Faith And Reason
ഒളിംമ്പിക്‌സിലെ സ്വര്‍ണ്ണ മത്സ്യം ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിഞ്ഞപ്പോള്‍...!
സ്വന്തം ലേഖകന്‍ 09-08-2016 - Tuesday
വാഷിംഗ്ടണ്‍: നീന്തല്‍ കുളത്തിലെ സ്വര്‍ണ മത്സ്യം മൈക്കില്‍ ഫെലിപ്‌സ് വീണ്ടും ഒരു ഒളിംമ്പിക്‌സില്‍ തന്റെ നേട്ടങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഒരുങ്ങുകയാണ്. റിയോയില്‍ നീന്തുവാനിറങ്ങുന്ന മൈക്കിള്‍ ഫെലിപ്‌സും കഴിഞ്ഞ ലണ്ടനില്‍ സ്വര്‍ണം മുങ്ങിവാരിയ മൈക്കിള്‍ ഫെലിപ്‌സും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. ലണ്ടനില്‍ നീന്തുവാനിറങ്ങിയ മൈക്കിള്‍ ഫെലിപ്‌സിന് യേശു ക്രിസ്തുവിനേയും അവന്റെ സ്‌നേഹത്തേയും കുറിച്ച് അറിവില്ലായിരുന്നു.
ക്രൈസ്റ്റ് ദ റെഡീമര്‍ പ്രതിമ നിലകൊള്ളുന്ന ബ്രസീലില്‍ നീന്തുവാനിറങ്ങുമ്പോള്‍ മൈക്കിള്‍ ഫെലിപ്‌സിന് ഇന്ന്‍ അറിയാം, എന്താണ് ആ പ്രതിമയുടെ സന്ദേശമെന്ന്. തന്നെ ചേര്‍ത്തുപിടിക്കുവാന്‍ ഇരുകൈകളും നീട്ടി കാത്തുനിന്ന യേശുവിനെ 2014-ല്‍ ആണ് മൈക്കിള്‍ ഫെലിപ്‌സ് കണ്ടെത്തിയത്. നീന്തല്‍ കുളങ്ങളില്‍ നിന്നും സ്വര്‍ണം മെഡലുകള്‍ നിഷ്പ്രയാസം വാരിയെടുക്കുമ്പോഴും ലോകമാധ്യമങ്ങള്‍ സ്വര്‍ണമത്സ്യം എന്ന് വിശേഷിപ്പിക്കുമ്പോഴുമെല്ലാം മൈക്കിള്‍ ഫെലിപ്‌സിന്റെ വ്യക്തി ജീവിതം ശരിയായ മാര്‍ഗത്തിലൂടെയായിരുന്നില്ല സഞ്ചരിച്ചിരുന്നത്.
2014 സെപ്റ്റംബര്‍ മാസം 30-ാം തീയതി യുഎസില്‍ വച്ച് ഫെലിപ്‌സ് അറസ്റ്റ് ചെയ്യപ്പെട്ടു. മദ്യ ലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ചതിനെ തുടര്‍ന്നാണ് മൈക്കിള്‍ ഫെലിപ്‌സിന് അറസ്റ്റ് നേരിടേണ്ടി വന്നത്. നിരോധിച്ച ചില ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ ചില ചിത്രങ്ങളും ഇതിനിടയില്‍ പുറത്തുവന്നു.
മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും തുടര്‍ച്ചയായി കേസുകളും നേരിടേണ്ടി വന്ന നീന്തല്‍ താരം ജീവിതത്തിന്റെ ആഴക്കയങ്ങളില്‍ മുങ്ങിതാഴുവാന്‍ തുടങ്ങി. ആത്മഹത്യയെന്നതാണ് എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപെടുവാനുള്ള ഏക മാര്‍ഗമെന്ന് ഫെലിപ്‌സ് കരുതി.
ഒരാഴ്ചയോളം ഭക്ഷണം കഴിക്കാതെ ശരീരത്തെ ക്ലേശിപ്പിക്കുകയും ദിവസങ്ങളോളം തളര്‍ന്ന് കിടന്ന് ഉറങ്ങുവാനും തുടങ്ങിയ മൈക്കിള്‍ ജീവിതത്തില്‍ നിന്നും പതിയെ പടിയിറങ്ങുവാന്‍ ആരംഭിച്ചു. എന്നാല്‍ തീവ്രമായ നിരാശയും കുറ്റബോധവും എല്ലാം ചേര്‍ന്ന മാനസിക അവസ്ഥയില്‍ സാത്താന്റെ അപകട ചുഴിയില്‍ വീണ് കേഴുന്ന ഫെലിപ്സിനെ കര്‍ത്താവ് ദര്‍ശിച്ചുവെന്ന്‍ പറയാം. ഫെലിപ്‌സിന്റെ സുഹൃത്തും ആഴമായ ക്രൈസ്തവ വിശ്വാസത്തിന് ഉടമയുമായ റേ ലെവിസിലൂടെ കര്‍ത്താവ് ഇടപെട്ടു.
ലഹരിയുടെ നീരാളിപിടിയില്‍ നിന്നും മോചനം നേടുവാന്‍ ഒരു റീഹാബിലിറ്റേഷന്‍ സെന്ററില്‍ അഭയം തേടണമെന്നു റേ ലെവിസ് മൈക്കിളിനോട് പറഞ്ഞു. ക്രിസ്തുവില്‍ നാം സഹോദരങ്ങളാണെന്നും മൈക്കിളിന്റെ പ്രശ്‌നം പരിഹരിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്വമാണെന്നും റേ ലെവിസ് നീന്തല്‍ താരത്തെ പറഞ്ഞ് മനസിലാക്കി. ലഹരി വിമോചന കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ മൈക്കിളിന്, റേ ലെവിസ് ഒരു പുസ്തകം വായിക്കുവാനായി നല്‍കി. പ്രശസ്ത സുവിശേഷ പ്രഘോഷകനും ഗ്രന്ഥരചയിതാവുമായ റിക് വാറന്റെ “The Purpose Driven Life” എന്ന പുസ്തകമായിരുന്നു അത്.
രണ്ട് ദിവസങ്ങള്‍ കൊണ്ട് പുസ്തകം വായിച്ചു തീര്‍ത്ത ഫെലിക്‌സ് ഉടനെ തന്നെ റേ ലെവിസിനെ വിളിച്ചു. ഇത്തരം ഒരു പുസ്തകം തനിക്ക് നല്‍കിയതിന് സുഹൃത്തിനോട് ഫെലിക്‌സ് നന്ദി പറഞ്ഞു. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ മാറുന്നതായും പുതിയ ഉന്മേഷവും ജീവിത ദര്‍ശനവും ലഭിക്കുന്നതായും ഫെലിപ്‌സ് സാക്ഷ്യപ്പെടുത്തി. അടുത്തിടെ ഇഎസ്പിഎന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ പുസ്തകമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും ക്രിസ്തുവിലേക്ക് തന്നെ എത്തിച്ചതെന്നും മൈക്കിള്‍ ഫെലിപ്‌സ് പറഞ്ഞിരുന്നു.
തന്റെ ഒന്‍പതാം വയസില്‍, അമ്മയില്‍ നിന്നും വിവാഹമോചനം നേടി അകന്നു താമസിക്കുന്ന പിതാവിനെ കാണുവാനും മൈക്കിള്‍ ഫെലിപ്‌സ് തീരുമാനിച്ചത് ഈ പുസ്തത്തിന്റെ സ്വാധീനത്തിലാണ്.
ദീര്‍ഘനാളുകള്‍ക്ക് ശേഷം നേരില്‍ കണ്ട പിതാവിനെ ഏറെ നേരം മൈക്കിള്‍ കെട്ടിപിടിച്ച് കരഞ്ഞു. ഇരുവര്‍ക്കും ഇടയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ മഞ്ഞുപോലെ ഉരുകി പോയി. 2014 നവംബറില്‍ ക്രിസ്തുവിനെ ജീവിതത്തിലേക്ക് സ്വീകരിച്ച് ലഹരിയോട് വിടപറഞ്ഞ് മൈക്കിള്‍ വീണ്ടും മടങ്ങിയെത്തി. റിയോ ഒളിംമ്പിക്‌സിന്റെ പരിശീലന വേദിയിലേക്ക്.
ദീര്‍ഘനാള്‍ തന്റെ സുഹൃത്തായിരുന്ന നിക്കോള്‍ ജോണ്‍സനെ മൈക്കിള്‍ തന്റെ ജീവിത സഖിയായി സ്വീകരിച്ചു. ഇരുവര്‍ക്കും 2015 മേയ് അഞ്ചാം തീയതി ബൂമര്‍ റോബര്‍ട്ട് എന്ന പേരില്‍ ഒരാണ്‍ കുഞ്ഞിനേയും ദൈവം നല്‍കി. അനുഗ്രഹത്തിന്റെ വഴികളിലൂടെ മൈക്കിള്‍ ഫെലിപ്‌സ് നടക്കുവാന്‍ തുടങ്ങി. ഈ വര്‍ഷത്തെ ഒളിംമ്പിക്‌സോടെ താന്‍ മത്സരങ്ങളില്‍ നിന്നും വിടവാങ്ങുമെന്ന് ഫെലിപ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 30-നാണ് ഫെലിപ്‌സ് തന്റെ 31-ാം ജന്മദിനം ആഘോഷിച്ചത്.
ഇത്തവണത്തെ റിയോ ഒളിമ്പ്ക്സില്‍ ഇതിനോടകം തന്നെ ഒരു സ്വര്‍ണ മെഡല്‍ മൈക്കിള്‍ ഫെലിപ്‌സ് നേടി കഴിഞ്ഞു. പുരുഷന്‍മാരുടെ 4*100 മീറ്ററില്‍ ഫെലിപ്‌സിന്റെ ടീമിനാണ് സ്വര്‍ണം. ഇനിയും നിരവധി മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുക്കുവാന്‍ ഇരിക്കുന്നതെയുള്ളു. ഒളിംമ്പിക്‌സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടിയ വ്യക്തിയാണ് മൈക്കിള്‍ ഫെലിപ്‌സ്. റിയോയില്‍ ദൈവത്തിന് എല്ലാ മഹത്വവും നല്‍കി സ്വര്‍ണങ്ങള്‍ കൊയ്യാന്‍ ഇറങ്ങുകയാണ് മൈക്കിള്‍ ഫെലിക്‌സ് എന്ന അമേരിക്കയുടെ ഈ സ്വര്‍ണ മത്സ്യം.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക
