News - 2025
നാലുമാസം മുമ്പ് നേരിട്ട് അതിക്രമങ്ങളുടെ ഓർമ്മകളുമായി ക്രൈസ്തവർക്ക് പാകിസ്ഥാനിൽ ക്രിസ്തുമസ് ആഘോഷം
പ്രവാചകശബ്ദം 27-12-2023 - Wednesday
നാലു മാസങ്ങൾക്കു മുമ്പ് തീവ്ര മുസ്ലിം വിഭാഗക്കാരുടെ അതിക്രമങ്ങൾ നേരിട്ട പാകിസ്ഥാനിലെ ന്യൂനപക്ഷമായ ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുമസ് ആനന്ദത്തോടുകൂടി ആഘോഷിച്ചു. രാജവെമ്പാടും ദേവാലയങ്ങളും, തെരുവുകളും, പ്രകാശപൂരിതമായി മാറി. വിശ്വാസികൾ കുടുംബത്തോടൊപ്പം ക്രിസ്തുമസ് തിരുകർമ്മങ്ങളിൽ പങ്കെടുത്തു. മനുഷ്യാവകാശത്തിന് വേണ്ടിയുള്ള മന്ത്രാലയം ശനിയാഴ്ച ദിവസം ഇസ്ലാമാബാദിൽ സംഘടിപ്പിച്ച ഒരു പരിപാടിക്ക് ഇടയിൽ ഏത് മതത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണെങ്കിലും ആ വ്യക്തിക്ക് മറ്റുള്ളവരെ പോലെ തന്നെ തുല്യ അവകാശത്തിന് അർഹതയുണ്ടെന്ന് പാകിസ്ഥാനിലെ താൽക്കാലിക പ്രധാനമന്ത്രിയായ അൻവർ ഫുൾ ഹക്ക് പറഞ്ഞു.
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വിവിധ മതവിഭാഗങ്ങളുടെ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് കറാച്ചിയിലെയും, ഇസ്ലാമാബാദിലെയും, ലാഹോറിലെയും, മറ്റ് പ്രധാനപ്പെട്ട പട്ടണങ്ങളിലെയും ദേവാലയങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിക്കപ്പെട്ടു. സർക്കാർ, ക്രൈസ്തവ ഉദ്യോഗസ്ഥർക്ക് ശമ്പളം നേരത്തെ കൊടുക്കുകയും, അവധി അനുവദിക്കുകയും ചെയ്തുവെന്ന് പാകിസ്ഥാൻ ടുഡേ മാധ്യമം റിപ്പോർട്ട് ചെയ്തു.
ദേവാലയങ്ങളുടെ സുരക്ഷയും അധികൃതർ വർദ്ധിപ്പിച്ചിരുന്നു. രണ്ട് ക്രൈസ്തവർ ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ച് പഞ്ചാബ് പ്രവിശ്യയിലെ ജാരൻവാലയിൽ ഓഗസ്റ്റ് മാസം വലിയ കലാപമാണ് ക്രൈസ്തവർക്ക് നേരെ പൊട്ടിപ്പുറപ്പെട്ടത്. തീവ്ര മുസ്ലിം വിഭാഗക്കാർ നിരവധി ക്രൈസ്തവ ദേവാലയങ്ങൾ അക്രമിച്ചു. ഈ അക്രമങ്ങളെ രാഷ്ട്രീയ നേതാക്കളും, മതനേതാക്കളും ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.
