നസിയാൻസിലെ ഗ്രിഗറി: " വിവിധതരം സ്‌നാനങ്ങൾ ഉണ്ട്. മോശ വെള്ളത്തിലും മേഘത്തിലും കടലിലും ആലങ്കാരികാർത്ഥത്തിൽ സ്‌നാനമേകി . അനുതാപത്തിന്റെ സ്‌നാനമാണ് യോഹന്നാൻ നൽകിയത്. എങ്കിലും "അരൂപിയിലുള്ള സ്‌നാനം" എന്ന് അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല . ഈശോയാകട്ടെ അരൂപിയിൽ സ്‌നാനപ്പെടുത്തുന്നു. ഇതാണ് സ്‌നാനത്തിന്റെ പൂർണ്ണത. രക്തസാക്ഷിത്വംവഴി കൈവരുന്ന സ്‌നാനമാണ് നാലാമത്തേത്. മിശിഹാ മുങ്ങിയ സ്‌നാനം എന്ന പ്രത്യേകത ഇതിനുണ്ട്. ഈ സ്‌നാനം സ്വീകരിച്ചവരിൽ പിന്നീടൊരിക്കലും പാപക്കറ പുരളാത്തതിനാൽ മറ്റു സ്നാനങ്ങളെക്കാൾ ശ്രേഷ്‌ഠമാണ്. അഞ്ചാമതൊരു സ്‌നാനമുണ്ട്. കണ്ണീരിന്റെ മാമ്മോദീസാ. അത് തുലോം ക്ലേശകരമത്രെ. ഈ കണ്ണീരുകൊണ്ടാണ് ദാവീദ് രാത്രിതോറും കരഞ്ഞ് തന്റെ കിടക്ക നനച്ചത് (Oration 39 , On the Holy Lights).
⧪ 1,6 a: മരുഭൂമിയിലെ ആത്മീയ ഭക്ഷണം
അലക്‌സാൻഡ്രിയായിലെ ക്ലെമന്റ്: ആഡംബരത്തിന്റെ ഗന്ധം പുരണ്ടവയെന്ന നിലയിൽ ആട്ടിൻപറ്റത്തിന്റെ രോമങ്ങളെ വേണ്ടെന്നുവച്ച് യോഹന്നാൻ ലാളിത്യത്തിന്റെയും മിതത്വത്തിന്റെയും ജീവിതശൈലിക്കു ചേർന്ന ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം തെരഞ്ഞെടുത്തു. അവൻ "വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചു" (മർക്കോ 1,6: മത്താ 3, 4). കർത്താവിന്റെ വിനയത്തിന്റെയും ആത്‌മനിയന്ത്രണത്തിന്റെതുമായ മാർഗത്തിന് ചേർന്നവിധം യോഹന്നാൻ മധുരവും ശുദ്ധവുമായ ഭക്ഷണം ശീലിച്ചു.
ചെമന്ന പട്ടുകുപ്പായം ധരിക്കാൻ യോഹന്നാനു കഴിയുമായിരുന്നില്ല. നഗര ജീവിതത്തിന്റെ നാട്യങ്ങളെ നിരസിച്ച് മരുഭൂമിയുടെ പ്രശാന്തതയിൽ നിലനിന്നവനാണദ്ദേഹം. വിലകെട്ടതോ മാന്യമല്ലാത്തതോ ആയ ഒന്നും അദ്ദേഹത്തെ ആകർഷിച്ചില്ല; നിസ്സാര കാര്യങ്ങളോടദ്ദേഹം ഒട്ടിപ്പിടിച്ചുമില്ല (Christ the Educator 2.11).
യോഹന്നാന്റെ പ്രഘോഷണവും ക്രിസ്‌തീയ ജീവിതചര്യയും
ജറോം: ഭക്തയായ മാതാവിൽനിന്നും പുരോഹിതനായ പിതാവിൽ നിന്നും പിറന്നവനാണ് യോഹന്നാൻ. എങ്കിലും മാതാവിന്റെ വാത്സല്യമോ പിതാവിന്റെ സമ്പദ്‌സമൃദ്ധിയോ അവനെ വീടിനോട് ചേർത്ത് നിർത്താൻ പര്യാപ്‌തമായില്ല. ലോകത്തിന്റെ പ്രലോഭനങ്ങളെ മറികടന്ന് അവൻ മരുഭൂമിയിൽ പോയി പാർത്തു. മിശിഹായെ തിരയുന്ന തന്റെ കണ്ണുകളെ മറ്റൊന്നിലേക്കും തിരിക്കാൻ അവൻ സമ്മതിച്ചില്ല.
അദ്ദേഹത്തിന്റെ പരുക്കൻ കുപ്പായവും തോലുകൊണ്ടുള്ള അരപ്പട്ടയും വെട്ടുക്കിളിയും കാട്ടുതേനുമുൾപ്പെട്ട ഭക്ഷണക്രമം പുണ്യത്തിനും വിരക്തിക്കും പ്രോത്സാഹനം നൽകാനുദ്ദേശിച്ചുള്ളവയായിരുന്നു. പഴയനിയമത്തിലെ സന്യാസികളായ പ്രവാചകന്മാരുടെ പിന്മുറക്കാർ ജനനിബിഡമായ നഗരങ്ങളുപേക്ഷിച്ച്, ജോർദ്ദാന്റെ തീരങ്ങളിൽ കുടിലുകൾ തീർത്ത്, പച്ചിലകളും ധാന്യക്കൂട്ടുകളും മാത്രമുപജീവിച്ച് വസിക്കാനാരംഭിക്കും (2 രാജാ 4,38-39, 6, 1-2). വസതിയിലായിരിക്കുമ്പോൾ സ്വന്തം അറ നിങ്ങൾക്ക് സ്വർഗ്ഗമായിരിക്കട്ടെ. അവിടെ തിരുലിഖിതങ്ങളുടെ ഫലങ്ങൾ നിങ്ങൾ ശേഖരിക്കുവിൻ. അവ നിങ്ങളുടെ ഉറ്റ മിത്രങ്ങളായിരിക്കട്ടെ. അവയുടെ അനുശാസനങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുവിൻ (സങ്കീ 119, 69) Letter to Rusticus 7).
ഉന്നതതരമായ പൗരോഹിത്യത്തിന്റെ മുന്നോടി
ബീഡ്: സ്വർണ്ണനാരിഴ ചേർത്തു നെയ്തെടുത്ത പ്രധാനപുരോഹിതന്റെ വസ്ത്രത്തെക്കാൾ ഒട്ടക രോമം കൊണ്ടുള്ള വസ്ത്രത്തെ യോഹന്നാൻ വിലമതിച്ചു. പരമ്പരയാ അവകാശമായിരുന്ന പ്രധാനപുരോഹിതന്റെ സ്ഥാനവും വസ്ത്രവും വേണ്ടെന്നു വച്ചതുതന്നെ കൂടുതൽ ശ്രേഷ്‌ഠമായ പൗരോഹിത്യത്തിന്റെ മുന്നോടിയാണ് താൻ എന്നു സൂചിപ്പിക്കാനായിരുന്നില്ലേ? (Homilies on the Gospels 2.19).
⧪ 1, 6b : തോലുകൊണ്ടുള്ള അരപ്പട്ട
ക്രിസോസ്‌തോം: തോലുകൊണ്ടുള്ള അരപ്പട്ട ഏലിയായും മറ്റനേകം വിശുദ്ധ മനുഷ്യരും അധ്വാനത്തിലായിരുന്നപ്പോഴോ ദീർഘയാത്രയിലോ അധ്വാനം ആവശ്യമായ മറ്റു സന്ദർഭങ്ങളിലോ ആണ് ധരിച്ചത്. ആഭരണങ്ങളുപേക്ഷിച്ച് കഠിനമായ ജീവിതചര്യ പിന്തുടർന്നതുകൊണ്ടുമാകാം അവർ ഇപ്രകാരം തോൽ ധരിച്ചത്. നമുക്കും ധൂർത്തുപേക്ഷിക്കുകയും മിതത്വത്തിന്റെ പാനപാത്രത്തിൽ നിന്നു കുടിക്കുകയും മതിപ്പുളവാക്കുന്ന ജീവിതശൈലി സ്വീകരിക്കുകയും ചെയ്യാം. പ്രാർത്ഥനയിൽ നമുക്ക് ആത്മാർത്ഥതയോടെ മുഴുകാം. നമ്മൾ പ്രാർത്ഥിക്കുന്നത് നമുക്ക് ലഭിക്കുന്നില്ലെങ്കിൽ ലഭിക്കുന്നതുവരെ പ്രാർത്ഥനയിൽ നിലനിൽക്കാം. നമ്മൾ പ്രാർത്ഥിക്കുന്നത് നമുക്ക് ലഭിക്കുന്നില്ലെങ്കിൽ ലഭിച്ചതിനെപ്രതി നമുക്ക് കൂടുതലായി പ്രാർത്ഥനയിൽ നിലനിൽക്കാം. നമ്മൾ യാചിക്കുന്നവ നിരസിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല, മറിച്ച്, തന്റെ ജ്ഞാനത്തിൽ അത് വൈകിച്ചുകൊണ്ട്, നമ്മെ പ്രാർത്ഥനയിൽ സ്ഥിരപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് (The Gospel of St. Mathew, Homily 10).
ഏലിയായും യോഹന്നാനും
ജറോം: ഏലിയായെപ്പോലെ യോഹന്നാനും തുകൽ കൊണ്ടുള്ള അരപ്പട്ട ധരിച്ചു. ഏലിയാ ഇളക്കമുള്ളവൻ ആയിരുന്നില്ല: മറിച്ച് ഉറപ്പും പൗരുഷവുമുള്ളവനായിരുന്നു (Homily on the Exodus).
⧪ 1,6c : വെട്ടുക്കിളിയും കാട്ടുതേനും
ക്രിസോസ്‌തോം: യുഗയുഗാന്തരങ്ങളായി മനുഷ്യവംശം വഹിച്ചിരുന്ന ഭാരങ്ങളായ അദ്ധ്വാനം, ശാപവചസ്സുകൾ, വേദന, വിയർപ്പ് എന്നിവ സ്വയം ഏറ്റെടുക്കാൻ വന്നവന്റെ മുന്നോടിയായ യോഹന്നാൻ വരാനിരിക്കുന്ന ദാനങ്ങളുടെ പ്രതീകമെന്ന നിലയിൽ ഇത്തരം യാതനകൾക്കുപരി നിലകൊള്ളേണ്ടിയിരുന്നു. യോഹന്നാൻ നിലം ഉഴുകുകയോ ഉഴവുചാലുകൾ ഇളക്കുകയോ സ്വന്തം വിയർപ്പിന്റെ ഫലമായ അപ്പം ഭക്ഷിക്കുകയോ ചെയ്‌തില്ല.
അവന്റെ ഭക്ഷണമേശ അനായാസം ഒരുക്കപ്പെട്ടിരുന്നു. അതിനേക്കാൾ എളുപ്പത്തിൽ ധരിക്കാനുള്ള വസ്ത്രവും അതീവ എളുപ്പത്തിൽ വാസസ്ഥലവും തയ്യാറാക്കാൻ അവനു കഴിഞ്ഞിരുന്നു. മേൽക്കൂരയോ കിടക്കയോ മേശയോ അവന് വേണ്ടിയിരുന്നില്ല. മനുഷ്യശരീരത്തിലായിരുന്നപ്പോഴും മാലാഖമാരുടേതിനു തുല്യമായ ജീവിതം യോഹന്നാൻ നയിച്ചു.. ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം സ്വീകരിച്ചതുവഴി നിരവധി കാര്യങ്ങൾ അവൻ നമ്മെ പഠിപ്പിക്കുന്നു. മാനുഷികാവശ്യങ്ങളെക്കുറിച്ച് നമ്മൾ വ്യഗ്രചിത്തരാകേണ്ട. ഈ ഭൂമിയോട് ബന്ധിതരായിത്തീരുകയുമരുത്. (വസ്ത്രങ്ങൾ ആവശ്യമില്ലാതെ) ആദം ജീവിച്ചിരുന്ന ആദിമ പരിശുദ്ധിയിലേക്ക് നമ്മൾ മടങ്ങണം (The gospel of St . Matthew, Homily 10).
ഇടുങ്ങിയ വഴിയിലൂടെ കടക്കുക
ജറുസലേമിലെ സിറിൾ: തന്റെ ആത്മാവിന് ചിറകുകൾ മുളപ്പിക്കാൻ യോഹന്നാൻ വെട്ടുക്കിളികളെ ഭക്ഷിച്ചു. തേൻ ഭുജിച്ച അദ്ദേഹത്തിന്റെ വാക്കുകൾക്ക് തേനിനേക്കാൾ മേന്മയും മധുരവുമുണ്ടായിരുന്നു. ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ച് അദ്ദേഹം വിശുദ്ധ ജീവിതം നയിച്ചുവന്നു. കല്ലിടുക്കുകളിലൂടെ നുഴഞ്ഞു കടന്നുപോകുന്ന സർപ്പത്തിന്റെ വാർദ്ധക്യം ബാധിച്ച ശൽക്കങ്ങൾ ഉരിഞ്ഞുമാറ്റപ്പെടുകയും ചർമ്മം പുതുതാക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. അങ്ങനെ അതിന്റെ ശരീരം ചെറുപ്പമാക്കപ്പെടുന്നു. അതിനാൽ, "ഇടുങ്ങിയതും ഋജൂവായതുമായ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുവിൻ" (മത്താ 7:13-14, ലൂക്കാ 13,24). ഉപവാസംവഴി ഞെരുക്കപ്പെടുകയും പഴയ മനുഷ്യൻ ഉരിഞ്ഞുമാറ്റപ്പെടുകയും ചെയ്യട്ടെ. നാശത്തിൽനിന്ന് ഓടിയകലുവിൻ."പഴയ പ്രകൃതിയെ അതിന്റെ ചെയ്തികളോടൊപ്പം നിഷ്ക്കാസനം ചെയ്യുവിൻ" (എഫേ 4,22; കൊളോ 3, 9)(The Catechetical Lecturers 3,6)
⧪ 1,7a: എന്നേക്കാൾ ശക്തൻ
ജറുസലേമിലെ സിറിൾ: യോഹന്നാനെക്കാൾ വലിയവനില്ല. തിഷ്ബ്യനായ ഏലിയാ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടവനാണെങ്കിലും യോഹന്നാനെക്കാൾ വലിയവനല്ല (2 രാജാ 2,11) ഹെനോക്കും സ്വർഗ്ഗത്തിലേക്കെടുക്കപ്പെട്ടവനാണെങ്കിലും (ഉൽപ 5,24) യോഹന്നാനെക്കാൾ വലിയവനല്ല. മോശ നിയമദാതാക്കളിൽ ഏറ്റവും ഉന്നതനാണ്. പ്രവാചകരെല്ലാംതന്നെ മഹാത്മാക്കളാണെങ്കിലും യോഹന്നാനെക്കാൾ വലിയവരല്ല. ഇപ്രകാരം താരതമ്യം ചെയ്യാൻ ഞാൻ തുനിഞ്ഞതിനു കാരണം നമ്മുടെയും അവരുടെയും നാഥൻ തന്നെ ഇങ്ങനെ പ്രഖ്യാപിച്ചിട്ടുള്ളതാണ്: "സ്ത്രീകളിൽ നിന്നും ജനിച്ചവരിൽ സ്നാപകനേക്കാൾ വലിയവനില്ല", (ലൂക്കാ 7,28). "കന്യകകളിൽ നിന്നും ജനിച്ചവരിൽ" എന്നല്ല, "സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ" എന്നാണ് പറഞ്ഞതെന്ന് ശ്രദ്ധിക്കണമെന്നുമാത്രം (The Catechetical Lectures 3.6. )
യോഹന്നാൻ നൽകിയ സ്‌നാനവും ക്രിസ്‌തീയ മാമ്മോദീസയും
അംബ്രോസ്: അനുതാപം കൂടാതെ കൃപ ലഭിക്കുന്നില്ല. കൃപയില്ലാതെ അനുതാപവും. ആദ്യമേ അനുതാപം കൊണ്ട് പാപത്തെ തള്ളിപ്പറയണം; അപ്പോൾ കൃപ പാപത്തെ തുടച്ചുനീക്കും. അപ്രകാരം പഴയനിയമത്തിന്റെ പ്രതിരൂപമായ യോഹന്നാൻ അനുതാപത്തിന്റെ സ്‌നാനവുമായി വന്നു. മിശിഹാ കൃപയേകാൻ വന്നു (Epistle 84).
മാമ്മോദീസായ്ക്കു മുന്നോടി
ജറോം: യോഹന്നാൻ എന്ന വ്യക്തി മിശിഹായുടെ മുന്നോടിയായിരുന്നതു പോലെ അവൻ നൽകിയ സ്‌നാനം മിശിഹാ നൽകുന്ന മാമ്മോദീസായ്ക്കു മുന്നോടിയാണ് (The Dialogue Against the Luciferians).
ഒട്ടകരോമവും കുഞ്ഞാടിന്റെ പുറങ്കുപ്പായവും
ജറോം: