News

ജെറുസലേം ലത്തീൻ പാത്രിയാർക്കീസ് ഗാസയില്‍

പ്രവാചകശബ്ദം 18-05-2024 - Saturday

ഗാസ: ഇസ്രായേലും ഹമാസും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി ജെറുസലേമിലെ ലത്തീൻ പാത്രിയർക്കീസ്. ജെറുസലേം പാത്രിയാർക്കീസ് പിയര്‍ബാറ്റിസ്റ്റ ​​പിസബല്ല ഗാസ നഗരത്തിൽ സന്ദര്‍ശനം നടത്തി. ഇന്നലെ മെയ് പതിനേഴാം തിയതി അദ്ദേഹം ഗാസയിലെ തിരുകുടുംബ ദേവാലയത്തിൽ അജപാലന സന്ദർശനം നടത്തുകയായിരിന്നു. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമാണിത്.

ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഇവിടെ അഭയാര്‍ത്ഥികളായി കഴിയുന്നത്. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് പ്രതീക്ഷയുടെയും ഐക്യദാർഢ്യത്തിന്റെയും സന്ദേശം കൊണ്ടുവരാനാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പാത്രിയാർക്കീസ് പറഞ്ഞു. സോവറിൻ ഓർഡർ ഓഫ് മാൾട്ടയുടെ ഗ്രാൻഡ് ഹോസ്പിറ്റലർ ഫ്രാ. അലസ്സാൻഡ്രോ ഡി ഫ്രാൻസിസും ഒരു പ്രതിനിധി സംഘവും കർദ്ദിനാൾ പിസബല്ലയോടൊപ്പം അവിടെ സന്ദർശനം നടത്തി.

പ്രാദേശിക സമൂഹത്തോടൊപ്പം അർപ്പിച്ച ദിവ്യബലിക്ക് നേതൃത്വം നൽകിയ ശേഷം, പാത്രിയർക്കീസ് സെന്റ് പോർഫിറിയസ് ഓർത്തഡോക്സ് ഇടവകയും സന്ദർശിച്ചു. ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനായി ലത്തീൻ പാത്രിയാർക്കേറ്റും സോവറിൻ ഓർഡർ ഓഫ് മാൾട്ടയും സംഘടിപ്പിച്ച ദൗത്യത്തിന്റെ ആദ്യ ചുവടുവെയ്പ്പായാണ് ഈ സന്ദർശനത്തെ വിലയിരുത്തുന്നത്.


Related Articles »