Faith And Reason
ഹൈന്ദവ വേദങ്ങളിലൂടെ ഏകരക്ഷകനെ തിരിച്ചറിഞ്ഞ് ക്രിസ്തുവിന്റെ ധീരപോരാളിയായ അരവിന്ദാക്ഷ മേനോന്റെ സമ്പൂര്‍ണ്ണ ജീവിതകഥ
അരവിന്ദാക്ഷ മേനോന്‍/ പ്രവാചകശബ്ദം 20-04-2023 - Thursday
ഇന്നലെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട പ്രമുഖ വചനപ്രഘോഷകന്‍ അരവിന്ദാക്ഷ മേനോന്റെ ശക്തമായ അനുഭവസാക്ഷ്യം താഴെ നല്‍കുന്നു. പില്‍ക്കാലത്ത് അദ്ദേഹം തന്നെ എഴുതിയ ജീവിതക്കഥ നമ്മുടെ വിശ്വാസ ജീവിതത്തിന് കൂടുതല്‍ ബലം പകരുമെന്നും ക്രിസ്തു എന്ന നിത്യസത്യത്തില്‍ ആഴപ്പെടുവാന്‍ സഹായകരമാകുമെന്നും തീര്‍ച്ച. അരവിന്ദാക്ഷ മേനോന്റെ അനുമതിയോട് കൂടി പ്രവാചകശബ്ദത്തില്‍ വിവിധ ഭാഗങ്ങളായി ഇത് പ്രസിദ്ധീകരിച്ചിരിന്നു. താഴെ നല്‍കുന്നത് യാഥാസ്ഥിതികമായ നായര്‍ തറവാട്ട് കുടുംബത്തില്‍ നിന്ന്‍ ക്രിസ്തുവിനെ കണ്ടെത്തിയ അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷ്യമാണ്.
ബാല്യം, കൗമാരം, യൗവനം
എന്‍റെ പേര് അരവിന്ദാക്ഷ മേനോൻ.
കോട്ടയത്തിനടുത്ത് കുമരകം എന്ന ഗ്രാമത്തില്‍ വളരെ വളരെ യാഥാസ്ഥിതികമായ ഒരു നായര്‍ തറവാട്ടിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. കുട്ടിക്കാലം മുതല്‍ തന്നെ രാമായണം, മഹാഭാരതം, മഹാഭാഗവതം തുടങ്ങിയ മതഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കുവാനും ഇതിഹാസ കഥകള്‍ കേട്ടുവളരുവാനുമുള്ള അവസരം എനിക്കു ലഭിച്ചു. എപ്പോഴും മറ്റുള്ളവരെ സ്നേഹിക്കുക, മറ്റുള്ളവര്‍ക്കുവേണ്ടി ചിന്തിക്കുക, മറ്റുള്ളവര്‍ക്കു വേണ്ടി പണിയെടുക്കുക, സ്വാര്‍ത്ഥ മോഹങ്ങളില്ലാതെ ജീവിക്കുക തുടങ്ങി പല നല്ല ഗുണങ്ങളും എനിക്കേറെയുണ്ടായിരുന്നു.
പതിനെട്ടാമത്തെ വയസ്സില്‍ ഞാന്‍ എന്‍റെ സാമാന്യ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കേന്ദ്ര ഗവണ്‍മെന്‍റ് സര്‍വീസില്‍, കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ വാണിജ്യ വകുപ്പിനു കീഴിലുള്ള റബ്ബര്‍ ബോര്‍ഡ് എന്ന സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീടുള്ള ഇരുപതു വര്‍ഷത്തെ എന്‍റെ ജീവിതം ഇതുപോലെയൊരു സാക്ഷ്യത്തിലൊന്നും എടുത്തു പറയത്തക്ക യാതൊരു പ്രത്യേകതകളുമുള്ള ജീവിതമായിരുന്നില്ല. ഒരു സാധാരണ ജീവിതം! പക്ഷെ മുന്‍പു പറഞ്ഞതുപോലെയുള്ള നല്ല ഗുണങ്ങള്‍ എനിക്കേറെയുണ്ടായിരുന്നതു കൊണ്ട് എനിക്ക് ചുറ്റുമുള്ളവര്‍, എന്‍റെ സഹപ്രവര്‍ത്തകര്‍ വളരെ പെട്ടെന്ന്‍ എന്‍റെ സ്നേഹിതന്മാരായി മാറി. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജോലിക്കാരുടെ, ഉദ്യോഗസ്ഥന്മാരുടെ സംഘടനയുടെ നേതാവായിത്തീര്‍ന്നു ഞാന്‍. രാഷ്ട്രീയ പ്രേരിതമായ ഈ സംഘടനയിലൂടെ ഞാന്‍ ഇന്ത്യന്‍ കമ്മ്യുണിസ്റ്റു പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. ആ പാര്‍ട്ടിയിലെ ഒരു സജീവ പ്രവര്‍ത്തകനായി. ഒട്ടും താമസിയാതെ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശികമായി ഒരു നേതാവായിത്തീരാനും എനിക്ക് കഴിഞ്ഞു.
അപ്രതീക്ഷിതമായ ജോലി നഷ്ട്ടപ്പെടല്‍
അങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ നാട്ടുകാരുടെയും സംഘടനാ പ്രവര്‍ത്തനത്തിലൂടെ സഹപ്രവര്‍ത്തകരുടെയും സ്നേഹവിശ്വാസങ്ങളാര്‍ജ്ജിച്ച് വളരെ സന്തോഷത്തോടെ സമാധാനത്തോടെ ഞാന്‍ ഇരുപതു വര്‍ഷം ജീവിച്ചു. ഇതിനിടെ ഞാന്‍ വിവാഹിതനായി. എനിക്കു രണ്ടു പെണ്‍കുഞ്ഞുങ്ങളുണ്ടായി. വളരെ സന്തുഷ്ടമായ കുടുംബ ജീവിതം! അതും ഈ കാലയളവില്‍ എനിക്കു ലഭിച്ചു. സന്തോഷപ്രദമായ ഈ ഇരുപതു വര്‍ഷത്തെ ജീവിതത്തിനു ശേഷം ഒരു ദിവസം വളരെ അപ്രതീക്ഷിതമായി എനിക്ക് എന്‍റെ ജോലി നഷ്ടപ്പെട്ടു. രാഷ്ട്രീയമായ കാരണങ്ങള്‍! കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം, പാര്‍ട്ടിയിലെ എന്‍റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം പരോക്ഷമായ കാരണങ്ങള്‍! പ്രത്യക്ഷമായി സ്ഥാപനത്തിലുണ്ടായ ഒരു വലിയ സമരം, സമരത്തിനു ഞാന്‍ കൊടുത്ത നേതൃത്വം, ഇതെല്ലാം കാരണം കാണിച്ച് എന്‍റെ അധികാരികള്‍ എന്നെ ജോലിയില്‍ നിന്ന്‍ പിരിച്ചുവിട്ടു.
പത്തിരുപതു വര്‍ഷക്കാലം മറ്റുള്ളവരുടെ സ്നേഹത്തിനും മറ്റുള്ളവരുടെ വിശ്വാസത്തിനും മറ്റുള്ളവരുടെ പ്രശംസയ്ക്കും പ്രീതിക്കും മുന്‍തൂക്കം കൊടുത്തു ജീവിച്ചതുകൊണ്ട് സാമ്പത്തികമായി എന്‍റെ ജീവിതം ഒരിക്കലും ഭദ്രമായിരുന്നില്ല. എന്നും പിന്നോക്കമായിരുന്നു. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന ഒരു കുടുംബത്തിന് അപ്രതീക്ഷിതമായി അതിന്‍റെ വരുമാനം നഷ്ടപ്പെട്ടു പോയാലുണ്ടാകുന്ന ബുദ്ധിമുട്ട്! വിശദീകരിക്കേണ്ട കാര്യമില്ല. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ ജീവിതം ദാരിദ്ര്യപൂര്‍ണ്ണമായിത്തീര്‍ന്നു. ദുഃഖപൂര്‍ണ്ണമായിത്തീര്‍ന്നു. ഓരോ ദിവസത്തെ ഞങ്ങളുടെ ജീവിതവും ഓരോ കഥയായി മാറി. പൂര്‍ണ്ണമായ നിരാശയുടെ കഥ!എന്‍റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒരുനേരത്തെ ആഹാരത്തിനുള്ള വകപോലും സമ്പാദിച്ചു കൊടുക്കാന്‍ എനിക്ക് കഴിയാതെ വരുന്നതിലുള്ള നിരാശയുടെ കഥ!
എന്നെ സ്നേഹിക്കുകയും എന്നെ വിശ്വസിക്കുകയും ഒക്കെ ചെയ്തിരുന്നു എന്ന്‍ ഞാന്‍ വിശ്വസിച്ചിരുന്ന എന്‍റെ സുഹൃത്തുക്കള്‍, എന്‍റെ സഹപ്രവര്‍ത്തകര്‍, ഒരു ദിവസംകൊണ്ട് അവരെന്നെ പൂര്‍ണ്ണമായി അവഗണിച്ചു. എന്നെ കാണുമ്പോള്‍ പല സ്നേഹിതരും വഴി മാറി നടക്കും. ഞാന്‍ എന്തെങ്കിലും സഹായം ചോദിച്ചാലോ എന്നു ഭയപ്പെട്ടിട്ടാണ്. വേദനാജനകമായ ഈ അവഗണനയുടെ കഥ! ഇതിലൊക്കെ ഉപരിയായി എവിടെവച്ചു കാണുമ്പോഴും തറവാടിന്‍റെ അഭിമാനമെന്നു പറഞ്ഞ് എന്നെ വിശേഷിപ്പിച്ചു പുകഴ്ത്തിയിരുന്ന എന്‍റെ ബന്ധുക്കള്‍, എന്‍റെ വീട്ടുകാര്‍! ഒരു ദിവസം കൊണ്ട് ഞാന്‍ അവര്‍ക്കു കള്ളനും കുരുത്തം കെട്ടവനും തെമ്മാടിയുമൊക്കെയായി മാറി. സ്വന്തം പ്രവര്‍ത്തി ദോഷം കൊണ്ട് ഒന്നാന്തരമൊരു ജോലിയുണ്ടായിരുന്നതു കളഞ്ഞുകുളിച്ച തെമ്മാടി എന്നു പറഞ്ഞെന്നെ അധിക്ഷേപിക്കുവാന്‍ തുടങ്ങി. ഈ അപമാനത്തിന്‍റെ കഥ!
മദ്യപാനത്തിലാണ്ടുപോയ നാളുകള്‍
ഇങ്ങനെ ഓരോ ദിവസത്തെ ജീവിതവും ദുഃഖത്തിന്‍റെയും വേദനയുടെയും അപമാനത്തിന്‍റെയും കഥകളായി മാറിയപ്പോള്‍ സാധാരണ പുരുഷന്മാര്‍ക്കുണ്ടാകുന്ന ഒരു ദൗര്‍ബല്യം! അതും എന്നെ ബാധിച്ചു. മുപ്പത്തിഎട്ടാമത്തെ വയസ്സു വരെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായി സംഘടനാ നേതാവായി മാതൃകാ പുരുഷനായി മദ്യത്തിന്‍റെ രുചിയോ ഗന്ധമോ എന്താണെന്നറിയാതെ ജീവിച്ച ഞാന്‍ മുപ്പത്തി എട്ടാമത്തെ വയസ്സില്‍ ഒരു തികഞ്ഞ മദ്യപാനിയായി മാറി. ദാരിദ്ര്യ ദുഃഖം അനുഭവിക്കുന്ന ഒരു കുടുംബത്തിലേക്ക് കുടുംബ നാഥന്‍ കുടിച്ച് ലക്കുകെട്ട് വന്നാലുണ്ടാകുന്ന ഒരു ബുദ്ധിമുട്ട്! അതും വിശദീകരിക്കേണ്ട വിഷയമല്ല. കുടുംബകലഹം! ഈ കുടുംബകലഹം കൂടിയായപ്പോള്‍ എന്‍റെ തകര്‍ച്ച പൂര്‍ത്തിയായി.
ഇങ്ങനെ ജീവിതം തകര്‍ന്ന്‍ വഴിമുട്ടുമ്പോഴാണ് സാധാരണ എല്ലാവരും ദൈവത്തെക്കുറിച്ച് ആലോചിക്കുന്നത്.
ഞാനും ദൈവത്തെക്കുറിച്ച് ആലോചിക്കുവാന്‍ തുടങ്ങി. ദൈവത്തെക്കുറിച്ച് ആലോചിക്കുവാന്‍ ദൈവത്തിലേക്കു തിരിയുവാന്‍ വളരെ എളുപ്പം! കാരണം ആത്മീയമായി വലിയ ഒരു പശ്ചാത്തലമുള്ള ഒരു തറവാടാണ് എന്‍റേത്. സ്വന്തമായി മൂന്നു ക്ഷേത്രങ്ങളുണ്ട് എന്‍റെ തറവാട്ടില്‍! വീട്ടുവളപ്പില്‍ത്തന്നെ രണ്ടു ക്ഷേത്രങ്ങള്‍! ഈ ക്ഷേത്രങ്ങളില്‍ കുടിയിരിക്കുന്ന ദൈവങ്ങള്‍ക്ക് ഭരദേവതമാര്‍ എന്നു പറയും. ഭരദേവതമാരുടെ ക്ഷേത്രങ്ങളില്‍ പോയി ഞാന്‍ മനം നൊന്തു പ്രാര്‍ത്ഥിച്ചു. വിധിപ്രകാരമുള്ള എല്ലാ നേര്‍ച്ചകാഴ്ചകളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. ആഴ്ചകളോളം മാസങ്ങളോളം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും. ചെലവഴിച്ചു. പക്ഷെ എന്‍റെ ദുഃഖങ്ങള്‍ക്ക് എന്‍റെ കഷ്ടപ്പാടുകള്‍ക്ക്, എന്‍റെ ദാരിദ്ര്യത്തിന് ഒരു കുറവും ഉണ്ടായില്ല.
ദൈവത്തിന്‍റെ അനുഗ്രഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിട്ട് അതു കിട്ടാതെ വരുമ്പോള്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ ചെയ്യുന്ന മറ്റൊരു കാര്യമുണ്ട്. ജ്യോതിഷക്കാരനെ കാണും. എന്തുകൊണ്ടാണ് ദൈവത്തിന്‍റെ അനുഗ്രഹം എനിക്ക് കിട്ടാതെ പോകുന്നത്? പ്രശ്നം വച്ചുനോക്കണം. വളരെ പ്രസിദ്ധനായ ഒരു ജ്യോത്സ്യന്‍റെ അടുത്ത് പോയി, ഞാന്‍. എന്‍റെ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകളൊക്കെ വളരെ വിശദമായി അദ്ദേഹത്തെ പറഞ്ഞു കേള്‍പ്പിച്ചു. നാലു പ്രാവശ്യം ഞാനീ ജ്യോത്സ്യന്‍റെ അടുത്തുപോയി. നാലു പ്രാവശ്യവും എന്‍റെ കഷ്ടതകള്‍ക്ക്, അദ്ദേഹം നാലു കാരണങ്ങള്‍ പറഞ്ഞു. ദൈവകോപം, ജന്മദോഷം, നക്ഷത്രദോഷം, സര്‍പ്പകോപം നാലു കാരണങ്ങള്‍ക്കും പരിഹാരക്രിയകള്‍ നിര്‍ദ്ദേശിച്ചു. വളരെയധികം പണചെലവുള്ള ബലികള്‍, പൂജകള്‍, ഹോമങ്ങള്‍! ഇല്ലാത്ത പണം കടം വാങ്ങി എല്ലാം ചെയ്തു. സ്വന്തമായി ഉണ്ടായിരുന്ന അഞ്ചു സെന്‍റു ഭൂമിയും വീടും അന്യാധീനമായി എന്നതൊഴിച്ചാല്‍ ഒരു പ്രയോജനവുമുണ്ടായില്ല.
തികഞ്ഞ നിരീശ്വരവാദിയായുള്ള ജീവിതം
ദൈവത്തിലുള്ള എന്‍റെ വിശ്വാസം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. ഞാന്‍ ഒരു നിരീശ്വരവാദിയായി മാറി. നിങ്ങള്‍ക്കറിയാം കേരളത്തില്‍ വളരെ പ്രസിദ്ധമായ നിരീശ്വരവാദികളുണ്ട്. അവര്‍ക്കവരുടെ സംഘടനയുണ്ട്, പ്രസ്ഥാനമുണ്ട്. യുക്തിവാദിസംഘം ഇതിന്‍റെ ചില നേതാക്കന്മാരെയൊക്കെ ഈ സമയത്തു കണ്ടു മുട്ടുവാനിടയായി. എന്‍റെ കഥയൊക്കെ കേട്ടിട്ട് അവര്‍ പറഞ്ഞു: "നിങ്ങള്‍ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ്, നിങ്ങളെ ഒന്നും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്കിനി സാമൂഹ്യമായി ഒരു ബാദ്ധ്യതയുണ്ട്. ഈ സമൂഹത്തോട് ഒരു കടമയുണ്ട്. ദൈവത്തിന്‍റെ നാമത്തില്‍ നിങ്ങള്‍ക്കുണ്ടായ അപകടങ്ങളൊന്നും മറ്റുള്ളവര്‍ക്കുണ്ടാകാതെ നോക്കണം. അതാണു നിങ്ങളുടെ കടമ." അതെനിക്ക് ബോദ്ധ്യപ്പെട്ടു. എന്നും മറ്റുള്ളവരുടെ നന്മയാണെന്‍റെ ലക്ഷ്യം ഞാനൊരു കമ്മ്യുണിസ്റ്റുകാരനാണ്. എന്നിലെ കമ്മ്യൂണിസ്റ്റുകാരന്‍ ഉയിര്‍ത്തെഴുന്നേറ്റു. മൂന്നു വര്‍ഷക്കാലം കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ നടന്ന്‍ ദൈവമില്ല എന്ന്‍ പ്രസംഗിച്ചുകൊണ്ടു നടന്നു ഞാന്‍. "ദൈവമില്ല, ദൈവം മിഥ്യയാണ് വെറും തോന്നലാണ്. മനുഷ്യന്‍റെ സൃഷ്ടിയാണ് മനുഷ്യന്‍. മനുഷ്യനെ ചൂഷണം ചെയ്യാന്‍ വേണ്ടി ഉണ്ടാക്കി വച്ചിരിക്കുന്ന സംവിധാനമാണ്, തട്ടിപ്പാണ്. ആരും അതിലൊന്നും വീണു പോകരുത്". ഇങ്ങനെയൊക്കെ ആഹ്വാനം ചെയ്തു കൊണ്ട് പ്രസംഗിച്ചു നടന്നു.
ഈ മൂന്നു വര്‍ഷം ദൈവനിഷേധം പറഞ്ഞുകൊണ്ടാണു നടന്നതെങ്കിലും ഈ മൂന്നു വര്‍ഷം എന്‍റെ ജീവിതത്തില്‍ വലിയ ദൈവാനുഗ്രഹത്തിന്‍റെ കാലഘട്ടമായി മാറി എന്നാണെന്‍റെ അനുഭവം. കാരണം ധാരാളം പുസ്തകങ്ങള്‍ വായിക്കുവാനുള്ള അവസരമുണ്ടായി. സാംസ്കാരിക നായകന്മാര്‍ എന്നു നമ്മള്‍ വുശേഷിപ്പിക്കുന്ന വലിയ വലിയ ആളുകള്‍! എഴുത്തുകാര്‍, ബുദ്ധിജീവികള്‍ ഇവരൊക്കെയായി അടുത്ത് പരിചയപ്പെടുവാന്‍ ഇടപഴകുവാനുള്ള സന്ദര്‍ഭമുണ്ടായി. അങ്ങനെ ദൈവനിഷേധം പ്രസംഗിച്ചുകൊണ്ട് നടന്ന കാലത്ത് എനിക്കു കിട്ടിയ ഒരു സുഹൃത്ബന്ധം, ഒരു സുഹൃത്ത് എന്‍റെ ജീവിതത്തില്‍ അടിമുടി ചലനമുണ്ടാക്കി.
വഴിത്തിരിവായ കണ്ടുമുട്ടല്‍
ഒരിക്കല്‍ തമിഴ്നാട്ടിലെ സേലം എന്ന പട്ടണത്തില്‍ ദൈവനിഷേധം പറഞ്ഞു കൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് ഒരാള്‍ കാണാന്‍ വന്നു. ഒരു ബ്രാഹ്മണനായി ജനിച്ച് ദാരിദ്ര്യത്തില്‍ വളര്‍ന്ന്, സ്വന്തം അധ്വാനം കൊണ്ട് പഠിച്ച് വക്കീലായി. ജഡ്ജിയായി, ഹൈക്കോടതിയുടെ ജഡ്ജിയായി, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയി പെന്‍ഷന്‍ പറ്റി പിരിഞ്ഞ ഒരു ബ്രാഹ്മണന്‍. സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധമായ പാണ്ഡിത്യമുള്ള പണ്ഡിതനായ ഒരു ബ്രാഹ്മണന്‍. ദൈവനിഷേധം പറഞ്ഞുകൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് അദ്ദേഹമെന്നോടു പറഞ്ഞു: "തനിക്ക് ജീവിതത്തില്‍ രണ്ടു പ്രാവശ്യം തെറ്റു പറ്റി. ജീവിതത്തില്‍ വലിയ ദുഃഖവും ദുരിതവുമൊക്കെയുണ്ടായപ്പോള്‍ ദൈവത്തിലേക്കു തിരിയുന്നു എന്ന ധാരണയോടെ താന്‍ തിരിഞ്ഞത് ദൈവത്തിലേക്കൊന്നുമായിരുന്നില്ല.
ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളിലേക്കുമായിരുന്നു. തെറ്റിപ്പോയി." എനിക്ക് വലിയ അത്ഭുതം തോന്നി. ഈ മനുഷ്യന്‍ ബ്രാഹ്മണനാണ്. ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളെ പൂജിച്ച് ആ പൂജകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു വംശത്തില്‍ ജനിച്ചു വളര്‍ന്നവനാണ്. അദ്ദേഹം തന്നെ എന്നോട് പറയുന്നു: "താന്‍ ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളെ പൂജിച്ചത് തെറ്റിപോയി." രണ്ടാമത് ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളുടെ മുന്നില്‍ നെറച്ച് കാഴ്ചകള്‍ വച്ചു പൂജിച്ചിട്ട് പ്രയോജനമൊന്നും കിട്ടാതെ വന്നപ്പോള്‍ തന്‍ ദൈവനിഷേധത്തിലേക്കും നിരീശ്വര വാദത്തിലേക്കും തിരിഞ്ഞു. അതും തെറ്റിപ്പോയി. രണ്ടു തെറ്റുകളും തിരുത്തണം...
''ഞാനൊരു ഹിന്ദുവായി ജനിച്ചവനാണ്. ഹൈന്ദവനായി ജനിച്ചതില്‍ അഭിമാനിക്കേണ്ടവനാണ്. ഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കണമെങ്കില്‍ ഹിന്ദുമതത്തിന്‍റെ മതഗ്രന്ഥങ്ങള്‍ വായിക്കണം." വലിയ അഹങ്കാരത്തോടെ ഞാനദ്ദേഹത്തോടു പറഞ്ഞു: "മതഗ്രന്ഥങ്ങള്‍ വായിക്കുകയല്ല, കാണാതെ പഠിച്ചിട്ട് നടക്കുകയാണ് ഞാന്‍. രാമായണം, മഹാഭാരതം, മഹാഭാഗവതം ഏതില്‍ നിന്നു വേണമെങ്കിലും ഉറക്കത്തില്‍ വിളിച്ചു ചോദിച്ചാല്‍ മറുപടി പറയാം. അതുപോലെ അതൊക്കെ പഠിച്ചു മനസ്സില്‍ കൊണ്ടു നടക്കുകയാണ്. ഇനി അതൊന്നും വായിച്ചു രക്ഷപെടുന്ന പ്രശ്നമില്ല." അപ്പോള്‍ അദ്ദേഹം എന്നെ കളിയാക്കി. എനിക്ക് വിവരമില്ലെന്ന് പറഞ്ഞു ആദ്യം. എന്നിട്ട് പറഞ്ഞു: "താനീ പറഞ്ഞതൊന്നും മതഗ്രന്ഥങ്ങളേയല്ല. രാമായണവും മഹാഭാരതവും ഭാഗവതവുമൊന്നും മതഗ്രന്ഥങ്ങളല്ല. അവയൊക്കെ വെറും കഥപുസ്തകങ്ങളാണ്. മനുഷ്യന്‍റെ വിശ്വാസം വര്‍ധിപ്പിക്കാന്‍ വേണ്ടി മനുഷ്യന്‍ തന്നെ എഴുതിയുണ്ടാക്കിയ കഥകളാണ് ഇതിഹാസങ്ങള്‍! ഇതൊന്നുമല്ല മതഗ്രന്ഥങ്ങള്‍. ഹിന്ദുമതത്തിന്‍റെ ആധികാരികമായ മതഗ്രന്ഥങ്ങള്‍ വേദങ്ങളാണ്. എഴുതപ്പെട്ട നാലു വേദങ്ങള്‍ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ വേദം.
ആരാണു ദൈവം?
ഇതില്‍ ആദ്യത്തെ മൂന്നു വേദങ്ങളില്‍ പ്രത്യക്ഷമായും അഥര്‍വ വേദത്തില്‍ പരോക്ഷമായും ആരാണു ദൈവം? ആരാണു മനുഷ്യന്‍? എന്തിനാണു മനുഷ്യന്‍ ദൈവത്തെ ആരാധിക്കുന്നത്? എങ്ങനെയാണ് ആരാധിക്കേണ്ടത്? ഇതെല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ വായിക്കണം. തനിക്കു വെളിച്ചം കിട്ടും. സത്യം കണ്ടെത്താന്‍ കഴിയും. സമാധാനം ഉണ്ടാകും, അദ്ദേഹമെന്നെ ഉപദേശിച്ചു.
അദ്ദേഹത്തിന്‍റെ ഉപദേശം കേട്ടിട്ട് എനിക്കു ദൈവവിശ്വാസമുണ്ടായൊന്നുമില്ല. എങ്കിലും അദ്ദേഹം പറഞ്ഞതിലെന്തോ കാര്യമുണ്ട്. അതെന്താണെന്നു മനസ്സിലാക്കണം എന്ന വിചാരത്തോടെ ഞാന്‍ കോട്ടയത്തെ പബ്ലിക് ലൈബ്രറിയില്‍ നിന്നും ഋഗ്വേദത്തിന്‍റെ മലയാള പരിഭാഷ, ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് എന്ന പണ്ഡിതന്‍ എഴുതിയ ഋഗ്വേദഭാഷാ ഭാഷ്യം" ആ പുസ്തകമെടുത്തു വായിക്കുവാന്‍ തുടങ്ങി. കുറച്ചു വായിച്ചു കഴിഞ്ഞപ്പോള്‍ അദേഹം പറഞ്ഞ ഒരു കാര്യം സത്യമാണെന്ന് മനസ്സിലായി. "വെളിച്ചം കിട്ടാന്‍ തുടങ്ങി" ഹിന്ദുമതത്തിന്‍റെ ആധികാരിക മതഗ്രന്ഥമായ ഋഗ്വേദത്തില്‍ നിന്നും എനിക്കു കിട്ടിയ ആദ്യത്തെ വെളിച്ചം; "എന്‍റെ ദുഃഖത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടുകളുടെയും കാലത്ത് ഞാന്‍ ഏതൊക്കെ ദൈവങ്ങളുടെ മുന്നില്‍ പോയി നേര്‍ച്ച കാഴ്ചകള്‍ കൊടുത്തു പ്രാര്‍ത്ഥിച്ചിട്ടുണ്ടോ, അവരാരും ദൈവങ്ങളല്ല എന്നു മനസ്സിലായി. അങ്ങനെ ദൈവങ്ങളില്ല. ഹിന്ദുമതത്തിന്‍റെ ആധികാരിക മതഗ്രന്ഥമായ ഋഗ്വേദത്തില്‍ പ്രപഞ്ച സ്രഷ്ടാവായ ഏകദൈവത്തെക്കുറിച്ചു മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ,
ഉടലെടുത്ത ചോദ്യങ്ങള്‍
"ഏകം സത് വിപ്രാ, ബഹുധാവദന്തി"
(സത്യമായ ദൈവം ഒന്നേയുള്ളൂ.പണ്ഡിതന്‍മാര്‍ അതിനെ പല രൂപങ്ങളില്‍ കാണുന്നു എന്നുമാത്രം!)
ദൈവം ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവാണ്. സകല സൃഷ്ടികള്‍ക്കും പിതാവാണ്. ഭൂമിയിലെ സകല മനുഷ്യവംശങ്ങള്‍ക്കും ആദിപിതാവായ, പരമ പിതാവായ ഈശ്വരന്‍, ബ്രഹ്മം! അങ്ങനെ ഒരേയൊരു ദൈവമേയുള്ളൂ. ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. പരമപിതാവായ ഈശ്വരന്‍ സര്‍വവ്യാപിയാണ്. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതുകൊണ്ടു തന്നെ ദൈവത്തിനു രൂപമില്ല. അരൂപിയാണ്. അരൂപിയായ ദൈവത്തിന്‍റെ രൂപമുണ്ടാക്കാന്‍ സാദ്ധ്യമല്ലാത്തതു കൊണ്ട് ദൈവത്തിന്‍റേത് എന്നു പറഞ്ഞ് രൂപങ്ങളുണ്ടാക്കി വച്ച് വിഗഹങ്ങളുണ്ടാക്കി വച്ച്, അവയോടു പ്രാര്‍ത്ഥിക്കരുത്. തെറ്റാണ് നിഷ്പ്രയോജനമാണ്.
"മൃത്ശിലാ ധാതുദാര്‍വ്വാദി, മൂര്‍ത്താ വിശ്വമവിദ്യയാ, ക്ളിശ്യന്തി തപസാ മൂഢാ, പരാം ശാന്തീം നയാന്തിതേ"
കല്ല്, മണ്ണ്‍, മരം, ലോഹം ഇവ കൊണ്ടുണ്ടാക്കുന്ന വിഗ്രഹങ്ങളില്‍ ദൈവമുണ്ട് എന്നു വിചാരിച്ചു പ്രാര്‍ത്ഥിക്കുന്നവന്‍ മൂഢനാകുന്നു. സ്വന്തം ഭക്തി കൊണ്ട് അവന്‍ ദുഃഖം സമ്പാദിക്കുന്നു. മോചനം പ്രാപിക്കുന്നതുമില്ല. ഇങ്ങനെയുള്ള തത്വങ്ങളൊക്കെ മനസ്സിലായി, കാണിച്ചതൊക്കെയും അബദ്ധമായി എന്നും മനസ്സിലായി. വിശുദ്ധ ബൈബിളിന് എഴുപത്തിമൂന്നു പുസ്തകങ്ങളുള്ളതു പോലെ ഋഗ്വേദത്തിനു പത്തു പുസ്തകങ്ങളുണ്ട്.- പത്ത് മണ്ഡലങ്ങള്‍. ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള മണ്ഡലങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍, നിരവധി സന്ദര്‍ഭങ്ങളില്‍ ആരാണു ദൈവം, ആരാണു മനുഷ്യന്‍, മനുഷ്യന്‍ എന്തിനാണു ദൈവത്തെ ആരാധിക്കുന്നത് എങ്ങനെയാണ് ആരാധിക്കേണ്ടത് ഇതെല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. ഇതില്‍ ഒരു കാര്യം എന്‍റെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചു. പരമപിതാവായ ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്ന്‍ ഒരു പുത്രന്‍ ജനിക്കുന്നു. സകല സൃഷ്ടികള്‍ക്കും മുന്‍പേ ഉണ്ടായവന്‍ ഈ പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പുതന്നെ ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്നു പുറപ്പെട്ട് ദൈവത്തോടൊപ്പം, ദൈവത്തെപ്പോലെ തന്നെ അരൂപിയായി നിലനില്‍ക്കുന്നവന്‍ ദൈവപുത്രന്‍. ഹിരണ്യഗര്‍ഭന്‍ എന്നും പ്രജാപതി എന്നും അറിയപ്പെടുന്ന ഈ ദൈവപുത്രന്‍ യഥാസമയം ഭൂമിയില്‍ വരും. ഇഹലോകത്തില്‍ മനുഷ്യന്‍റെ പാപങ്ങള്‍ വര്‍ദ്ധിച്ച്, മനുഷ്യന് അവനവനാല്‍ പാപമോചനം നേടാന്‍ സാദ്ധ്യമല്ല എന്ന ഘട്ടമെത്തുമ്പോള്‍ അരൂപിയായ ദൈവപുത്രന്‍ മനുഷ്യനായി അവതരിക്കുന്നു.
"സോകാമയതമേധ്യം മഇദം സ്യാത്, ആത്മന്വയനേന സ്യാമിതി" (ബൃഹദരണ്യകോപനിഷത് 1:2:7).
(പ്രജാപതി പിതാവായ ദൈവത്തോട് തനിക്ക് യജ്ഞയോഗ്യമായ ഒരു ശരീരം തരണമെന്നും ആ ശരീരത്താല്‍ താന്‍ രൂപം പ്രാപിക്കട്ടെ എന്നും ആഗ്രഹിച്ചു.)
പിതാവായ ദൈവം തന്‍റെ അനന്തമായ ജ്ഞാനത്തെ സംശുദ്ധയായ സ്ത്രീയായി, കന്യകയായി, ലളിതാംബികയായി ഭൂമിയില്‍ അവതരിപ്പിച്ച് അവളില്‍ ഗര്‍ഭമായി ഭ്രൂണമായി തന്‍റെ പുത്രന്‍ പ്രജാപതിയെ ഉരുവാക്കി ജനിപ്പിച്ച് വളര്‍ത്തുന്നു. വേദവേദാംഗ ശാസ്ത്രങ്ങളില്‍ പാരംഗതനായി വളരുന്ന ദൈവപുത്രന്‍ പ്രജാപതി മനുഷ്യവംശത്തിനു സാരോപദേശങ്ങള്‍ നല്‍കുന്നു. എന്താണു പാപം, എന്താണു പുണ്യം, ഏതാണു തെറ്റ് ഏതാണു ശരി, എന്താണ് ചെയ്യേണ്ടത്. എന്താണ് ചെയ്യരുതാത്തത് എന്നു മനുഷ്യനെ ഉപദേശിച്ചു കൊണ്ട് സഞ്ചരിക്കുന്നു. മനുഷ്യന് പാപബോധം നല്‍കി, മനുഷ്യനു പാപമോചനം നല്‍കി. മനുഷ്യനെ പാപത്തില്‍ നിന്നു വീണ്ടെടുക്കുന്നതിനുള്ള ഈ യജ്ഞത്തിന്‍റെ പൂര്‍ത്തീകരണത്തിനായി ദൈവപുത്രനായ പ്രജാപതി തന്‍റെ നിയോഗ കാലത്തിനു ശേഷം സ്വയം യാഗമായിത്തീരുന്നു. ബലിയായിത്തീരുന്നു. ഋഗ്വേദത്തിന്‍റെ പത്താം മണ്ഡലം തൊണ്ണൂറാം സൂക്തം ഏഴാം മന്ത്രത്തില്‍ ദൈവപുത്രനായ പ്രജാപതി മനുഷ്യ വംശത്തിന്‍റെ പാപമോചനത്തിനായി എപ്രകാരമാണ് ബലിയായിത്തീരുന്നത് എന്ന്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ഭൂമിയില്‍ താഴ്ത്തിയ മരത്തൂണില്‍ ചേര്‍ത്ത് കരചരണങ്ങള്‍ ഇരുമ്പാണി കൊണ്ട് ബന്ധിച്ചു. രക്തം വാര്‍ന്നു മരിച്ച്, മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്ന ദൈവപുത്രനായ പ്രജാപതി!
ഋഗ്വേദത്തില്‍ കണ്ട ക്രിസ്തു
ഹൈന്ദവ മതഗ്രന്ഥമായ ഋഗ്വേദത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപമോചനത്തിനുവേണ്ടി ബലിയായിത്തീര്‍ന്നു മരിക്കുന്ന ഒരു ദൈവ പുത്രനെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്ക് വലിയ സംശയം! വലിയ ചിന്താക്കുഴപ്പം! അപ്പോള്‍ ഞാന്‍ ചില വേദപണ്ഡിതന്‍മാരെ പോയിക്കണ്ടു ചോദിച്ചു. "ആരാണ് ദൈവപുത്രന്‍, ആരാണ് പ്രജാപതി? എന്താണിതിന്‍റെ അര്‍ത്ഥം?" അതിലൊരു പണ്ഡിതന്‍ പറഞ്ഞു: "ഉണ്ട്, പ്രജാപതി സങ്കല്പമുണ്ട്. പ്രജ എന്നു പറഞ്ഞാല്‍ മനുഷ്യന്‍; പതി എന്നു പറഞ്ഞാല്‍ രക്ഷകന്‍. മനുഷ്യന്‍റെ രക്ഷകനായി ദൈവത്തില്‍ നിന്നു ജനിക്കുന്ന ഒരു പുരുഷന്‍ വരും, ഇതുവരെ വന്നിട്ടില്ല. നാമിപ്പോഴും പ്രതീക്ഷിക്കുകയാണ്." ഈ സമയമത്രയും യേശുക്രിസ്തുവിന്‍റെ രൂപം എന്‍റെ മനസ്സിലുണ്ട്. എന്നാല്‍ എന്നിലെ ശക്തനായ ഹിന്ദു അതംഗീകരിക്കാന്‍ തയാറായില്ല. അങ്ങനെയൊന്നു ചിന്തിക്കുവാന്‍ പോലും തയാറായില്ല. എങ്കിലും ഞാന്‍ ഒരു ഹിന്ദു മാത്രമല്ല, ഞാന്‍ നിരീശ്വരവാദിയാണ്, യുക്തിവാദിയാണ്. ആ ഒരു തന്‍റേടത്തില്‍ ഞാന്‍ ആ പണ്ഡിതനോടു ചോദിച്ചു: "യേശുക്രിസ്തുവിനെക്കുറിച്ചെങ്ങാനുമായിരിക്കുമോ ഈ പരാമര്‍ശം?"
"അങ്ങനെ ചിന്തിക്കാനെന്താ കാര്യം?" ഞാന്‍ പറഞ്ഞു: "ലക്ഷണങ്ങള്‍!" ഋഗ്വേദത്തില്‍ രണ്ടു ലക്ഷണങ്ങള്‍ പറയുന്നുണ്ട്, ദൈവ പുത്രനായ പ്രജാപതിയുടെ രണ്ട് ലക്ഷണങ്ങള്‍!
ഒന്ന്‍: "ദൈവപുത്രനായ പ്രജാപതി രൂപത്തില്‍ മനുഷ്യനും, പ്രകൃതത്തില്‍ ദൈവം തന്നെയുമായിരിക്കും."
രണ്ട്: ദൈവപുത്രനായ പ്രജാപതി മനുഷ്യ രൂപത്തില്‍ ഭൂമിയില്‍ വന്ന്‍, മനുഷ്യ വംശത്തിന്‍റെ പാപം മുഴുവന്‍ സ്വന്ത ശരീരത്തില്‍ ആവഹിച്ച് ബലിയായിത്തീര്‍ന്ന്‍ യാഗമായിത്തീര്‍ന്നു മരിക്കും. പക്ഷെ ദൈവപുത്രനായതുകൊണ്ട് മരണമില്ലാത്തവനാണ് അമരനാണ്. അതുകൊണ്ട് യാഗശേഷം വീണ്ടും ജീവനെ പ്രാപിക്കും."
യജുര്‍വേദത്തിന്‍റെ ബ്രാഹ്മണ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തില്‍ യാഗത്തെക്കുറിച്ച് ഏഴ് യാഗവിധികളുണ്ട്.
ഒന്ന്‍: യാഗസമയത്ത് ബലിപുരുഷന്‍റെ തലയില്‍ ബലൂസിച്ചെടിയുടെ വള്ളികള്‍ കൊണ്ട് മെനഞ്ഞ ഒരു കിരീടം ധരിപ്പിക്കണം (ബലൂസി: മുള്ളുകളുള്ള ഒരു കാട്ടുവള്ളി)
രണ്ട്: കരചരണങ്ങളില്‍ ഇരുമ്പാണിയടിച്ച് യുപത്തില്‍ ബന്ധിക്കണം (യുപം: യാഗശാലയില്‍ ബലിമൃഗത്തെ ബന്ധിക്കാന്‍ വേണ്ടി ഭൂമിയില്‍ താഴ്ത്തിയ മരത്തൂണ്)
മൂന്ന്‍: അപ്രകാരം ബന്ധിക്കുമ്പോള്‍ ബലിപുരുഷന്‍റെ അസ്ഥികള്‍ തകര്‍ന്നു പോകാന്‍ പാടില്ല.
നാല്: മരണത്തിനു മുമ്പ് ബലി പുരുഷന് "സോമരസം" - പുളിച്ച മദ്യം കുടിക്കാന്‍ കൊടുക്കണം.
അഞ്ച്: മരണശേഷം ബലിപുരുഷനെ പുതപ്പിച്ച 'കച്ച' - വസ്ത്രം ഹോതാക്കള്‍ പങ്കിട്ടെടുക്കണം.
ആറ്: മരണശേഷം ബലിപുരുഷന്‍റെ ശരീരം-മാംസം- ഭക്ഷിക്കപ്പെടണം.
ഏഴ്: മരണശേഷം ബലിപുരുഷന്‍റെ രക്തം പാനം ചെയ്യപ്പെടണം.
ഈ ഏഴ് യാഗവിധികളും- ഹൈന്ദവ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തില്‍ പറയുന്ന ഏഴ് യാഗവിധികളും നസ്രായനായ യേശുവിന്‍റെ ക്രൂശീകരണത്തില്‍ കൃത്യമായി പാലിക്കപ്പെട്ടു എന്നും അതുകൊണ്ടുതന്നെ യേശുവിന്‍റെ മരണം ഒരു സാധാരണ മരണമല്ല, യഥാര്‍ത്ഥ യാഗമാണ്, യാഗവിധി പ്രകാരം നടന്ന യാഗമാണ് എന്ന്‍ ഈയിടെ ഒരാള്‍ പ്രസംഗിച്ചു, ഞാന്‍ കേട്ടു. അതുകൊണ്ടാണു സംശയം. പണ്ഡിതന്‍ പറഞ്ഞു: "അങ്ങനെ വരാന്‍ വഴിയില്ല. യേശുവിന്‍റെ മരണം അങ്ങു പാശ്ചാത്യ ദേശത്തല്ലേ, ജറുസലേമിലോ മറ്റോ ഇവിടെയങ്ങുമല്ലല്ലോ." അറിയാതെ ഒരു കുരുത്തക്കേട് ഞാനാ പണ്ഡിതനോടു പറഞ്ഞു പോയി - പറയരുതായിരുന്നു എന്ന്‍ പിന്നീട് തോന്നി. ആ മനുഷ്യന്‍റെ ദേഷ്യം കണ്ടപ്പോള്‍ "ഇവിടെയായിരിക്കണം എന്നു വേദത്തിലൊന്നും പറഞ്ഞിട്ടില്ല. ദൈവം, മനുഷ്യന്‍, ഭൂമി മൂന്നു പരാമര്‍ശങ്ങളെയുള്ളൂ. ഭൂമിയിലെവിടെ വേണമെങ്കിലുമാകാം, ജെറുസലേമിലുമാകാം" ഇതു പറഞ്ഞപ്പോള്‍ ആ പണ്ഡിതൻ എന്‍റെ നേരെ ചൂടായി. "ഇതു മതപരമായ കാര്യമാണ്. ദൈവകാര്യമാണ്. ദുഃസ്തര്‍ക്കം പാടില്ല, തന്‍റെ യുക്തിവാദമൊന്നും എന്‍റെ അടുത്തിറക്കരുത് പൊയ്ക്കൊള്ളുക"
മനസ്സില്‍ ഈ സംശയങ്ങളുമായി പിന്നീട് ഞാൻ പോയത് എന്നെ വേദം വായിക്കുവാന്‍ പ്രേരിപ്പിച്ച, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ആ ബ്രാഹ്മണ പണ്ഡിതന്‍റെ അടുത്തേയ്ക്കാണ്. ഞാൻ അദ്ദേഹത്തോടു പറഞ്ഞു: "സംശയമായിരിക്കുന്നു." ആദ്യം അദ്ദേഹം പറഞ്ഞു: "ഇതു മലയാളത്തിലല്ലേ എഴുതിയിരിക്കുന്നത്, തനിക്കു മനസ്സിലായില്ലേ?" ഞാന്‍ പറഞ്ഞു: "മനസ്സിലാകുന്നൊക്കെയുണ്ട് പക്ഷെ സംശയം തോന്നുന്നു."
സഹോദരങ്ങളെ, ഹിന്ദുവായി ജനിച്ച് ഹിന്ദുവായി ജീവിച്ച ആ മനുഷ്യന്‍! ഒരു ബ്രാഹ്മണനായി ജീവിച്ച് ബ്രാഹ്മണനായി തന്നെ ജീവിച്ച ആ മനുഷ്യന്‍! അദ്ദേഹമെന്നോടു പറഞ്ഞു: "സംശയിക്കാനൊന്നുമില്ല! ലോകമറിഞ്ഞ് മനുഷ്യനറിഞ്ഞ് ഭൂമിയില്‍ വന്ന്‍ മനുഷ്യ വംശത്തിന്‍റെ പാപമോചനത്തിനും വീണ്ടെടുപ്പിനുമായി പരിശ്രമിച്ച് ആ പരിശ്രമത്തിന്‍റെ അവസാനം സ്വയം യാഗമായിത്തീര്‍ന്ന ഒരാളേയുള്ളൂ. അത് യേശുക്രിസ്തുവാണ്."
അദ്ദേഹത്തിന്‍റെ ഈ ഉപദേശം കേട്ടപ്പോള്‍ സത്യത്തില്‍ എനിക്കോര്‍മ്മ വന്നത് - എന്‍റെ മനസ്സിലേക്കു വന്നത് എന്‍റെ ഭാര്യ തന്നെയാണ്. വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാത്ത ഒരു നാട്ടിന്‍പുറത്തുകാരി. വിവാഹം കഴിഞ്ഞ് എന്‍റെ വീട്ടിലേക്കു വന്നു കഴിഞ്ഞപ്പോള്‍ അവള്‍ എന്നോടൊരു നിവേദനം നടത്തി...
എന്നെപ്പോലെ തന്നെ ഒരു ഹൈന്ദവ കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നത്; പക്ഷെ അവളുടെ വീടിനടുത്തുള്ള എല്ലാ വീടുകളും ക്രിസ്ത്യാനികളുടെ വീടുകളായിരുന്നു. വെറും ക്രിസ്ത്യാനികള്‍ എന്നു പറഞ്ഞാല്‍ പോരാ വളരെ യാഥാസ്ഥിതികരായ റോമന്‍ കത്തോലിക്കരായ ക്രിസ്ത്യാനികള്‍ എല്ലാ വീട്ടിലും ഒരച്ചനും രണ്ടും മൂന്നും കന്യാസ്ത്രീകളുമുണ്ട്. കൂടെപ്പഠിച്ചവരില്‍ പലരും അച്ചന്‍മാരാകാനും കന്യാസ്ത്രീകളാകാനും പഠിക്കാന്‍ പോയിരിക്കുകയാണ്. പഠിപ്പ് മുഴുവന്‍ കോണ്‍വെന്‍റെ് സ്കൂളില്‍ കന്യാസ്ത്രീകളുടെ കീഴില്‍, ഇങ്ങനെയുള്ള വീടുകളുമായുള്ള സംസര്‍ഗ്ഗത്തിലും സഹവാസത്തിലും കുട്ടിക്കാലം മുതല്‍ എന്‍റെ ഭാര്യ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നു. ദിവസവും കുരിശു വരയ്ക്കുകയും പ്രാര്‍ത്ഥിക്കുകയുമൊക്കെ ചെയ്യും. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോയി കുര്‍ബാന കാണും. അതിലൊന്നും വിരോധം തോന്നരുത്. തടസ്സപ്പെടുത്തരുത് എന്നായിരുന്നു എന്നോടുളള കുമ്പസാരം.
നിരീശ്വരവാദിയാണ്, എനിക്കീവക വിശ്വാസമൊന്നുമില്ല
ഞാന്‍ പറഞ്ഞു: "ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ്, നിരീശ്വരവാദിയാണ് എനിക്കീവക വിശ്വാസമൊന്നുമില്ല. ഞാന്‍ പള്ളിയിലും പോകാറില്ല. എങ്കിലും മറ്റൊരാളുടെ വിശ്വാസത്തെ ഞാനൊരിക്കലും ചോദൃം ചെയ്യില്ല. അതുകൊണ്ട് തനിക്ക് തന്‍റെ വിശ്വാസമാകാം എനിക്കൊരു വിരോധവുമില്ല." "നിങ്ങളും കൂടിയങ്ങനെയാകണം" എന്നൊന്നു പറഞ്ഞു നോക്കി എന്‍റെ ഭാര്യ. ഞാന്‍ പറഞ്ഞു: "അതുവേണ്ട! ഒന്നാമത് ഞാന്‍ കമ്മ്യുണിസ്റ്റുകാരനാണ്. വിശ്വാസമില്ല. രണ്ടാമത് നാം ജനിച്ചു വളര്‍ന്ന ഹിന്ദുമതം അത്ര മോശമാണെന്നുള്ള അഭിപ്രായവും എനിക്കില്ല!" ഞങ്ങള്‍ക്കുണ്ടായ രണ്ടു മക്കളെയും ആ വിശ്വാസത്തില്‍ തന്നെ വളര്‍ത്തി.
പിന്നീട് എന്‍റെ ജോലിയും വരുമാനവും നഷ്ടപ്പെട്ട് ഞങ്ങളുടെ ജീവിതം വലിയ ദുഃഖത്തിലും ദുരിതത്തിലുമായി കഴിഞ്ഞപ്പോഴും എന്‍റെ ഭാര്യ പറഞ്ഞു: "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നമ്മുടെ കുടുംബം രക്ഷ പ്രാപിക്കും." ഞാന്‍ കേട്ടില്ല. ഞാന്‍ വീണ്ടും ക്ഷേത്രങ്ങളിലേക്കു മടങ്ങി. നേര്‍ച്ച കാഴ്ചകളും പ്രാര്‍ത്ഥനയും വഴിപാടുമൊക്കെയായി നടന്നു. ഈ ദേവീ ദേവന്മാരുടെ വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ നിന്ന്‍ യാതൊരു പ്രയോജനവുമില്ലാതെ നിരാശനായി ദുഃഖിതനായി മടങ്ങി വന്നപ്പോഴും എന്‍റെ ഭാര്യ പറഞ്ഞു: "കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക; നമ്മുടെ കുടുംബം രക്ഷ പ്രാപിക്കും" ഞാന്‍ കേട്ടില്ല എന്നു മാത്രമല്ല അവളുടെ നേരെ തട്ടിക്കയറി: "പത്തു മുപ്പത്തഞ്ചു വര്‍ഷം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും കുരിശു വരയ്ക്കുകയും കൊന്ത ജപിക്കുകയും പള്ളിയില്‍ പോവുകയും ചെയ്തിട്ട് നിനക്കെന്തു കിട്ടി? ഇതല്ലേ അനുഭവം എന്നോടിതൊന്നും പറയണ്ട."
ഞാന്‍ യുക്തിവാദിയും നിരീശ്വരവാദിയുമൊക്കെയായി നടന്നുവെങ്കിലും എന്‍റെ ഉള്ളിന്‍റെയുള്ളില്‍ ഞാന്‍ വിശ്വസിച്ചഭിമാനിച്ചിരുന്ന എന്‍റെ മതം ആ മതത്തിന്‍റെ- യഥാര്‍ത്ഥ മതഗ്രന്ഥത്തിന്‍റെ ശാസനങ്ങള്‍ ബോധനങ്ങള്‍ ഉപദേശങ്ങള്‍! സര്‍വോപരി എന്നെ ഉപദേശിക്കുന്ന ബ്രാഹ്മണനായ ആ ഗുരുനാഥന്‍റെ ഉപദേശം! എല്ലാം ചേര്‍ന്ന് എന്നെ വീണ്ടും ക്രൂശിതനായ ക്രിസ്തുവിന്‍റെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തിയപ്പോള്‍ സത്യത്തില്‍ ഞാനോര്‍ത്തത് എന്‍റെ വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഭാര്യയെയാണ് എന്നെക്കാള്‍ എത്രയോ വലിയ വിവരം! എന്നേക്കാള്‍ എത്രയോ വലിയ വിദ്യാഭ്യാസം! എന്നേക്കാള്‍ എത്രയോ വര്‍ഷം മുമ്പെ ഈ പാവം സ്ത്രീക്കു ലഭിച്ചിരിക്കുന്നു. മാത്രമല്ല ജോലിയും വരുമാനവും നഷ്ടപ്പെട്ട് ഒരു നേരത്തെ ആഹാരത്തിനുള്ള വകപോലും സമ്പാദിച്ചു കൊടുക്കാന്‍ കഴിവില്ലാത്ത കുടുംബനാഥനും ഭര്‍ത്താവുമായി അവളുടെയും കുഞ്ഞുങ്ങളുടെയും മുന്നില്‍ നിരാശനായി നിസ്സഹായനായി ഞാന്‍ നില്‍ക്കുമ്പോഴും യാതൊരു പരാതിയും പരിഭവവുമില്ലാതെ പണ്ടത്തെപ്പോലെ സ്നേഹത്തോടെ, സന്തോഷത്തോടെ എന്നോടു പെരുമാറാന്‍, എന്നെ ആശ്വസിപ്പിക്കാന്‍ പോലും ഇവള്‍ക്കു സന്മനസ്സു കൊടുത്തത് ഈ വിശ്വാസവും അതിന്‍റെ പിന്‍ബലമായ യേശുവിന്‍റെ നിറയുന്ന സ്നേഹവുമാണെന്ന് എനിക്ക് ബോധ്യമായി.
വിശുദ്ധ ബൈബിളിലേക്ക്
ജീവിതത്തില്‍ ആദ്യമായി ഞാനൊരു ബൈബിള്‍ കയ്യിലെടുത്തു വിശ്വാസത്തിലൊന്നുമല്ല. ഈ പഠനത്തിന്‍റെ ഭാഗമായി മാത്രം. ഞങ്ങള്‍ ഹിന്ദുക്കള്‍ മതഗ്രന്ഥങ്ങള്‍ വായിക്കാനെടുത്താല്‍ - വിശുദ്ധ ഗ്രന്ഥങ്ങള്‍ കൈയ്യിലെടുത്താല്‍ - ആദ്യത്തെ പേജിലെ ആദ്യത്തെ വരിമുതല്‍ വായിച്ചു തുടങ്ങുക പതിവില്ല. അങ്ങനെ വായിക്കാന്‍ പാടില്ല. വെറുതെ മറിച്ചെടുത്ത് വലത്തെ പേജില്‍ ആദ്യത്തെ എഴുവരിയും പിന്നീടുള്ള ഏഴ് അക്ഷരവും തള്ളിക്കളഞ്ഞ് ബാക്കി വായിക്കണം. അങ്ങനെ വായിക്കുമ്പോള്‍ അതില്‍ ദൈവത്തിന്‍റെ സന്ദേശം ഉണ്ടാകും. എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. ഈ വിശ്വാസത്തോടെ, ഇക്കാര്യത്തില്‍ ദൈവത്തിന് എന്നോടുള്ള സന്ദേശം എന്താണെന്നറിയണം എന്നുള്ള വിചാരത്തോടെ ഞാന്‍ ബൈബിള്‍ തുറന്നെടുത്തു. ആദ്യത്തെ ഏഴ് വരിയും ഏഴ് അക്ഷരവും തള്ളി ബാക്കി വായിച്ചു നോക്കി. എനിക്ക് കിട്ടിയ ആദ്യത്തെ ബൈബിള്‍ വാക്യം - ജീവിതത്തിലാദ്യമായി ഞാന്‍ വായിച്ച ബൈബിള്‍ വചനം, ഞാനൊരിക്കലും മറക്കുകയില്ല. അതെന്‍റെ ജീവിതത്തില്‍ വ്യക്തമായ ചലനമുണ്ടാക്കി- "മറ്റൊരുവനിലും രക്ഷയില്ല ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കായി നല്‍കപ്പെട്ട മറ്റൊരു നാമവും ഇല്ല" (അപ്പ: 4:12).
ഒരു നിമിത്തം പോലെ ഈ വാക്യം കണ്ണില്‍പെട്ടത് കൊണ്ടുമാത്രം എനിക്ക് വിശ്വാസം ഉണ്ടായില്ല. എങ്കിലും ഈ വാക്യം ഒരു ചലനമുണ്ടാക്കി. എന്‍റെ മനസ്സില്‍ എന്‍റെ മനസ്സിലെ സംശയങ്ങള്‍ക്ക്- എന്‍റെ മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഞാനുത്തരം കാണാന്‍ തുടങ്ങുകയാണ്- എനിക്ക് മറുപടി ലഭിക്കാന്‍ തുടങ്ങുകയാണ് എന്നൊരു ബോധ്യം. ഈ ബോധ്യമുണ്ടായപ്പോള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ, പഠിക്കാനുള്ള ആഗ്രഹത്തോടെ, ശ്രദ്ധയോടെ മനസ്സിരുത്തി ഉല്‍പ്പത്തി പുസ്തകം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം മുതല്‍ ഞാന്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ചെറിയ അത്ഭുതം സംഭവിക്കാനും തുടങ്ങി. ചില വാക്യങ്ങള്‍ വായിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു മണി മുഴങ്ങും. ഈ മണിമുഴക്കം കേള്‍ക്കുമ്പോള്‍ എനിക്കറിയാം. ഈ വാക്യം എനിക്ക് പുതിയതല്ല. ഈ വാക്യം ഞാന്‍ ഇതിനു മുമ്പേ വായിച്ചിട്ടുണ്ട്. പഠിച്ചിട്ടുണ്ട്. ബൈബിള്‍ ഞാനാദ്യം കാണുകയാണ്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഒരു ബൈബിള്‍ വായിക്കുന്നത്. പക്ഷെ ബൈബിളിലെ ഇതേ വാക്യം ഞാനിതിനു മുമ്പേ വായിച്ചിട്ടുണ്ട്. പഠിച്ചിട്ടുണ്ട്. എവിടെ? വേദങ്ങളില്‍! ഉപനിഷത്തുകളില്‍! അരണ്യകങ്ങളില്‍! ബ്രാഹ്മണങ്ങളില്‍! ഏതോ ഹൈന്ദവ മതഗ്രന്ഥത്തില്‍ ഞാനിതേ വാക്യം വായിച്ചിട്ടുണ്ട്. ഞാനാ പുസ്തകങ്ങളൊക്കെ മറിച്ചു നോക്കാന്‍ തുടങ്ങി. അധികമൊന്നും പരതാതെ ഏറെയൊന്നും മിനക്കെടാതെ ആ ഇണ വാക്യങ്ങള്‍ എനിക്ക് കിട്ടാനും തുടങ്ങി.
ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍
ആദ്യമൊക്കെ അതെനിക്കൊരത്ഭുതമായിരുന്നു. പിന്നീട് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ചപ്പോള്‍ അത്ഭുതമൊക്കെ പോയി. ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയായിരുന്നു എന്നെനിക്കു മനസ്സിലായി. ഹൈന്ദവ വേദങ്ങളില്‍ ഉപനിഷത്തുകളില്‍ അരണ്യകങ്ങളില്‍ ബ്രാഹ്മണങ്ങളില്‍ ഞാന്‍ വായിച്ചു പഠിച്ച വാക്യങ്ങള്‍, അതെ വാക്യങ്ങള്‍ അങ്ങനെതന്നെ വി. ബൈബിളില്‍ പ്രത്യക്ഷപ്പെടുന്നു! അതേ വാക്യങ്ങള്‍! അല്ലെങ്കില്‍ അതെ അര്‍ത്ഥത്തിലുള്ള വാക്യങ്ങള്‍! അതുമല്ലെങ്കില്‍ ചോദ്യവും ഉത്തരവുമെന്ന നിലയില്‍ ബന്ധപ്പെട്ട വാക്യങ്ങള്‍! ഹൈന്ദവമത ഗ്രന്ഥങ്ങളില്‍ ഉയര്‍ത്തിയിരിക്കുന്ന നിരവധിയായ ചോദ്യങ്ങള്‍ക്ക്, സംശയങ്ങള്‍ക്ക്, പ്രാര്‍ത്ഥനകള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ വി.ബൈബിളില്‍. ഈ താരതമ്യത്തിന്‍റെ വിശദാംശങ്ങള്‍ ഒന്നും ഇതുപോലെയൊരു സാക്ഷ്യത്തില്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം നല്‍കാം.
വി. ബൈബിളിലെ ആദ്യത്തെ പുസ്തകം ഉല്‍പ്പത്തി പുസ്തകമാണ്. പ്രപഞ്ച സൃഷ്ടിയുടെ ചരിത്രമാണ് ഉല്‍പ്പത്തി. സ്രഷ്ടാവും പിതാവുമായ ദൈവം ആറു ദിവസം കൊണ്ട് ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചു. ഇതില്‍ ഞാന്‍ ഇപ്രകാരം വായിച്ചു (ഉല്‍പ്പത്തി 1:3) ഒന്നാം ദിവസം "ദൈവം അരുളിച്ചെയ്തു വെളിച്ചമുണ്ടാകട്ടെ, അപ്പോള്‍ വെളിച്ചമുണ്ടായി." തുടര്‍ന്ന്‍ 16-ാം വാക്യത്തില്‍ നാമിപ്രകാരം വായിക്കുന്നു: "അന്ന്‍ ദൈവം സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചു. ഈ "അന്ന്‍" എന്നു പറയുന്നതു നാലാം ദിവസമാണ്. സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളെയും - നമുക്കിന്നു പ്രകാശം തരുന്ന എല്ലാ പ്രകാശ ഗോളങ്ങളെയും ദൈവം സൃഷ്ടിച്ചതു നാലാം ദിവസമാണ്. അങ്ങനെയെങ്കില്‍ ഒന്നാം ദിവസം "ഉണ്ടാകട്ടെ" എന്നരുളിചെയ്തപ്പോള്‍ ഉണ്ടായ പ്രകാശം! ഏതു പ്രകാശം? എന്ത് പ്രകാശം? വി. യോഹന്നാന്‍റെ സുവിശേഷം ഒന്നാം അദ്ധ്യായം 1 മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ ഈ ചോദ്യത്തിനുള്ള മറുപടിയുണ്ട് "ആദിയില്‍ വചനമുണ്ടായി." "ഉണ്ടാകട്ടെ" എന്നു ദൈവം ഇച്ഛിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായതു വെളിച്ചമല്ല. ദൈവത്തിന്‍റെ വചനമാണ്. ഈ വചനം വെളിച്ചമായി ഭൂമിയിലേക്കു വന്നു. വെളിച്ചമായി ഭൂമിയിലേക്കു വന്ന ദൈവവചനം മാംസം ധരിച്ച്, മനുഷ്യനായി, മനുസ്യനോടൊപ്പം വസിച്ചു. അത് ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ യേശുക്രിസ്തുവാകുന്നു. "ഉണ്ടാകട്ടെ" എന്നു ദൈവം അരുളിച്ചെയ്തപ്പോള്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവില്‍ നിന്നു പുറപ്പെട്ട് (ലൂക്കാ `1:35) വെളിച്ചമായി ഭൂമിയിലേക്കു വന്ന്‍ (യോഹ: 1:9) സകല മനുഷ്യര്‍ക്കും രക്ഷകനായിത്തീര്‍ന്ന ദൈവപുത്രന്‍, യേശുനാഥന്‍! (ലൂക്കാ 2:10,11)
ഹൈന്ദവ മതഗ്രന്ഥമായ ഋഗ്വേദം 10-ാം മണ്ഡലം, 121-ാം സൂക്തം, ഒന്നാമത്തെ മന്ത്രം:
"ഹിരണ്യ ഗര്‍ഭ: സമവര്‍ത്തതാഗ്രേ, ഭൂതസ്യജാത: പതിരേക ആസീത്, സദാധാര:പൃഥ്വി വീം ദ്യാമുതേമം, കസ്മൈ ദേവായ: ഹവിഷാ വിധേമ:"
ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്ന്‍ തന്‍റെ ഏക ജാതനായ പുത്രന്‍, ഹിരണ്യഗര്‍ഭന്‍ എന്ന പ്രജാപതി വെളിച്ചമായി ഉത്ഭവിച്ചു. ഉത്ഭവിച്ച ഉടന്‍ തന്നെ അവന്‍ സകല ലോകങ്ങള്‍ക്കും സകല ചരാചരങ്ങള്‍ക്കുമുള്ള രക്ഷകനും പരിപാലകനുമായി ഭവിച്ചു." ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്നു പുറപ്പെട്ടു വെളിച്ചമായി ഭൂമിയിലേക്കു വന്ന്‍ മനുഷ്യവംശത്തിന്‍റെ രക്ഷകനായിത്തീര്‍ന്ന ദൈവപുത്രന്‍റെ ജനനത്തെക്കുറിച്ചുള്ള മന്ത്രമാണ്.
90-ാം സൂക്തം 2-ാമത്തെ മന്ത്രം:
"പുരുഷ ഏവേദം സര്‍വ്വം, യദ്ഭുതം യച്ചഭവ്യം, ഉദാമൃതത്വസ്യഈശാന, യദാന്നേനതിരോഹതി."
"ദൈവത്തിന്‍റെ ഏക ജാതനായ പുത്രന്‍, പ്രജാപതി, കഴിഞ്ഞു പോയതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതുമായ സകലതും അവന്‍ തന്നെയാകുന്നു." ഭൂതവും വര്‍ത്തമാനവും ഭാവിയും സകലതും അവനില്‍ അടങ്ങിയിരിക്കുന്നു. വെളിപാട് പുസ്തകം 1-ാമദ്ധ്യായം 8-ാം വാക്യത്തില്‍ വി.യോഹന്നാനെഴുതി "ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ കര്‍ത്താവ്" ആയിരുന്നവന്‍ കഴിഞ്ഞു പോയത് ആയിരിക്കുന്നവന്‍ - ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്, വരാനിരിക്കുന്നവന്‍ - ഇനി വരാനിരിക്കുന്നവനുമായ കര്‍ത്താവ് - യേശുക്രിസ്തു! ഇതേ മന്ത്രത്തിന്‍റെ മൂന്നും നാലും പാദങ്ങള്‍ പറയുന്നു "അവന്‍ ജഗദവസ്ഥയെ പ്രാപിക്കുന്നത് - അവന്‍ ഭൂമിയിലേക്കു വരുന്നത് - സകല മനുഷ്യര്‍ക്കും കര്‍മ്മഫലാനുഭവം, അവരവരുടെ പ്രവര്‍ത്തിക്കനുസരിച്ച അനുഭവം നല്‍കാന്‍ വേണ്ടിയാണ്" വെളിപാട് പുസ്തകം 22-ാമദ്ധ്യായം 12-ാം വാക്യത്തില്‍ യേശുനാഥന്‍ അരുളിച്ചെയ്യുന്നു. "ഞാന്‍ ഭൂമിയിലേക്കു വരുന്നത് സകല മനുഷ്യര്‍ക്കും അവരവരുടെ പ്രവര്‍ത്തിക്കനുസരിച്ച പ്രതിഫലം നല്‍കാന്‍ വേണ്ടിയാണ്."
90-ാം സൂക്തം 7-ാമത്തെ മന്ത്രം:
"തം യജ്ഞം ബാര്‍ഹിഷിപ്രൌക്ഷന്‍, പുരുഷം ജാതമഗ്രത: തേനദേവാമയജന്ത: സാദ്ധ്യാ ഋഷയശ്ചയേ"
"ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ പ്രജാപതിയെ മന്ത്രപുതമായ ജലം തളിച്ചു ശുദ്ധീകരിച്ച് യുപത്തില്‍ (മരത്തൂണില്‍) ബന്ധിച്ചു. സാദ്ധ്യന്‍മാരും (ഭാരണാധിപന്മാരും)ഋഷിമാരും (പുരോഹിതന്മാരും) ചേര്‍ന്ന്‍ യാഗം കഴിച്ചു." നാലു സുവിശേഷ പുസ്തകങ്ങളിലും നാം വായിക്കുന്നു: ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ യേശുക്രിസ്തുവിനെ റോമാ സാമ്രാജ്യത്തിന്‍റെ പ്രതിപുരുഷന്‍ ദേശാധിപതി (ഭരണാധിപന്‍)പീലാത്തോസും യഹൂദരാജ്യത്തിന്‍റെ രാജാവ് (ഭരണാധിപന്‍) ഹേറോദേസും ഹന്നാസ് എന്നും കയ്യാഫാസ് എന്നും പേരുള്ള പുരോഹിതരുടെ നേതൃത്വത്തില്‍ ഒരു പുരോഹിതസംഘവും ചേര്‍ന്ന്‍ മരക്കുരിശിനേല്‍പിച്ചു കൊടുത്തു.
90-ാം സൂക്തം 16-ാമത്തെ മന്ത്രം പറയുന്നു:
"തമേവം വിദ്വാനമൃത: ഇഹഭവതി നാന്യപന്ഥാ, അയനായ വിദ്യതേ."
"ഈ ബലിപുരുഷനെ ഉപാസിക്കുന്നവര്‍ (ഹൃദയത്തില്‍ സ്വീകരിക്കുകയും അധരത്താല്‍ ജപിക്കുകയും ചെയ്യുന്നവര്‍)മോക്ഷം (രക്ഷ) പ്രാപിക്കുന്നു."
റോമാലേഖനം 10:8 ല്‍ വി.പൗലോസ് ശ്ലീഹാ എഴുതി: "ദൈവ പുത്രനെ ഹൃദയത്തില്‍ സ്വീകരിക്കുകയും അധരം കൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നവര്‍ രക്ഷ പ്രാപിക്കുന്നു."
ഇങ്ങനെ നൂറു കണക്കിന് ഇണവാക്യങ്ങള്‍ എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എനിക്ക് വീണ്ടും സംശയം! വീണ്ടും ചിന്താക്കുഴപ്പം! വീണ്ടും ഞാൻ, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയി പെന്‍ഷന്‍ പറ്റിയ ആ ബ്രാഹ്മണ പണ്ഡിതന്റെ അടുത്തുപോയി. അദ്ദേഹത്തോടു പറഞ്ഞു: "അത്ഭുതമായിരിക്കുന്നു." അദ്ദേഹം പറഞ്ഞു: "അത്ഭുതപ്പെടേണ്ട. ഞാന്‍ പറഞ്ഞല്ലോ. സ്വര്‍ഗ്ഗത്തിലെ ദൈവം അദൃശ്യനാണ്. മനുഷ്യന് ദൈവത്തെ കാണാന്‍ കഴിയില്ല. സ്വര്‍ഗ്ഗത്തിലെ ദൈവം മനുഷ്യന് അപ്രാപ്യമാണ്. ആര്‍ക്കും ദൈവത്തെ പ്രാപിക്കാന്‍ കഴിയില്ല. മനുഷ്യന് പുത്രനെ മാത്രമറിയാം. പുത്രനിലൂടെയല്ലാതെ ആരും ദൈവത്തെ അറിയുന്നില്ല. ഏക പുത്രന്‍ യേശുക്രിസ്തുവാണ്. നിങ്ങള്‍ ഏതു മതത്തില്‍ പെട്ടവനാകാം. പക്ഷെ യേശുവിനെ അറിയാതെ ദൈവത്തെ അറിയുന്നില്ല."
. ആ ദിവസം ഞാനൊരിക്കലും മറക്കില്ല
"യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല." ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ബ്രാഹ്മണ പണ്ഡിതന്റെ ഈ വാക്കുകൽ കേട്ടുകൊണ്ട് ഞാനെന്‍റെ വീട്ടിലേക്കു മടങ്ങിവന്നു. ആ ദിവസം ഞാനൊരിക്കലും മറക്കില്ല. 1992 ജൂണ്‍ 27, അന്ന് രാത്രി ജീവിതത്തിലാദ്യമായി സവര്‍ണ്ണ ഹൈന്ദവനായ ഞാന്‍ യേശുക്രിസ്തുവിനോടു പ്രാര്‍ത്ഥിച്ചു. എനിക്ക് പ്രാര്‍ത്ഥിക്കാനറിയില്ലായിരുന്നു. എനിക്ക് "സ്വര്‍ഗ്ഗസ്ഥനായ പിതാവേ" ചൊല്ലാനും അറിയില്ലായിരുന്നു. പതിനെട്ടു വര്‍ഷം എന്‍റെ ഭാര്യ പ്രാര്‍ത്ഥിച്ചിട്ടും എന്നെ കേള്‍ക്കെ പ്രാര്‍ത്ഥിച്ചിട്ടില്ല. അതു കൊണ്ടു യേശുവേ എന്നെ കൈക്കൊള്ളണമേ. എന്നെ രക്ഷിക്കണമേ എന്നൊക്കെ പ്രാര്‍ത്ഥിച്ചു.
പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു- എന്‍റെ ഭാര്യ ഇതറിയരുത്. പതിനെട്ടു വര്‍ഷം അവള്‍ പറഞ്ഞിട്ടു ഞാന്‍ ചെയ്യാതിരുന്ന കാര്യം ഇപ്പോള്‍ ഞാന്‍ സ്വയം ചെയ്യുന്നത് അവളറിയരുത് എന്നു കരുതി വളരെ രഹസ്യമായി ഞാന്‍ പ്രാര്‍ത്ഥിച്ചു. കുറെ നേരം പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു. ഞാന്‍ കിടന്നു കഴിഞ്ഞപ്പോള്‍ അതുവരെ എന്‍റെ സമീപത്തു കിടന്നു ശാന്തമായി ഉറങ്ങുകയാണെന്നു ഞാന്‍ വിചാരിച്ചിരുന്ന എന്‍റെ ഭാര്യ എഴുന്നേറ്റു.
അവള്‍ ഉറങ്ങുകയായിരുന്നില്ല. എന്നെ ശ്രദ്ധിച്ചു കിടക്കുകയായിരുന്നു. അവള്‍ അടുത്ത മുറിയിലേക്കു പോയി. അവിടെ അവള്‍ പ്രാര്‍ത്ഥനയ്ക്കു വച്ചിരുന്ന ഒരു ചെറിയ മരക്കുരിശുണ്ടായിരുന്നു. മുമ്പു ഞാന്‍ പറഞ്ഞതുപോലെ അവളുടെ കൂടെ പഠിച്ച ഏതോ ഒരു പെണ്‍കുട്ടി കന്യാസ്ത്രീയായി. റോമിലേക്കു പോയി, മടങ്ങി വന്നപ്പോള്‍ അവള്‍ക്കു കൊണ്ടുവന്നു കൊടുത്തതാണ്. "മാര്‍പാപ്പ വെഞ്ചരിച്ചതാണ്" എന്നു പറഞ്ഞൊരു കുരിശ്. ആ കുരിശിന്‍റെ മുന്നില്‍ മെഴുകുതിരികളെല്ലാം കത്തിച്ചുവച്ച്, മുട്ടിന്മേല്‍ നിന്ന്‍, കണ്ണില്‍നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുക്കിക്കൊണ്ട് അവള്‍ കര്‍ത്താവിനെ സ്തുതിക്കാന്‍ തുടങ്ങി.
ആ സ്തുതിപ്പിന്‍റെ അര്‍ത്ഥം എനിക്ക് അപ്പോള്‍ത്തന്നെ മനസ്സിലായി. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ഈ പാവം സ്ത്രീ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കയായിരുന്നു. ആ പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിയുടെ നിമിഷങ്ങളില്‍ അവളെന്തിനാണു കര്‍ത്താവിനെ സ്തുതിക്കുന്നതെന്നറിയാന്‍ ജ്യോത്സ്യന്‍റെ അടുത്തു പോകേണ്ട കാര്യമില്ല; എനിക്ക് മനസ്സിലായി. പിന്നീടെനിക്കടങ്ങി കിടക്കാന്‍ കഴിഞ്ഞില്ല. ഞാനുമെഴുന്നേറ്റു പോയി എന്‍റെ ഭാര്യയുടെ വലത്തു ഭാഗത്തു മുട്ടുകുത്തി. കൈകള്‍ കോര്‍ത്ത് പിടിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്‍റെ കുടുംബത്തിലെ ആദ്യത്തെ കുടുംബ പ്രാര്‍ത്ഥന.
ഈ പ്രാര്‍ത്ഥനയുടെ ഫലം, മറുപടി, ഒരു കുടുംബത്തിന്‍റെയാകെ രക്ഷയുടെ, വീണ്ടെടുപ്പിന്‍റെ കഥയാണ്. യേശുവിലുള്ള വിശ്വാസം സ്വീകരിച്ച്, ദിവസങ്ങള്‍ക്കുള്ളില്‍, എന്‍റെ ഈ മാറ്റത്തെക്കുറിച്ച് അറിഞ്ഞ ഒരു കുടുംബ സുഹൃത്തിന്‍റെ പ്രേരണയ്ക്കും നിര്‍ബന്ധത്തിനും വഴങ്ങി ഞന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്തു. ധ്യാനത്തിന്‍റെ അവസാന ദിവസം- വെള്ളിയാഴ്ച, അന്നുവരെ എനിക്കു തികച്ചും അപരിചിതനായിരുന്ന, ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ റവ.ഫാ.ജോര്‍ജ്ജ് പനക്കല്‍, അന്നു മുതല്‍ എന്‍റെ ആദ്ധ്യാത്മിക ഗുരുനാഥനും ആത്മീയ പിതാവുമായ പനയ്ക്കലച്ചന്‍ പേരു പറഞ്ഞു വിളിച്ച് എന്നോടു പറഞ്ഞു: "നിങ്ങള്‍ കര്‍ത്താവിന്‍റെ സാക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ വചനം പ്രഘോഷിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു."
അന്നു മുതല്‍ ഇന്നു വരെ, കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഞാന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കര്‍ത്താവിനു സാക്ഷിയായി. ദൈവത്തിന്‍റെ വചന പ്രഘോഷകനായി ദൈവ ശുശ്രൂഷ ചെയ്യുന്നു. "ലോകത്തിന്‍റെ അതിര്‍ത്തികള്‍ വരെയും നിങ്ങളെനിക്കു സാക്ഷികളായിരിക്കും എന്ന്‍ കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിനകത്തും പുറത്തും, ഇടവക ദേവാലയങ്ങളില്‍ ധ്യാനങ്ങളും, കണ്‍വെന്‍ഷനും നയിച്ചുകൊണ്ട് ഞാന്‍ ദൈവശുശ്രൂഷ ചെയ്യുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യക്കു വെളിയില്‍ വിദേശരാജ്യങ്ങളില്‍ യേശുവിനു സാക്ഷിയായി ദൈവത്തിന്‍റെ വചന പ്രഘോഷകനായി ഞാന്‍ സഞ്ചരിക്കുന്നു.
ക്രിസ്തുവിലേക്ക്
അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 16:31-ൽ നാമിങ്ങനെ വായിക്കുന്നു: "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും" എനിക്കു ബോധ്യമായി. എനിക്കു വിശ്വാസമായി. ഞാന്‍ കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചു. ഞാന്‍ രക്ഷ പ്രാപിക്കുന്നു! ഞാന്‍ രക്ഷ പ്രാപിക്കുമ്പോള്‍ സ്വാഭാവികമായി എന്‍റെ കുടുംബവും രക്ഷ പ്രാപിക്കും. ദൈവം പൂര്‍ണ്ണ വിശ്വസ്തതയോടെ വാഗ്ദാനം പാലിക്കുന്നു. പക്ഷെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ദൈവം മറ്റൊരു ബോധ്യം കൂടി എനിക്കു തന്നു. ദൈവം വാഗ്ദാനം പാലിക്കുന്നത് അക്ഷരാര്‍ത്ഥത്തിലാണ്. "നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും" എന്നു പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം "നീയും നിന്‍റെ കുടുംബത്തിലെ ഓരോ അംഗവും രക്ഷ പ്രാപിക്കും" എന്നാണെന്നെന്നെ ബോധ്യപ്പെടുത്തി തന്നു.
എന്‍റെ കുടുംബത്തിലെ, രണ്ടാമത്തെ അംഗം എന്‍റെ ഭാര്യ! പത്താം ക്ലാസ് രണ്ടു പ്രാവശ്യം എഴുതി തോറ്റതാണ്. അവളുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സൂര്യനു താഴെ ഒരു ജോലിക്കും അവള്‍ക്കര്‍ഹതയില്ല. ഒരു ജോലിക്കും പോയിട്ടുമില്ല. എന്‍റെ ഭാര്യയായി വെറുമൊരു വീട്ടമ്മയായിക്കഴിഞ്ഞവള്‍! എന്‍റെ ജോലിയും വരുമാനവും നഷ്ടപ്പെട്ട സമയത്ത് ആരോ പറഞ്ഞു പ്രേരിപ്പിച്ച് അവള്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍റെ ഒരു ഏജന്‍സി എടുത്തു. പഠിപ്പും പ്രാപ്തിയുമില്ലാതെ ഫലപ്രദമായി ആ ജോലി ചെയ്യാന്‍ അവള്‍ക്കു കഴിയില്ല. അവള്‍ പ്രതീക്ഷിച്ചത് അവളുടെ പേരില്‍ ഞാന്‍ ആ ജോലി ചെയ്തു കൊള്ളുമെന്നാണ്. പക്ഷെ ഞാന്‍ ആ ജോലി ചെയ്തില്ല. എന്‍റെ ജോലിയും പദവിയുമുപയോഗിച്ച് ഞാന്‍ സമ്പാദിച്ച എന്‍റെ സുഹൃത്തുക്കളുടെ അടുത്തുപോയി "എന്‍റെ ജോലിയും വരുമാനവുമൊക്കെ പോയി എന്നെ സഹായിക്കണം ഇന്‍ഷുറന്‍സില്‍ ഒരു പോളിസി എടുക്കണം" എന്നപേക്ഷിക്കാന്‍ എന്‍റെ അഭിമാനം സമ്മതിച്ചില്ല. അതുകൊണ്ട് ഞാനാ ജോലി ചെയ്തില്ല.
ജോലി നഷ്ടപ്പെട്ടതിന് ശേഷം ആറു വര്‍ഷം ഞങ്ങള്‍ ജീവിച്ചത് ഞങ്ങള്‍ക്കുണ്ടായിരുന്ന ഭൗതിക സമ്പത്തു മുഴുവന്‍ വിറ്റുകൊണ്ടാണ്. അങ്ങനെ വിറ്റു വിറ്റ് ഇനി വില്‍ക്കാന്‍ ഒന്നും ബാക്കിയില്ല എന്ന ഘട്ടമെത്തിയപ്പോള്‍ ഞാനെന്‍റെ ഭാര്യയോടു പറഞ്ഞു: "ഇനിയെന്തു ചെയ്യും? ഒരു കാര്യം ചെയ്യാം. ഇതുവരെ ഇഴഞ്ഞും വലിഞ്ഞും നീങ്ങിയിരുന്ന ഇന്‍ഷുറന്‍സ് ഏജന്‍സി തുടരാം. ഞാന്‍ സഹായിക്കാം." അങ്ങനെ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന്‍ ആ ജോലി ചെയ്യാന്‍ തുടങ്ങി. ഇന്ന്‍ ആ ജോലിയില്‍ നിന്നുതന്നെ ഞങ്ങളുടെ കുടുംബത്തിന് സുഖമായി ജീവിക്കുന്നതിനാവശ്യമായതിനേക്കാള്‍ എത്രയോ കൂടുതല്‍ വരുമാനം ഇന്ന് ലഭിക്കുന്നു!
കുടുംബത്തിലെ മൂന്നാമത്തെ അംഗം എന്‍റെ മൂത്ത മകള്‍. കന്യാസ്ത്രീകള്‍ നടത്തുന്ന ഒരാശുപത്രിയിലാണ് ജനിച്ചത്. അന്ന്‍ ഞങ്ങള്‍ താമസം അതിനടുത്തായിരുന്നു. ഞാന്‍ മുമ്പു പറഞ്ഞതു പോലെ എന്‍റെ ഭാര്യയുടെ കൂടെ പഠിച്ച ചില പെണ്‍കുട്ടികള്‍ പിന്നീടു കന്യാസ്ത്രീകളായി. ഇവരില്‍ ചിലര്‍ ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഈ കന്യാസ്ത്രീകളാണ് എന്‍റെ മകളെ വളര്‍ത്തിയത്. അവളുടെ ബുദ്ധിയും ഓര്‍മ്മയും ഉറയ്ക്കുന്ന ബാല്യകാലം മുഴുവന്‍ രോഗികളെ ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകളെ കണ്ടുകൊണ്ടാണ് അവള്‍ വളര്‍ന്നത്. അതുകൊണ്ടായിരിക്കും എന്നു ഞാന്‍ വിചാരിച്ചു. 92 ഏപ്രില്‍ മാസത്തില്‍, ഞങ്ങള്‍ കുടുംബ പ്രാര്‍ത്ഥന ആരംഭിക്കുന്നതിനു രണ്ടു മാസം മുന്‍പ്, പ്രീ ഡിഗ്രീ പാസ്സായിക്കഴിഞ്ഞപ്പോള്‍ എന്‍റെ മകള്‍ എന്നോടു പറഞ്ഞു: "എനിക്ക് നേഴ്സിംഗ് പഠിക്കണം, നേഴ്സ് ആകണം" ഞാന്‍ പറഞ്ഞു: വേണ്ട. എനിക്കിഷ്ടമല്ല. നേഴ്സിന്‍റെ ജോലി നല്ല ജോലിയല്ല. നീ പഠിച്ചാല്‍ മതി. വേറെ നല്ല ജോലി കിട്ടും."
പക്ഷെ അവള്‍ക്ക് വലിയ ആഗ്രഹം! വലിയ നിര്‍ബന്ധം! അവള്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി. ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി. (നേഴ്സിംഗ്)ന് അഡ്മിഷന്‍ കിട്ടാന്‍; പക്ഷെ അഡ്മിഷന്‍ കിട്ടിയില്ല. 78-മത്തെ റാങ്കില്‍ അവള്‍ എന്‍ട്രന്‍സ് പരീക്ഷ പാസ്സായി. പക്ഷെ കോഴിക്കോട്ടും കോട്ടയത്തും തിരുവനന്തപുരത്തുമായി ഈ കോഴ്സിനു 75 സീറ്റേയുള്ളൂ. അവള്‍ക്കു പ്രവേശനം കിട്ടിയില്ല.
പിന്നീട് 8 മാസങ്ങള്‍ കഴിഞ്ഞാണ് ഞങ്ങള്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനം കൂടുന്നത്. ധ്യാനം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കോട്ടയം മെഡിക്കല്‍കോളേജില്‍ നിന്നു വന്ന ഒരു കത്ത് വീട്ടില്‍ കിടപ്പുണ്ട്. മകള്‍ക്ക് ബി.എസ്.സി. (നേഴ്സിംഗ്) പ്രവേശനം നല്‍കിയിരിക്കുന്നു. ഉടനെ ചേര്‍ക്കണം. കോഴ്സ് തുടങ്ങി എട്ടുമാസം കഴിഞ്ഞു. അദ്ധ്യയന വര്‍ഷം തീരാറായി വര്‍ഷത്തിന്‍റെ അവസാനം പ്രവേശനം നല്‍കാന്‍ എന്താണു കാരണം? ഞാന്‍ മെഡിക്കല്‍ കോളജില്‍ പോയി പ്രിന്‍സിപ്പലിനോടു ചോദിച്ചു. പ്രിന്‍സിപ്പല്‍ പറഞ്ഞു: "എന്താ കാരണമെന്നെനിക്കറിയില്ല. കഴിഞ്ഞ ആഴ്ചയില്‍ ഗവണ്മെന്‍റില്‍ നിന്ന്‍ ഒരു ഓര്‍ഡര്‍ വന്നു, 75 സീറ്റ് 80 സീറ്റാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നു." പ്രിന്‍സിപ്പലിനറിയില്ല, എന്താണു കാരണം. പക്ഷെ എനിക്കറിയാം, കാരണം വീണ്ടെടുക്കുവാന്‍ ദൈവം തിരുമനസ്സായ കുടുംബത്തിലെ ഓരോ അംഗവും രക്ഷ പ്രാപിക്കുവാന്‍ വേണ്ട ഭൗതിക സാഹചര്യങ്ങളൊരുക്കുന്നത് ദൈവമാണ്.
മകള്‍ക്ക് ഈ കോഴ്സിന് പ്രവേശനം കിട്ടിയപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. അവളുടെ ഭാവി സുരക്ഷിതമാണ്. അന്നത്തെ സാഹചര്യമനുസരിച്ച് കോഴ്സു പൂര്‍ത്തിയായാലുടന്‍ തന്നെ അതെ നേഴ്സിംഗ് കോളേജില്‍ ടൂട്ടര്‍ ആയി നിയമനം അല്ലെങ്കില്‍ വിദേശത്തും ഇന്ത്യയിലുമുള്ള വലിയ വലിയ ആശുപത്രികളില്‍ ജോലിസാദ്ധ്യത. 1997 ജനുവരി 31 ന് അവള്‍ കോഴ്സ് പൂര്‍ത്തിയാക്കി. പതിനഞ്ചു ദിവസത്തിനകം എറണാകുളത്തെ ലൂര്‍ദ്ദ് ആശുപത്രിയോടനുബന്ധിച്ചുള്ള നേഴ്സിംഗ് കോളേജില്‍ ജോലി കിട്ടി. തുടര്‍ന്ന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ, ഏഷ്യയിലെ ഏറ്റവും വലിയ, സൂപ്പര്‍ സ്പെഷ്യാലിറ്റി, ഹൃദ്രോഗ ആശുപത്രി - മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ അവള്‍ സ്റ്റാഫ് നേഴ്സായി നിയമിക്കപ്പെട്ടു.
99 ഏപ്രില്‍ 28-ാം തീയതി അവള്‍ വിവാഹിതയായി. ജീസസ് യൂത്ത് എന്ന അന്തര്‍ദേശീയ ആത്മീയ സംഘടനയുടെ പ്രവര്‍ത്തകനും റെക്സ് ബാന്‍ഡ് എന്ന സുവിശേഷ ഗായക സംഘത്തിലെ ഗായകനും സംഗീത സംവിധായകനായ ഹെക്ടര്‍ ലൂയിസ് ആണ് അവളെ വിവാഹം കഴിച്ചത്. അയാള്‍ ഷാര്‍ജ എന്ന ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന ആളായതു കൊണ്ടും അയാള്‍ക്ക് ഫാമിലിവിസ ഉണ്ടായിരുന്നതു കൊണ്ടും വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ എന്‍റെ മകളും ഗള്‍ഫിലേക്കു പോയി, മാസങ്ങള്‍ക്കുള്ളില്‍ തന്നെ ദുബായ് അല്‍ റാഷിദ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ജോലി ലഭിച്ചു. ഇന്നു ഭര്‍ത്താവിനോടും രണ്ടു മക്കളോടുമൊപ്പം വളരെ സന്തോഷവതിയായി അവള്‍ ദുബായില്‍ ജീവിക്കുന്നു. ഏതാനും നാളുകള്‍ക്കുള്ളില്‍ കൂടുതല്‍ നല്ല ജോലിക്കു വേണ്ടി അവള്‍ കുടുംബസമേതം അമേരിക്കയിലേക്കു പോവുകയാണ്.
കുടുംബത്തിലെ അവസാനത്തെ അംഗം എന്‍റെ ഇളയ മകള്‍ കണക്കു പഠിക്കുവാന്‍ മിടുക്കിയായിരുന്നു. ബാക്കി പല വിഷയങ്ങള്‍ക്കും വളരെ കുറഞ്ഞ മാര്‍ക്കാണെങ്കിലും കണക്കിന് എല്ലാ പരീക്ഷയിലും വളരെ ഉയര്‍ന്ന മാര്‍ക്ക്, പലപ്പോഴും നൂറില്‍ നൂറ്. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിനു സമയമാകുമ്പോള്‍ അവളെ കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പക്ഷെ എന്‍റെ ജോലിയും വരുമാനവും നഷ്ടപ്പെട്ടു പോയപ്പോള്‍ അങ്ങനെയുള്ള സ്വപ്നങ്ങളെല്ലാം പൊലിഞ്ഞു പോയി. അവള്‍ 7-ാംക്ലാസിലെത്തിയപ്പോള്‍ തന്നെ എന്‍റെ സാമ്പത്തിക നില അമ്പേ തകര്‍ന്നു കഴിഞ്ഞിരുന്നു.
അങ്ങനെ ആകെ നിരാശയും ആശങ്കയുമൊക്കെയായി കഴിയുന്ന സമയത്ത് '92 മേയ് മാസത്തില്‍ കേന്ദ്ര ഗവണ്മെന്‍റ് ഒരു പുതിയ പദ്ധതി ആവിഷ്കരിച്ചു. 7-ാം ക്ലാസ്സ് പൂര്‍ത്തിയാക്കിയ കുട്ടികളില്‍ നിന്ന്‍ ഒരു പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു പ്രത്യേക വിദ്യാലയത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് തലം വരെ കമ്പ്യൂട്ടര്‍ സയന്‍സ് മാത്രം പഠിപ്പിക്കുന്നു. മാത്രമല്ല ഈ കോഴ്സ് പരിപൂര്‍ണ്ണമായി സൗജന്യമാണ്. അതും മാത്രമല്ല ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കെല്ലാം കേന്ദ്ര ഗവണ്മെന്‍റിന്‍റെ മാനവവിഭവശേഷി വികസന വകുപ്പില്‍ ഗസറ്റഡ് റാങ്കില്‍ ജോലിയും ഉറപ്പാണ്. വലിയ പ്രതീക്ഷയോടെ എന്‍റെ മകളെ പഠിപ്പിച്ച് ആ പ്രവേശന പരീക്ഷ എഴുതിച്ചു. പരീക്ഷയില്‍ റാങ്ക് കിട്ടിയാല്‍ ഭാവി സുരക്ഷിതമായി. പരീക്ഷയില്‍ റാങ്കു കിട്ടിയില്ലെന്നു മാത്രമല്ല, തോറ്റുപോയി! 'പൂജ്യം' മാര്‍ക്ക്! ഇപ്പോഴുള്ള പരീക്ഷയൊക്കെ അങ്ങനെയാണ് 'ഒബ്ജക്ടീവ് ടൈപ്പ്' ചോദ്യങ്ങളും കമ്പ്യൂട്ടര്‍ വാലുവേഷനും ശരിയുത്തരങ്ങള്‍ക്ക് കിട്ടിയ മാര്‍ക്കില്‍ നിന്ന്‍ തെറ്റിപ്പോയ ഉത്തരങ്ങളുടെ ആകെ മാര്‍ക്കു കുറച്ചു കളയും. അങ്ങനെയാണു നിയമം. അപ്പോള്‍ എന്‍റെ മകള്‍ക്കു കിട്ടിയത് പൂജ്യം. പൂജ്യം മാര്‍ക്ക് കിട്ടിയത് കൊണ്ട് ആ ആഗ്രഹമുപേക്ഷിച്ചു. ആ കാര്യം മറന്നുപോയി.
പിന്നീട് ഏഴു മാസം കൂടി കഴിഞ്ഞാണ് ഡിവൈനില്‍ ധ്യാനത്തില്‍ പങ്കെടുത്തത്. ധ്യാനം കഴിഞ്ഞു മടങ്ങിയെത്തിയതിന്‍റെ നാലാം ദിവസം ആ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന്‍ ഒരോര്‍ഡര്‍ വന്നു: "പൂജ്യം മാര്‍ക്കു കിട്ടിയ നിങ്ങളുടെ മകളെയും തെരഞ്ഞെടുത്തിരിക്കുന്നു;. വേഗം കൊണ്ടുവന്നു ചേര്‍ക്കുക." ഇത്തവണ എനിക്കത്ഭുതമൊന്നും തോന്നിയില്ല. ഇന്‍സ്റ്റിറ്റൂട്ട് അധികാരികള്‍ക്ക് തെറ്റു പറ്റിയതായിരിക്കും. ആളുമാറിപ്പോയതായിരിക്കും എന്നു തന്നെ വിചാരിച്ചു. എങ്കിലും ഞാനാ സ്ഥാപനത്തിലൊന്നു പോയി. അതിന്‍റെ പ്രിന്‍സിപ്പലിനെക്കണ്ടു ചോദിച്ചു. "പൂജ്യം മാര്‍ക്കു കിട്ടിയ കുട്ടിക്കെങ്ങനെ പ്രവേശനം കൊടുത്തു?" പ്രിന്‍സിപ്പല്‍ പറഞ്ഞു: "അത് വലിയൊരു കഥയാണ്." ഞാന്‍ താമസിക്കുന്ന പുതുപ്പള്ളി എന്ന ഗ്രാമത്തിലാണ് ഇന്‍സ്റ്റിറ്റൂട്ട്. കേന്ദ്ര ഗവണ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള ഈ വലിയ സ്ഥാപനം പുതുപ്പള്ളി പഞ്ചായത്തിലേക്കു കൊണ്ടുവരാന്‍ വേണ്ടി വലിയ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി അവസാനം സ്ഥലവും കെട്ടിടവുമൊക്കെ ദാനമായി കൊടുത്തതു പുതുപ്പള്ളി പഞ്ചായത്താണ്. എന്നാല്‍ പ്രവേശന പരീക്ഷ നടത്തി കുട്ടികളെ തെരഞ്ഞെടുത്തപ്പോള്‍ പഞ്ചായത്തില്‍ നിന്ന്‍ ഒരു കുട്ടിക്കുപോലും അഡ്മിഷന്‍ കിട്ടിയില്ല. അപ്പോള്‍ പഞ്ചായത്തു പറഞ്ഞു: "അതു പാടില്ല. സ്ഥലവും കെട്ടിടവുമൊക്കെ ദാനമായി നല്‍കിയത് പഞ്ചായത്താണ്. അതുകൊണ്ട് പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നു കുറച്ചു കുട്ടികളെ കൂടി എടുക്കണം." ഒരു ന്യായവുമില്ല. നിയമവുമില്ല. അങ്ങനെ പറയാന്‍. പരീക്ഷ നടത്തിയാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. പക്ഷെ പഞ്ചായത്ത് ജനകീയ സമിതിയാണ്. അവര്‍ നിവേദനം തയ്യാറാക്കി. ആ നിവേദനവും കൊണ്ട് ഞങ്ങളുടെ എം.എല്‍.എ.അന്ന് നമ്മുടെ ധനകാര്യ മന്ത്രിയും ഇന്നു നമ്മുടെ മുഖ്യമന്ത്രിയുമായ ശ്രീ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പോയി കേന്ദ്ര മന്ത്രിയെ കണ്ടു ശുപാര്‍ശ ചെയ്ത്, അവസാനം അദ്ദേഹത്തിന്‍റെ സ്വാധീനത്തിനു വഴങ്ങി കേന്ദ്ര മന്ത്രി ഓര്‍ഡര്‍ കൊടുത്തു: "ഈ പ്രാവശ്യം മാത്രം, ഇനിയില്ല. ഈ പ്രാവശ്യം മാത്രം പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നും പത്ത് കുട്ടികളെക്കൂടി എടുത്തു കൊള്ളുവാന്‍"
ഓര്‍ഡര്‍ കിട്ടിയപ്പോള്‍ ഇന്‍സ്റ്റിറ്റൂട്ടിന്‍റെ പ്രിന്‍സിപ്പല്‍ പഴയ റാങ്ക് ലിസ്റ്റ് എടുത്തു. പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നും പരീക്ഷ എഴുതിയവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു കിട്ടിയ പത്തുപേരെ തെരഞ്ഞെടുക്കണം. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നും ആകെ പത്തു പേരെ പരീക്ഷ എഴുതിയിട്ടുള്ളൂ. അങ്ങനെ പത്താമത്തെ ആളായി എന്‍റെ മകള്‍ക്കും അഡ്മിഷന്‍ കൊടുത്തു. പ്രവേശന പരീക്ഷയില്‍ പൂജ്യം മാര്‍ക്കു വാങ്ങിയ എന്‍റെ മകള്‍ രണ്ടു വര്‍ഷം മുമ്പ് 72% മാര്‍ക്കോടു കൂടി, കോഴ്സു പൂര്‍ത്തിയാക്കി അവസാന പരീക്ഷയില്‍ വിജയിച്ചു. പരീക്ഷയ്ക്ക് മുമ്പു തന്നെ ഒരു ജര്‍മ്മന്‍ കമ്പനിയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി അവര്‍ക്കു ജോലിയും ലഭിച്ചു.
2004 ഒക്ടോബര്‍ 20-ന് അവളും വിവാഹിതയായി. അവളെ വിവാഹം കഴിച്ച ശ്രീ അല്‍ഫോന്‍സും ജീസസ് യൂത്തിലും റെക്സ്ബാന്‍ഡിലും ഗായകനും സംഗീത സംവിധായകനുമായി പ്രവര്‍ത്തിക്കുന്നു. മലയാള ചലച്ചിത്രരംഗത്തും സംഗീത സംവിധായകന്‍ എന്ന നിലയില്‍ അയാള്‍ സ്ഥാനം നേടി. 'ജലോത്സവം വെള്ളിത്തിര, മഞ്ഞുപോലെ ഒരു പെണ്‍കുട്ടി' തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്രീ അല്‍ഫോന്‍സ് ആണ്.
ഈ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്തു ദു:ഖിച്ച്, കുട്ടികളുടെ ഭാവിക്കുവേണ്ടി ഒരു പിതാവ് എന്ന നിലയില്‍ ഞാന്‍ ചെയ്തു കൊടുക്കേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ കഴിയാത്തതിലുള്ള ദു:ഖത്തില്‍ നിരാശയില്‍ ആറു വര്‍ഷം ഞാന്‍ ഉറക്കം വരാതെ കിടന്നു. എന്നാല്‍ യേശുവിനോടു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടികളുടെ ഭാവി മാത്രമല്ല എന്‍റെ ഭാവി, എന്‍റെ ഭാര്യയുടെ ഭാവി, കുടുംബത്തിലെ ഓരോ അംഗത്തിന്‍റെയും ഭാവി, തന്‍റെ കരങ്ങളില്‍ സുരക്ഷിതമാണെന്ന് തെളിയിച്ചു കൊണ്ട് "നീയും കുടുംബവും രക്ഷ പ്രാപിക്കും." എന്നുള്ള വാഗ്ദാനം അവിടുന്നു പാലിച്ചു.
കർത്താവായ യേശു സകല മനുഷ്യർക്കുമുള്ള രക്ഷകനാണ്. അവനിലൂടെ നമുക്ക് എല്ലാം സാധ്യമാണ് എന്ന വലിയ സത്യം നാം തിരിച്ചറിയാൻ വൈകരുത്. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ എന്തുതന്നെയാകട്ടെ; ദൈവം നമ്മുക്ക് ഉറപ്പു തരുന്നു: "ഞാൻ സകല മർത്ത്യരുടെയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?" (ജറമിയാ 32: 27 ).
- അരവിന്ദാക്ഷ മേനോന്‍
+++ ക്രിസ്തുവിന്റെ ധീരപടയാളിയായി ജീവിച്ച ബ്രദര്‍ അരവിന്ദാക്ഷ മേനോന്റെ ആത്മശാന്തിയ്ക്കായി നമ്മുക്കുമ് പ്രാര്‍ത്ഥിക്കാം. +++
Tag: Awesome Testimony of Aravindaksha Menon who found Jesus being a Hindu, Hindu to Christian Malayalam testimony, Aravindaksha Menon conversion Story Christian news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക