News - 2025

കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി കെണിയില്‍ അകപ്പെടുത്താന്‍ സെക്ടുകളുടെ ഗൂഡാശ്രമം

പ്രവാചകശബ്ദം 23-06-2022 - Thursday

കത്തോലിക്ക മാധ്യമങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ സെക്‍ടുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി സാമ്പത്തിക ചൂഷണം നടത്താന്‍ സെക്ടുകളുടെ ഗൂഡാശ്രമം. ഇന്‍വിറ്റേഷന്‍ ലിങ്ക് ഉപയോഗിച്ച് കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്ന ഇവര്‍ ചില ആളുകളെ ടാര്‍ഗറ്റ് ചെയ്യുകയും അവരെ വ്യക്തിപരമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതോടെയാണ് തട്ടിപ്പിന്റെ ആദ്യ അധ്യായം ആരംഭിക്കുന്നത്. പ്രധാനമായും വിദേശത്തു നിന്നുള്ള നമ്പറുകളാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. സ്വദേശത്ത് നിന്നുള്ള നമ്പറുകളില്‍ നിന്നും തട്ടിപ്പ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബൈബിള്‍ വചനങ്ങള്‍ അയച്ചും മരിയ വണക്കം പ്രകടമാക്കിയും ഇവര്‍ ഇരകളുടെ വിശ്വാസം നേടിയെടുക്കുവാന്‍ ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്. സംശയിക്കാന്‍ യാതൊരു സൂചനയും നല്‍കാത്ത വിധത്തില്‍ തന്ത്രപരമായ വിധത്തിലാണ് ഇരകളെ ഇവര്‍ പതിയെ സ്വന്തമാക്കുന്നത്. വിശ്വാസം നേടിയെടുത്താല്‍ ''ഞങ്ങള്‍ക്ക് ഒരു പ്രാര്‍ത്ഥനാഗ്രൂപ്പ് ഉണ്ട്, അതിലേക്കു ചേര്‍ക്കട്ടെ'' എന്ന രീതിയില്‍ സന്ദേശങ്ങള്‍ കൈമാറുന്നു. ഇതിനോട് അനുകൂലമായ സന്ദേശം ലഭിക്കുന്നതോടെ സെക്ടുകളുടെ ലോബിക്ക് കാര്യങ്ങള്‍ എളുപ്പമായി തീരുകയാണ്. പ്രാര്‍ത്ഥനയും വചനവുമായി ഗ്രൂപ്പിലൂടെ അനുദിനം ഇരകളായവരെ പ്രചോദിപ്പിച്ചുക്കൊണ്ട് ഇവര്‍ മുന്നോട്ടു പോകുന്നു. ഇതിന് ശേഷമാണ് തട്ടിപ്പിന്റെ പ്രധാന സ്റ്റേജിലേക്ക് പ്രവേശിക്കുന്നത്. തങ്ങള്‍ നാട്ടില്‍ എത്തുന്നുണ്ടെന്നും ഒരുമിച്ച് ധ്യാനം കൂടാമെന്നും പറയുന്നു. അംഗങ്ങളെ സ്വാധീനിക്കുന്ന ശ്രമം ഇതിനിടയില്‍ നടക്കുന്നുണ്ട്. ഇതിന് സമ്മതം മൂളുന്നവരെ തന്ത്രപരമായി മൂരിയാട് എംപറര്‍ ഇമ്മാനുവേല്‍ ധ്യാനകേന്ദ്രത്തില്‍ എത്തിക്കുകയായിരിന്നു.