News - 2025
മെക്സിക്കോയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു
പ്രവാചകശബ്ദം 02-07-2025 - Wednesday
മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു. ടബാസ്കോ രൂപതാംഗമായ ഫാ. ഹെക്ടർ അലജാൻഡ്രോ പെരെസ് എന്ന വൈദികനാണ് രോഗിയായ ഇടവകാംഗത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ വെടിയേറ്റത്. ജൂണ്‍ 30 പ്രാദേശിക സമയം ഏകദേശം 5:45നാണ് വെടിയേറ്റത്. ടബാസ്കോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ വില്ലഹെർമോസയിലുള്ള സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ഇടവക വികാരിയാണ് ഫാ. ഹെക്ടർ അലജാൻഡ്രോ.
വൈദികന്റെ ആരോഗ്യ നിലയിലെ അഭിവൃദ്ധിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു ബിഷപ്പ് ജെറാർഡോ റോജാസ് ലോപ്പസ് അഭ്യര്‍ത്ഥിച്ചു. അക്രമി ആളുമാറി വെടിവെച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വലിയ രീതിയില്‍ രക്തം വാര്‍ന്നതും ആന്തരിക മുറിവുകളുടെ സങ്കീർണ്ണതയും കാരണം വൈദികന്റെ സ്ഥിതി ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ഗവർണർ ജാവിയർ മെയ് റോഡ്രിഗസ് വൈദികന് നേരെയുള്ള ആക്രമണത്തെ അപലപിച്ചു. കത്തോലിക്ക സഭയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും ഉത്തരവാദികളായവരെ കണ്ടെത്തുമെന്നും അക്രമി ശിക്ഷിക്കപ്പെടാതെ പോകില്ലായെന്നും ഗവര്‍ണര്‍ ഉറപ്പുനല്‍കി.
മെക്സിക്കൻ മെത്രാന്‍ സമിതിയും അക്രമത്തെ അപലപിച്ചു രംഗത്തുവന്നു. X-ൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിൽ മെക്സിക്കൻ മെത്രാന്‍ സമിതി ആക്രമണത്തെ അപലപിച്ചു. ഫാ. ഹെക്ടർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനു കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിന് ഏല്‍പ്പിക്കുകയാണെന്നും ജീവന്റെ കർത്താവിനോട് പ്രാർത്ഥനകൾ അർപ്പിക്കുകയാണെന്നും ടബാസ്കോ രൂപതയ്ക്കും സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ഇടവക സമൂഹത്തിനും പിന്തുണ വാഗ്ദാനം ചെയ്യുകയാണെന്നും മെക്സിക്കൻ മെത്രാന്‍ സമിതി പ്രസ്താവിച്ചു. ലോകത്ത് വൈദികര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യമാണ് മെക്സിക്കോ.
