍ കഷ്ടപ്പാടുകളും വേദനകളും അപമാനങ്ങളും അവിടുത്തെ വിടാതെ പിന്തുടര്‍ന്നു; എന്നിരിന്നാലും പുനരുത്ഥാനം വഴിയായി അവിടുന്ന് പിതാവിന്റെ സന്നിധിയില്‍ എത്തിചേര്‍ന്നു. അതിനാല്‍ തന്നെ ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിക്കും തന്റെ ജീവിതത്തിലെ ദുഃഖങ്ങള്‍ക്കു അന്ത്യമുണ്ട്. കഷ്ടപ്പാടിന്റെയും മരണത്തിന്റേയും ഉള്ളില്‍ത്തന്നെ സുനിശ്ചിതമായ ഉയിര്‍പ്പും നിത്യമായ സന്തോഷവും അടങ്ങിയിട്ടുണ്ട്. അത്യധികം കഷ്ടപ്പാടും വലിയ ഭാരവും സഹിക്കേണ്ടിവരുന്ന ഒരു ക്രിസ്തീയ വിശ്വാസിയുടെ കണ്‍മുന്നില്‍ ക്രൂശിതനായ കര്‍ത്താവിന്റെ രൂപം നല്‍കുന്ന പ്രത്യാശ ചെറുതൊന്നുമല്ല.

ക്രിസ്തുവിലുള്ള പ്രത്യാശ നമ്മുക്ക് പ്രദാനം ചെയ്യുന്നത് മരണത്തിന് അപ്പുറത്തേക്ക് ദര്‍ശനമുള്ളതാണ്. യേശുവില്‍ ആഴമായ വിശ്വസിക്കുവാന്‍ വിധിക്കപ്പെട്ട ഒരാളിനുള്ളില്‍, ദുഃഖങ്ങളും ജീവിത ഭാരവും സ്വീകരിക്കാനും സഹിക്കുവാനുമുള്ള ശക്തി വളരും. മാത്രമല്ല, മറ്റുള്ളവരുടെ കഷ്ടതകള്‍ വഹിക്കുവാനും അവ തരണം ചെയ്യുവാനും അവരെ സഹായിക്കുവാനുമുള്ള ശക്തി കൂടി ലഭിക്കും. ''പരസ്പരം ഭാരങ്ങള്‍ വഹിച്ചു കൊണ്ട് ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍" (ഗലാത്തിയ 6:2) എന്നാണ് അപ്പസ്‌തോലനായ പൗലോസ് ഉത്‌ഘോഷിക്കുന്നത്. ഈ ഒരു കാരണത്താല്‍ തന്നെ, വൃദ്ധജനങ്ങള്‍ക്കും, രോഗികള്‍ക്കും, ബലഹീനര്‍ക്കും സുരക്ഷിതത്വവും പിന്‍തുണയും ലഭിക്കുന്ന സ്ഥലം ക്രിസ്തുവില്‍ മാത്രമാണെന്ന് സഭ ലോകത്തിന് തെളിയിച്ചുകൊടുക്കണം; എന്തെന്നാല്‍, കഷ്ടതകളേയും മരണത്തേയും രൂപാന്തരപ്പെടുത്തി ഉയിര്‍ത്തെഴുന്നേറ്റവനുമായ ക്രിസ്തുവാണ് സഭയുടെ കേന്ദ്രസ്ഥാനം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്‍സ്ബര്‍ഗ്ഗ്, 26.6.88).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »