News - 2026

പാലസ്തീൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ലെയോ പതിനാലാമൻ പാപ്പ

പ്രവാചകശബ്ദം 18-03-2026 - Wednesday

വത്തിക്കാന്‍ സിറ്റി: മധ്യ പൂർവേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ പാലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി ഫോണിൽ സംസാരിച്ച് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാൻ പ്രസ് ഓഫീസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മധ്യപൂർവദേശത്തെ സംഘർഷത്തിലെ ആശങ്കാജനകമായ സംഭവവികാസങ്ങളും, പലസ്തീൻ ജനതയുടെ ജീവിത സാഹചര്യങ്ങളും ഇരുവരും സംസാരിച്ചു. രാഷ്ട്രീയവും നയതന്ത്രപരവുമായ സംഭാഷണങ്ങളിലൂടെയും അന്താരാഷ്ട്ര നിയമങ്ങളോടുള്ള പൂർണ്ണമായ ബഹുമാനത്തിലൂടെയും ഒരു സമാധാന ഉടമ്പടി കൈവരിക്കേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ചു.

കഴിഞ്ഞ വര്‍ഷം നവംബർ 6ന് പരിശുദ്ധ സിംഹാസനവും പലസ്തീൻ രാജ്യവും തമ്മിലുള്ള സമഗ്ര കരാറിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, വത്തിക്കാൻ അപ്പസ്തോലിക കൊട്ടാരത്തിൽ ലെയോ പതിനാലാമൻ പാപ്പ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ വത്തിക്കാനിൽ സ്വീകരിച്ചിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ കബറിടത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതിന് ശേഷമാണ് ലെയോ പാപ്പയെ പ്രസിഡന്‍റ് സന്ദര്‍ശിച്ചത്.

കൂടിക്കാഴ്ചയില്‍ ഗാസാ മുനമ്പില്‍ ഉൾപ്പെടെ ആക്രമണങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതിന്റെയും, അവ അവസാനിപ്പിക്കേണ്ടതിന്റെയും ആവശ്യവും അന്ന് ചർച്ചാവിഷയമായിരുന്നു. 2015-ല്‍ പരിശുദ്ധ സിംഹാസനവും പാലസ്തീനും തമ്മില്‍ ഒപ്പുവെച്ച ഉഭയകക്ഷി കരാർ പ്രകാരം പാലസ്തീന്റെ സ്വയം നിർണ്ണയാവകാശം, ഇരുരാഷ്ട്ര പരിഹാരം, യഹൂദർക്കും ക്രൈസ്തവർക്കും ഇസ്ലാം മതസ്ഥർക്കും ജെറുസലേം നഗരവുമായി ബന്ധപ്പെട്ട ആത്മീയ പ്രാധാന്യം എന്നിവ പ്രത്യേകം സൂചിപ്പിച്ചിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »