News - 2025

ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് മാഫിയാ സംഘങ്ങള്‍, സര്‍ക്കാര്‍ നോക്കുകുത്തി: ഗുരുതര ആരോപണവുമായി മെത്രാൻ സമിതി WIP

പ്രവാചകശബ്ദം 22-01-2023 - Sunday

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ നിയന്ത്രണം മാഫിയാ സംഘങ്ങള്‍ ഏറ്റെടുത്തുവെന്ന ഗുരുതര മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ്. ജനുവരി 17-ന് പ്രിട്ടോറിയിലെ ജോണ്‍ വിയാനി മേജര്‍ സെമിനാരിയില്‍ ആരംഭിച്ച മെത്രാന്‍ സമിതിയുടെ സിനഡിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ബിഷപ്പ് സിതെംബെലെ അന്റോണ്‍ സിപുക കുറ്റകൃത്യങ്ങളില്‍ ഉണ്ടായ വര്‍ദ്ധനവിലുള്ള ആശങ്ക പങ്കുവെച്ചത്. കുറ്റവാളി സിന്‍ഡിക്കേറ്റുകളും, മാഫിയാ സംഘങ്ങളും നിയന്ത്രിക്കുന്ന ഒരു രാഷ്ട്രമായി നമ്മുടെ രാഷ്ട്രം മാറിയിരിക്കുന്നു. അവര്‍ റെയില്‍വെ ലൈനുകളും, കോപ്പര്‍ വയറുകളും, വൈദ്യത ലൈനുകളും മോഷ്ടിക്കുകയും, ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ളവ അലംകോലമാക്കിക്കൊണ്ട് നമ്മുടെ രാഷ്ട്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മെത്രാന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്ക്രിയരാണെന്നും ചൂണ്ടിക്കാട്ടി.

മോചനദ്ര്യവ്യത്തിനു വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകളും, അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ കൊലപാതകങ്ങളും പതിവായി കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മെത്രാന്‍, ക്വാസുളു നാതല്‍ ആന്‍ഡ് ഗവൂട്ടെങ്ങിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ നടന്ന കവര്‍ച്ചകള്‍ നടത്തിയവരില്‍ ഒരാളെപ്പോലും നിയമത്തിനു മുന്നില്‍ ഹാജരാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. രാഷ്ട്ര നേതാക്കള്‍ തങ്ങളുടെ വ്യക്തിപരവും, രാഷ്ട്രീയപരവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി മാത്രം കോടതികളെ ഉപയോഗിക്കുന്ന തിരക്കിലാണെന്നാണ് മെത്രാന്‍ പറഞ്ഞത്. ‘നിരാശയുടെ കാലഘട്ടത്തിലെ പ്രതീക്ഷ’ എന്ന ഫാ. ആല്‍ബെര്‍ട്ട് നോളന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ രാഷ്ട്രത്തിലെ ജനങ്ങള്‍ നിരാശരാണെന്നും മെത്രാന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ പവര്‍കട്ടിനേക്കുറിച്ചും മെത്രാന്‍ പറയുകയുണ്ടായി. ഈ പവര്‍കട്ട് രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതക്ക് വലിയൊരു വെല്ലുവിളിയാണെന്ന്‍ പറഞ്ഞ മെത്രാന്‍, ഒരു ദിവസം ഏതാണ്ട് 600 കോടി റാന്‍ഡിന്റെ നഷ്ടമാണ് പവര്‍കട്ട് രാഷ്ട്രത്തിനു സമ്മാനിക്കുകയെന്നും ചൂണ്ടിക്കാട്ടി. സാമ്പത്തിക പാപ്പരത്വത്തിനു പുറമേ രാഷ്ട്രത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ധാര്‍മ്മിക പാപ്പരത്വത്തേക്കുറിച്ചും മെത്രാന്‍ പറയുകയുണ്ടായി. യേശു പാവങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും, ഉത്തരവാദിത്തമുള്ള പൗരന്‍മാരാകുവാന്‍ പാവപ്പെട്ടവരെ പറഞ്ഞു മനസ്സിലാക്കേണ്ട ചുമതല നമ്മുടേതാണെന്നും സമ്മേളനത്തില്‍ പങ്കെടുത്തവരെ ഉദ്ബോധിപ്പിച്ചുകൊണ്ട്, ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയില്ലായ്മ അവസാനിപ്പിക്കുവാന്‍ സമൂഹത്തിലെ ഇടത്തരക്കാര്‍ പാവപ്പെട്ടവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മെത്രാന്‍ ഓര്‍മ്മിപ്പിച്ചു.


Related Articles »