News - 2025
ജർമ്മനിയിൽ 'ക്രൈസ്തവ വിരുദ്ധത' കൂടുന്നു; കുറ്റകൃത്യങ്ങളിൽ 20% വർദ്ധനവ്
പ്രവാചകശബ്ദം 24-05-2025 - Saturday
ബെര്‍ലിന്‍: ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ജർമ്മനിയിൽ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങളിൽ വർദ്ധനവ്. 2024-ൽ ജർമ്മനിയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ 20% വര്‍ദ്ധനവ് ഉണ്ടായതായി ഫെഡറൽ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ ക്രിമിനൽ പോലീസ് ഓഫീസും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവാലയങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ മാത്രം ആകെ 111 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തുവെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ജർമ്മൻ ഭാഷാ വാർത്താ പങ്കാളിയായ സിഎൻഎ ഡച്ച് റിപ്പോർട്ട് ചെയ്തു.
2024 ന്റെ തുടക്കം മുതൽ 2024 ഡിസംബർ 10 വരെ, "ക്രിസ്ത്യൻ വിരുദ്ധ" ആക്രമണവുമായി ബന്ധപ്പെട്ട് ആകെ 228 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തതായി ജർമ്മൻ സർക്കാർ റിപ്പോർട്ട് ചെയ്തു. അതിൽ ഒരു കൊലപാതകം, 14 ആക്രമണങ്ങൾ, 52 സ്വത്ത് നാശനഷ്ട കേസുകൾ എന്നിവ ഉൾപ്പെടുന്നു. ഇതേ കാലയളവിൽ, ദേവാലയങ്ങള്‍ക്ക് നേരെ 96 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ മത സമൂഹങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
2023 ൽ ഇത് 7,029 ആയിരുന്നു. 2024 ൽ ഇത് 8531 ആയി ഉയര്‍ന്നു. വിവിധ മത സമൂഹങ്ങളിലെ അംഗങ്ങൾക്കും പ്രതിനിധികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ 22% വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിയന്ന ആസ്ഥാനമായുള്ള സർക്കാരിതര സംഘടനയായ ഒബ്സർവേറ്ററി ഓൺ ഇന്റോളറൻസ് ആൻഡ് ഡിസ്ക്രിമിനേഷൻ എഗൈൻസ്റ്റ് ക്രിസ്ത്യാനികൾ ഇൻ യൂറോപ്പ് (OIDAC യൂറോപ്പ്) ജർമ്മനിയിൽ ക്രിസ്ത്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ വര്‍ദ്ധിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
