News

സ്ഥാനമാനങ്ങളും അധികാരങ്ങളും ആനന്ദമേകില്ല, ഉത്ഥിതനായ യേശുവാണ് നമ്മുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം: ലെയോ പാപ്പ

പ്രവാചകശബ്ദം 15-10-2025 - Wednesday

വത്തിക്കാന്‍ സിറ്റി: അധികാരത്തിനോ സമ്പത്തിനോ യഥാര്‍ത്ഥ സന്തോഷം പകരാനാകില്ലെന്നും നമ്മുടെ യാത്രയുടെ ലക്ഷ്യം യേശു ക്രിസ്തു മാത്രമാണെന്നും ലെയോ പാപ്പ. ഇന്നു വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാര കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഉത്ഥിതനായ ഈശോ ഒരിക്കലും വറ്റുകയോ മാറ്റങ്ങൾക്ക് വിധേയമാകുകയോ ചെയ്യാത്ത സജീവ സ്രോതസാണെന്നും മരിച്ച് ഉയിർത്തെഴുന്നേറ്റ യേശു മാത്രമാണ് നമ്മുടെ ഹൃദയത്തിൻറെ ഏറ്റവും ആഴമേറിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുള്ളൂവെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

നമ്മുടെ ജീവിതം വിഭിന്നങ്ങളായ അനുഭവങ്ങളും അസംഖ്യം സംഭവങ്ങളാൽ മുദ്രിതമായിരിക്കുന്നു. ചിലപ്പോൾ നാം സന്തോഷമുള്ളവരാകാം, മറ്റുചിലപ്പോൾ സങ്കടം, ചിലപ്പോൾ നിറവ് അനുഭവപ്പെടാം, അല്ലെങ്കിൽ നാം സമ്മർദ്ദവിധേയരാകാം, സംതൃപ്തരാകാം, നിരുത്സാഹികളാകാം. നമ്മൾ തിരക്കുള്ള ജീവിതം നയിക്കുന്നു, ഫലം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഉന്നതവും അഭിമാനകരവുമായ ലക്ഷ്യങ്ങൾ പോലും നാം കൈവരിക്കുന്നു. അതേസമയം ഒരിക്കലും എത്തിച്ചേരാത്തതോ ആയ നേട്ടങ്ങൾക്കും അംഗീകാരത്തിനും വേണ്ടി കാത്തിരിക്കുന്ന അവസ്ഥയിലുമാകാം.

ചുരുക്കത്തിൽ, നമുക്ക് വിരോധാഭാസപരമായ ഒരു അവസ്ഥ അനുഭവപ്പെടുന്നു: നമ്മൾ സന്തുഷ്ടരായിരിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ, നിരന്തരവും നിഴലുകളില്ലാത്തതുമായ ഒരു രീതിയിൽ അപ്രകാരമായിരിക്കുക വളരെ ബുദ്ധിമുട്ടാണ്. നമുക്ക് എപ്പോഴും എന്തെങ്കിലും കുറവുണ്ടെന്ന് തോന്നൽ നമ്മുടെ ഉള്ളിൻറെയുള്ളിൽ ഉണ്ടാകുന്നു. സത്യത്തിൽ, നാം സൃഷ്ടിക്കപ്പെട്ടത് കുറവുള്ളവരായിരിക്കാനല്ല, പ്രത്യുത, പൂർണ്ണതയ്ക്കുവേണ്ടിയാണ്, ജീവനിൽ ആനന്ദിക്കാനാണ്, യോഹന്നാൻറെ സുവിശേഷത്തിൽ യേശു പ്രകടിപ്പിക്കുന്നതുപോലെ (യോഹന്നാൻ 10:10 ) ജീവൻ സമൃദ്ധമായി ഉണ്ടാകുന്നതിനാണ്.

നമ്മുടെ ഹൃദയത്തിൻറെ ഈ അഗാധ അഭിവാഞ്ഛയ്ക്ക് അതിൻറെ ആത്യന്തിക ഉത്തരം കണ്ടെത്താൻ കഴിയുന്നത് കർത്തവ്യങ്ങളിലോ, അധികാരത്തിലോ, സമ്പത്തിലോ അല്ല, മറിച്ച് നമ്മുക്ക് ഉറപ്പേകുന്ന ഒരാൾ ഉണ്ടെന്ന സുനിശ്ചിതത്വത്തിലാണ്; ഈ പ്രതീക്ഷ നിരാശപ്പെടുത്തുകയോ നിഷ്ഫലമാകുകയോ ചെയ്യില്ല എന്ന ബോദ്ധ്യത്തിലാണ്. ഉയിർത്തെഴുന്നേറ്റ യേശുവാണ് ഈ വിടുതലിൻറെ ഉറപ്പ്. അവനാണ്, പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിൽ നിറയ്ക്കുന്ന പൂർണ്ണതയ്ക്കായുള്ള, ജ്വലിക്കുന്ന അനന്തമായ ദാഹത്തെ തൃപ്തിപ്പെടുത്തുന്ന ഉറവിടം.

ക്രിസ്തുവിൻറെ പുനരുത്ഥാനം, വാസ്തവത്തിൽ, മാനവചരിത്രത്തിലെ ഒരു ലളിത സംഭവമല്ല, മറിച്ച് അതിനെ ഉള്ളിൽ നിന്ന് രൂപാന്തരപ്പെടുത്തിയ സംഭവമാണ്. നമുക്ക് ഒരു ജലസ്രോതസ്സിനെക്കുറിച്ച് ചിന്തിക്കാം. അതിൻറെ സവിശേഷതകൾ എന്തൊക്കെയാണ്? അത് ജീവജാലങ്ങളുടെ ദാഹം ശമിപ്പിക്കുകയും അവയ്ക്ക് ഉന്മേഷം പകരുകയും ചെയ്യുന്നു, ഭൂമിയെയും സസ്യങ്ങളെയും നനയ്ക്കുകയും, അല്ലാത്തപക്ഷം വരണ്ടതായി പോകുമായിരുന്ന അവയെ ഫലഭൂയിഷ്ഠവും ജീവനുള്ളതുമാക്കിത്തീർക്കുന്നു. ക്ഷീണിതനായ യാത്രികന് പുതുമയുടെതായ ഒരു മരുപ്പച്ചയുടെ സന്തോഷം പ്രദാനം ചെയ്തുകൊണ്ട് അത് അവന് ഉന്മേഷമേകുന്നു. പ്രകൃതിക്കും, ജീവജാലങ്ങൾക്കും, മനുഷ്യർക്കും ഒരു സൗജന്യ ദാനമായി കാണപ്പെടുന്നു നീരുറവ. വെള്ളമില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല.

ഉത്ഥിതൻ, ഒരിക്കലും വറ്റുകയോ മാറ്റങ്ങൾക്ക് വിധേയമാകുകയോ ചെയ്യാത്ത സജീവ സ്രോതസ്സാണ്. അത് എപ്പോഴും ശുദ്ധവും ദാഹിക്കുന്ന ഏതൊരാൾക്കും എപ്പോഴും ഉപയോഗിക്കാൻ സജ്ജമായതുമാണ്. ദൈവിക രഹസ്യം നാം എത്രത്തോളം ആസ്വദിക്കുന്നുവോ അത്രയധികം നാം അതിലേക്ക് ആകർഷിക്കപ്പെടുന്നു. ഉയിർത്തെഴുന്നേറ്റ യേശു "ഉന്നതത്തിൽ നിന്ന്" ഒരു ഉത്തരം നൽകുന്നില്ല, മറിച്ച് പലപ്പോഴും ബുദ്ധിമുട്ടുള്ളതും വേദനാജനകവും നിഗൂഢവുമായ ഈ യാത്രയിൽ നമ്മുടെ കൂട്ടാളിയായി മാറുന്നു. ദാഹം അസഹനീയമാകുമ്പോൾ നമ്മുടെ ഒഴിഞ്ഞ കുപ്പിയിൽ വെള്ളം നിറയ്ക്കാൻ അവനു മാത്രമേ കഴിയൂ.

നമ്മുടെ യാത്രയുടെ ലക്ഷ്യം അവൻ തന്നെയാണ്. അവൻറെ സ്നേഹമില്ലെങ്കിൽ, ജീവിതയാത്ര ലക്ഷ്യസ്ഥാനമില്ലാത്ത ഒരു അലച്ചിലായി മാറും. ഉയിർത്തെഴുന്നേറ്റവൻ നമ്മുടെ ലക്ഷ്യത്തിലെത്തിച്ചേരൽ ഉറപ്പേകുന്നു. പ്രിയപ്പെട്ടവരേ, ജീവിതം ക്ലേശകരമാണെന്നിരിക്കിലും, അഗാധവും ആനന്ദകരവുമായ ഒരു സമാധാനം മുന്നാസ്വാദിക്കുന്നതിന് നമ്മെ പ്രാപ്തരാക്കുന്ന പ്രത്യാശ ക്രിസ്തുവിൻറെ പുനരുത്ഥാനത്തിൽ നിന്ന് ഉത്ഭവിക്കട്ടെ: നമുക്കായി അനന്തമായി നല്കാൻ അവന് മാത്രം കഴിയുന്ന സമാധാനമാണതെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »