News - 2025
ഒന്‍പത് ദിവസത്തെ അന്യായ ജയില്‍ വാസത്തിന് ശേഷം കന്യാസ്ത്രീകള്‍ പുറത്തിറങ്ങി
പ്രവാചകശബ്ദം 02-08-2025 - Saturday
റായ്‌പുർ: അന്യായമായി തടവിലാക്കപ്പെട്ട ഛത്തീസ്‌ഗഡിലെ മലയാളി കന്യാസ്ത്രീകള്‍ ഒന്‍പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങി. അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ. ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഒമ്പത് ദിവസത്തിന് ശേഷം കന്യാസ്ത്രീകൾ ജയിൽ മോചിതരായത്. സന്തോഷം പങ്കുവെയ്ക്കാനും സിസ്റ്റര്‍മാരെ സ്വാഗതം ചെയ്യാനും നിരവധി പേരാണ് ജയിലിന് മുന്നിലെത്തിയത്.
ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. കേരളത്തിൽ നിന്നുള്ള വിവിധ രാഷ്ട്രീയ നേതാക്കള്‍ ജയിലിന് മുമ്പിൽ കന്യാസ്ത്രീകളെ സ്വീകരിക്കുന്നതിനായി ബന്ധുക്കൾക്കും മറ്റു കന്യാസ്ത്രീകൾക്കുമൊപ്പം നിലയുറപ്പിച്ചിരുന്നു. ഭരണഘടന അനുകൂല മുദ്രവാക്യം മുഴക്കിയാണ് കന്യാസ്ത്രീകളെ സ്വീകരിച്ചത്. സമീപത്തെ കന്യാസ്ത്രീ മഠത്തിലേക്കു ഇവരെ മാറ്റി. ഇനി ഇവിടെയായിരിക്കും കന്യാസ്ത്രീകള്‍ ഉണ്ടാകുക.
കഴിഞ്ഞ വെള്ളിയാഴ്ച ഛത്തീസ്‌ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ അറസ്റ്റിലായത്. തീവ്രഹിന്ദുത്വവാദികളായ ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി. അന്യായമായി തടവിലാക്കപ്പെട്ട സന്യസ്തരുടെ മോചനത്തിന് രാജ്യമെമ്പാടും വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
