News - 2025

കഴിഞ്ഞ മാസം വിയറ്റ്നാമില്‍ തിരുപ്പട്ടം സ്വീകരിച്ചത് നാല്‍പ്പതോളം ഡീക്കന്മാര്‍

പ്രവാചകശബ്ദം 04-07-2025 - Friday

ഹോ ചി മിൻ സിറ്റി: യേശുവിന്റെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിന്ന കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വിയറ്റ്നാമില്‍ പുതുതായി തിരുപ്പട്ടം സ്വീകരിച്ചത് നാല്‍പ്പതോളം നവവൈദികര്‍. വിവിധ രൂപതകളിലായാണ് ഇത്രയും തിരുപ്പട്ട സ്വീകരണം നടന്നത്. യേശുവിന്റെ തിരുഹൃദയ തിരുനാളും വൈദികരുടെ വിശുദ്ധീകരണ ദിനവുമായി ആചരിച്ച ജൂൺ 27ന്, ഹോ ചി മിൻ സിറ്റി അതിരൂപതയ്ക്കു വേണ്ടി മാത്രം 21 നവവൈദികരാണ് തിരുപ്പട്ടം സ്വീകരിച്ചത്.

നാങ് രൂപതയില്‍ ആറ് ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിച്ചത്. ജൂൺ 24ന് കത്തീഡ്രൽ ദേവാലയത്തിലെ നിരവധി വിശ്വാസികളുടെ സാന്നിധ്യത്തിൽ നടത്തിയ സ്ഥാനാരോഹണ ദിവ്യബലിയിൽ ഹുയേയിലെ ആർച്ച് ബിഷപ്പും ഡാ നാങ്ങിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ആർച്ച് ബിഷപ്പ് ജോസഫ് ഡാങ് ഡക് എൻഗാൻ മുഖ്യകാര്‍മ്മികനായി. തങ്ങൾക്കുവേണ്ടി ജീവിക്കാനല്ല, മറ്റൊരു ക്രിസ്തുവാകാനാണ് നവവൈദികര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും എല്ലാവർക്കും എല്ലാമാകാനാണ് നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നും പറഞ്ഞു.

ജൂൺ 25ന് കാൻ തോ രൂപതയിലെ സോക് ട്രാങ് കത്തീഡ്രലിൽവെച്ച് ബിഷപ്പ് പീറ്റർ ലെ ടാൻ ലോയ് 13 പുതിയ ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കിയിരിന്നു. ബാ റിയ രൂപതയിലെ ഔവർ ലേഡി ഓഫ് ബായ് ഡൗ ദേവാലയത്തിൽ, ബിഷപ്പ് ഇമ്മാനുവൽ ന്യൂയെൻ ഹോങ് സൺ ജൂൺ 27ന് ആറ് ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കി. വിയറ്റ്നാമിൽ ഏകദേശം 93 ദശലക്ഷം ജനങ്ങളാണുള്ളത്. ഇതിൽ ഏകദേശം 6.8 ദശലക്ഷം, അതായത് ജനസംഖ്യയുടെ 7.4% കത്തോലിക്ക വിശ്വാസികളാണ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »