Videos

കൈകൾ കഴുകുന്ന പീലാത്തോസ് | നോമ്പുകാല ചിന്തകൾ | മുപ്പത്തിയഞ്ചാം ദിവസം

പ്രവാചകശബ്ദം 17-03-2024 - Sunday

"അവനെ ക്രൂശിക്കുക! ബഹളം വര്‍ദ്ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്‌സിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്" (മത്തായി 27:23).

ഈശോയെ മരണ ശിക്ഷക്കു വിട്ടുകൊടുത്തതുകൊണ്ട് "ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല" എന്ന് പറഞ്ഞുകൊണ്ട് പീലാത്തോസ് കൈകൾ കഴുകുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നാം കാണുന്നു- "അപ്പോള്‍ അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: അവന്‍ അവരോടു ചോദിച്ചു: അവന്‍ എന്തു തിന്‍മയാണ് ചെയ്തത്? അപ്പോള്‍ അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! ബഹളം വര്‍ദ്ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്‌സിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്. (മത്തായി 27:23-24).

മറ്റുള്ളവർ പാപം ചെയ്യുന്നതിന് നാം കാരണമാകുമ്പോഴും, പാപം ചെയ്യുന്നതിൽ നിന്നും നമ്മുടെ സഹോദരങ്ങളെ തടയാൻ നാം ശ്രമിക്കാതിരിക്കുമ്പോഴും നാം പീലാത്തോസിനെ പോലെ തെറ്റുചെയ്യുന്നു. നമ്മുടെ കുടുംബജീവിതത്തിലും, സാമൂഹ്യജീവിതത്തിലും, ജോലിമേഖലകളിലും മറ്റുള്ളവർ തെറ്റു ചെയ്യുമ്പോൾ നാം അതിനുനേരെ കണ്ണടക്കാറുണ്ടോ? നമ്മുടെ മൗനവും നിസ്സംഗതയും മറ്റുള്ളവരെ പാപത്തിലേക്ക് നയിച്ചിട്ടുണ്ടോ? നമ്മുക്ക് ആത്മശോധന ചെയ്യാം. ദൈവസ്നേഹത്തിനും സഹോദരസ്നേഹത്തിനും എതിരായി ചെയ്യുന്ന എല്ലാ പ്രവർത്തികളും പാപമാണ്. അതിനാൽ തന്നെ അതിൽ എനിക്കു പങ്കില്ല എന്ന് പറഞ്ഞ് നാം സ്വയം ന്യായീകരിക്കുമ്പോൾ നാമും പീലാത്തോസിനെപ്പോലെ കൈകൾ കഴുകുകയാണ് ചെയ്യുന്നത്.

സഭാപിതാവായ വിശുദ്ധ അംബ്രോസ് ഇപ്രകാരം പറയുന്നു: പീലാത്തോസ് തന്റെ കൈകൾ കഴുകുന്നു. എന്നാൽ തന്റെ പ്രവർത്തികൾ കഴുകി കളയുന്നില്ല (Exposition of the Gospel of Luke, 10.101-102).

നാം സത്യത്തിലും നീതിയിലും ജീവിക്കുന്നതോടൊപ്പം, നമ്മുടെ കുടുംബത്തെയും സമൂഹത്തെയും സത്യത്തിലേക്കും നീതിയിലേക്കും നയിക്കുവാനും നമ്മുക്ക് കടമയുണ്ട്. പ്രിയപ്പെട്ട സഹോദരങ്ങളെ ഈ നോമ്പുകാലത്ത് നമ്മുക്ക് ഒരു തീരുമാനമെടുക്കാം. നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും തിന്മ ഒഴിവാക്കുവാനുള്ള എല്ലാ പരിശ്രമങ്ങളും നമ്മുക്ക് ചെയ്യാം. അങ്ങനെ അവരെയും നമ്മുക്ക് നിത്യജീവനിലേക്ക് നയിക്കാം. അതിനുള്ള ഏകമാർഗം എല്ലാവരോടും ക്രിസ്‌തുവിനെ പ്രഘോഷിക്കുകയും ക്രിസ്‌തുവിന്റെ മാർഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ്. കാരണം ക്രിസ്‌തുവിന്റെ മാർഗ്ഗം ജീവനിലേക്കു നയിക്കുന്നു. അതിനു വിരുദ്ധമായ മാർഗ്ഗം നാശത്തിലേക്കു നയിക്കുന്നു (CCC 1696). ഈ രണ്ടു മാർഗ്ഗങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടന്നു തിരിച്ചറിയുവാൻ ഈ നോമ്പുകാലത്ത് നമ്മുക്ക് സാധിക്കട്ടെ.

More Archives >>

Page 1 of 31