News - 2025

ഗാസയിലെ കത്തോലിക്ക ദേവാലയത്തിന് നേരെയുണ്ടായത് ആകസ്മികമായി സംഭവിച്ച ആക്രമണമെന്ന് ഇസ്രായേല്‍

പ്രവാചകശബ്ദം 24-07-2025 - Thursday

ജെറുസലേം: ഗാസയിലെ ഹോളി ഫാമിലി കത്തോലിക്ക ദേവാലയത്തിനു നേരെ ഉണ്ടായത് ആകസ്മികമായി സംഭവിച്ച ആക്രമണമാണെന്ന് ഇസ്രായേല്‍. ആക്രമണത്തിനു കാരണമായത് "യുദ്ധസാമഗ്രികളുടെ വ്യതിയാനം" ആണെന്നും ഇസ്രായേൽ പ്രതിരോധ സേന (IDF) ഇന്നലെ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ന്യായീകരിച്ചു. കഴിഞ്ഞ ജൂലൈ 17നു ഇസ്രായേല്‍ നടത്തിയ ആക്രമണത്തിൽ ദേവാലയത്തില്‍ അഭയം തേടിയ മൂന്ന് സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുകയും ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു.

ഹോളി ഫാമിലി ഇടവകയിൽ നടന്നത് തെറ്റായ ആക്രമണം ആയിരിന്നതായി ഇസ്രായേൽ ഉദ്യോഗസ്ഥർ പ്രസ്താവിച്ചു. ഇന്നലെ ജൂലൈ 23ന് പുറത്തിറക്കിയ പ്രസ്താവനയിൽ, അബദ്ധത്തിൽ വെടിവയ്പ്പ് ഉണ്ടായതായും ആക്രമണത്തിന്റെ ആഘാതം നിമിത്തം ദേവാലയത്തിന്റെ ഘടനയ്ക്ക് കേടുപാടുകൾ സംഭവിച്ചത് അംഗീകരിക്കുന്നതായും ഐഡിഎഫ് സൈനിക വക്താവ് നദവ് ഷോഷാനി സമ്മതിച്ചു. സൈനീക ലക്ഷ്യങ്ങൾക്കെതിരെ മാത്രമാണ് ഐഡിഎഫ് സൈനിക ആക്രമണം നടത്തുന്നതെന്നും മതസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു നേരെ ആക്രമണം നടത്തുന്നത് ലഘൂകരിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഇസ്രായേല്‍ നടപടിയില്‍ ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് രൂക്ഷ വിമര്‍ശനവുമായി നേരത്തെ തന്നെ രംഗത്ത് വന്നിരിന്നു. മനുഷ്യത്വരഹിതമായ ആക്രമണങ്ങളെ ഇസ്രായേല്‍ ന്യായീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലായെന്നായിരിന്നു ജെറുസലേമിലെ ലാറ്റിന്‍ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയുടെ പ്രസ്താവന. 2023 ഒക്ടോബറിൽ ഇസ്രായേൽ -ഹമാസ് സംഘർഷം ആരംഭിച്ചതുമുതൽ ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഉള്‍പ്പെടെ അറുനൂറിലധികം ആളുകൾക്ക് അഭയകേന്ദ്രമായി പ്രവർത്തിച്ച ദേവാലയത്തിന് നേരെയായിരിന്നു ആക്രമണം.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »