News - 2025
യുഎസ് മെത്രാന്‍ സമിതി 32 ആഫ്രിക്കൻ രാജ്യങ്ങള്‍ക്കു നല്‍കിയത് 2.6 മില്യൺ ഡോളറിന്റെ സഹായം
പ്രവാചകശബ്ദം 25-07-2025 - Friday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍മാരുടെ സോളിഡാരിറ്റി ഫണ്ട് വഴി 32 ആഫ്രിക്കൻ രാജ്യങ്ങള്‍ക്കായി ധനസഹായം. ദാരിദ്ര്യം ഏറെയുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വിവിധ മേഖലകളിലായി 96 അജപാലന പദ്ധതികളെ പിന്തുണയ്ക്കുന്നതിനായാണ് 2.6 മില്യൺ ഡോളർ നല്‍കിയതെന്ന് മെത്രാന്‍ സമിതി അറിയിച്ചു. അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ സോളിഡാരിറ്റി ഫണ്ടിലേക്കുള്ള രാജ്യത്തെ കത്തോലിക്ക സമൂഹത്തിന്റെ സമ്മാനം സാർവത്രിക സഭയ്ക്കുള്ളിൽ ഐക്യത്തിന്റെ ആത്മാവ് നിലനിർത്താൻ സഹായിക്കുന്നുവെന്ന് സമിതി പ്രത്യാശ പ്രകടിപ്പിച്ചു.
ആഫ്രിക്കയിലെ സഭയ്ക്കുള്ള സോളിഡാരിറ്റി ഫണ്ട് രാജ്യത്തെ കത്തോലിക്കർക്ക് ആത്മീയവും സാമൂഹികവുമായ ശുശ്രൂഷകൾ നിർവഹിക്കാൻ ഊര്‍ജ്ജം പകരുമെന്നു ആഫ്രിക്കയിലെ സഭയ്ക്കു വേണ്ടിയുള്ള ബിഷപ്പുമാരുടെ ഉപസമിതിയുടെ ചെയർമാൻ ആർച്ച് ബിഷപ്പ് തോമസ് സിങ്കുല പറഞ്ഞു. ആയിരക്കണക്കിന് ആഫ്രിക്കൻ വൈദികര്‍ അമേരിക്കൻ ഐക്യനാടുകളിലെ ഇടവകകളിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും ആഫ്രിക്കൻ സഭ ആത്മീയ തലത്തില്‍ അമേരിക്കൻ സഭയ്ക്ക് ഉദാരമായി സംഭാവന നൽകുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് സിങ്കുല ചൂണ്ടിക്കാട്ടി.
ദക്ഷിണ സുഡാനിൽ സമാധാന നിർമ്മാണം, സാംബിയയിൽ മതബോധന പരിശീലനം, മറ്റ് രാജ്യങ്ങളിലെ വിവിധ പദ്ധതികൾക്ക് ധനസഹായം എന്നിവ നൽകി. രാജ്യത്തുടനീളമുള്ള രൂപതകളുടെ പിന്തുണയോടെ #iGiveCatholicTogether എന്ന ധനശേഖരണ പരിപാടിയിലൂടെയാണ് തുക സ്വരുകൂട്ടുന്നത്. 2023-ല്‍ നല്കിയ ധനസഹായത്തേക്കാള്‍ 500,000 ഡോളർ അധികമായി ഇത്തവണ നല്‍കിയിട്ടുണ്ട്. ഗ്രാന്റ് പദ്ധതികളില്‍ 28% വര്‍ദ്ധനവാണ് നല്‍കിയിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
