News

റോം മേയര്‍ക്കു നന്ദിയര്‍പ്പിച്ച് കർദ്ദിനാൾ സംഘം

പ്രവാചകശബ്ദം 02-05-2025 - Friday

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ രോഗാവസ്ഥയിലും, നിര്യാണത്തിന് ശേഷമുള്ള ചടങ്ങുകളിലും റോം നഗരമേകിയ സഹായസഹകരണങ്ങൾക്ക് കർദ്ദിനാൾ സംഘത്തിന്റെ പേരിൽ റോം മേയറിന് നന്ദി പറഞ്ഞ് കർദ്ദിനാൾ ജിയോവാന്നി ബാറ്റിസ്റ്റ റേ. കഴിഞ്ഞ ദിവസങ്ങളിൽ റോമിലേക്കു എത്തിയ ലക്ഷകണക്കിന് തീർത്ഥാടകർക്കും വിശ്വാസികൾക്കും യാത്രാസൗകര്യമുൾപ്പെടെയുള്ള കാര്യങ്ങളിൽ റോം നഗരവും ഇവിടെയുള്ള സന്നദ്ധസേവനപ്രവർത്തകരുൾപ്പെടെയുള്ള ആളുകളും നൽകിയത് വിലയേറിയ സേവനങ്ങളാണെന്ന് കർദ്ദിനാൾ സംഘത്തിന്റെ ഡീൻ റോം മേയര്‍ റൊബെർത്തോ ഗ്വാൽത്തിയേരിക്കെഴുതിയ കത്തിൽ കുറിച്ചു.

ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിലും, യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നെത്തിയ ഔദ്യോഗിക പ്രതിനിധി സംഘങ്ങൾക്കും വത്തിക്കാനിലേക്കുള്ള യാത്ര സുഗമമാക്കിയതിന് റോം ഭരണകൂടത്തിന്റെയും മറ്റു ഘടകങ്ങളുടെയും സേവനങ്ങൾ ലഭ്യമായിരുന്നതും കർദ്ദിനാൾ തന്റെ കത്തിൽ പ്രത്യേകം അനുസ്മരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസിസ് പാപ്പയുടെ അവസാനദിനങ്ങളിൽ, പ്രത്യേകിച്ച് രോഗാവസ്ഥയിലും മരണത്തിലും വത്തിക്കാനിലെത്തിയ അസംഖ്യം വിശ്വാസികൾക്കൊപ്പം റോമും പാപ്പായ്ക്ക് സമീപസ്ഥമായിരുന്നുവെന്ന് കർദ്ദിനാൾ റേ തന്റെ സന്ദേശത്തിൽ കുറിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികൾക്കൊപ്പം പാപ്പയുടെ വിയോഗത്തിൽ റോമാ നഗരവും പങ്കു ചേർന്നുവെന്നും, പാപ്പയുടെ ഭൗതികശരീരത്തിന് മുന്നിൽ അന്ത്യോപചാരമർപ്പിക്കാൻ അവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ മുന്നിൽ നിന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഇറ്റലിയുടെ തലസ്ഥാനം കൂടിയായ റോമിലെ ഭരണകൂടത്തിനും പൊതു, സ്വകാര്യസംഘടനകൾക്കും, സന്നദ്ധപ്രവർത്തകർക്കും എല്ലാ പൗരന്മാർക്കും തങ്ങളുടെ പേരിലുള്ള നന്ദി കർദ്ദിനാൾ റേ അറിയിച്ചു. അതേസമയം പാപ്പയുടെ കല്ലറ സ്ഥിതി ചെയ്യുന്ന സെന്‍റ് മേരി മേജര്‍ ബസിലിക്ക സന്ദര്‍ശിക്കുവാന്‍ ആയിരകണക്കിന് തീർത്ഥാടകരുമാണ് ദിനംപ്രതി വത്തിക്കാനിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. ഇതിനും വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »