News

ചരിത്രത്തിലാദ്യമായി വത്തിക്കാനില്‍ നീതി നടത്തിപ്പുകാരുടെ ജൂബിലി ആഘോഷം

പ്രവാചകശബ്ദം 19-09-2025 - Friday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ ജൂബിലി ചരിത്രത്തിൽ ആദ്യമായി, നീതി- ന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ജൂബിലി ആഘോഷത്തിനായി റോമ നഗരവും വത്തിക്കാനും തയ്യാറെടുക്കുന്നു. പ്രത്യാശയുടെ ക്രിസ്തു ജൂബിലി വർഷത്തോടനുബന്ധിച്ച്, നീതി നടത്തിപ്പുകാർക്ക് വേണ്ടി പ്രത്യേക ആഘോഷങ്ങൾ നാളെ റോമിൽ നടക്കും. ജഡ്ജിമാരും, മജിസ്‌ട്രേറ്റുമാരും, വക്കീലന്മാരും വിവിധ സർവ്വകലാശാലകളിൽ നിന്നുള്ളവരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പ്രതിനിധികൾ നാളെ നടക്കുന്ന ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുമെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററി വാർത്താക്കുറിപ്പിൽ അറിയിച്ചു.

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ലെയോ പതിനാലാമൻ പാപ്പ പ്രത്യേക സദസിൽ അംഗങ്ങളെ സ്വീകരിക്കും. ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, പോളണ്ട്, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ബ്രസീൽ, അർജന്റീന, മെക്സിക്കോ, കൊളംബിയ, ചിലി, ഓസ്‌ട്രേലിയ, നൈജീരിയ, പെറു, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ ഉൾപ്പെടെ ഏകദേശം 100 രാജ്യങ്ങളിൽ നിന്നുള്ള പതിനയ്യായിരത്തിലധികം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിക്കാസ്റ്ററി വ്യക്തമാക്കി.

നാളെ പ്രാദേശിക സമയം രാവിലെ 10:30ന് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് മോൺസിഞ്ഞോർ റിനോ ഫിസിക്കെല്ല ഔദ്യോഗികമായി അംഗങ്ങളെ സ്വാഗതം ചെയ്യും. തുടർന്ന്, "നീതിയുടെ പ്രവർത്തകർ: പ്രത്യാശയുടെ ഉപകരണം" എന്ന വിഷയത്തെ അധികരിച്ച്, നിയമ സംബന്ധമായ ഗ്രന്ഥങ്ങൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി മോൺ. ഹുവാൻ ഇഗ്‌നാസിയോ അരിയെത്ത പ്രഭാഷണം നടത്തും. വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി, രജിസ്‌ട്രേഷനുകളുടെ എണ്ണം കൂടുതലായതിനാൽ, വത്തിക്കാൻ ചത്വരത്തിലേക്ക് മാറ്റുകയായിരുന്നു.

രാവിലെ 8 മണി മുതൽ അംഗങ്ങൾക്ക് ചത്വരത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുവാദം ഉണ്ടാകും. പരിപാടിയിൽ പങ്കെടുക്കുവാനുള്ള പ്രവേശന പാസുകൾ ജൂബിലി ഇൻഫോ പോയിന്റുകളിൽ നിന്നുമാണ് വിതരണം ചെയ്യുന്നത്. ഉച്ചക്ക് പന്ത്രണ്ടു മണിയോടെ, ലെയോ പതിനാലാമൻ പാപ്പ, വത്തിക്കാൻ ചത്വരത്തിൽ എത്തി, പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കും. തുടർന്ന് എല്ലാ തീർത്ഥാടകർക്കും ഉച്ചയ്ക്ക് 1നും വൈകുന്നേരം 6നും ഇടയിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ വാതിലിലേക്ക് തീർത്ഥാടനം നടത്താൻ കഴിയുമെന്നും ഡിക്കാസ്റ്ററി പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »