News - 2025
നാളെ മുതല്‍ 10 ലക്ഷം ജപമാല സമര്‍പ്പിക്കാന്‍ കൊളംബിയയിലെ വിശ്വാസി സമൂഹം
പ്രവാചകശബ്ദം 19-07-2025 - Saturday
ബൊഗോട്ട: കൊളംബിയയുടെ സ്വാതന്ത്ര്യ ദിനമായ നാളെ ജൂലൈ 20 മുതല്‍ രാജ്യത്തിനകത്തും പുറത്തുമായി 10 ലക്ഷം ജപമാല സമര്‍പ്പിക്കാന്‍ വിശ്വാസി സമൂഹം. ആയിരക്കണക്കിന് ആളുകളെ ആകർഷിച്ച "കൊളംബിയയ്‌ക്കായി ഒരു ദശലക്ഷം ജപമാലകൾ; ഒരു ശബ്ദം" എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് ജപമാല സമര്‍പ്പണം നടത്തുന്നത്. നാളെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ജപമാല ആരംഭിക്കുന്ന വിധത്തിലാണ് ക്രമീകരണം. ഈ സമയം രാജ്യത്ത് സമാധാനത്തിനായി പ്രാർത്ഥിക്കുകയും രാജ്യത്തെ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിക്കുകയും ചെയ്യും.
തെക്കു പടിഞ്ഞാറൻ കൊളംബിയയിലെ കോക്ക, വല്ലെ ഡെൽ കോക്ക തുടങ്ങിയ മേഖലകളില്‍ നടന്ന ഭീകരാക്രമണങ്ങളും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രസിഡന്റ് സ്ഥാനാർത്ഥി മിഗുവൽ ഉറിബെ ടർബെയ്‌ക്കെതിരായ ആക്രമണവും ഉള്‍പ്പെടെ കൊളംബിയയില്‍ ഉടലെടുത്ത വിവിധങ്ങളായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ജപമാല സമര്‍പ്പണം.
ബൊഗോട്ട അതിരൂപത വൈദികനായ ഫാ. ഡാനിയേൽ ബുസ്റ്റമാന്റേയുടെ ആഹ്വാന പ്രകാരം 'വൺ മില്യൺ റോസറി, വൺ വോയ്‌സ്' എന്ന പരിപാടിയുടെ ഭാഗമായാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ ഒന്നുചേരുന്നത്. ഇടവക സമൂഹങ്ങൾ, മരിയൻ പ്രസ്ഥാനങ്ങൾ, സ്കൂളുകൾ, കുടുംബങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ജപമാല സമര്‍പ്പണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
