India - 2026

മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് താങ്ങും തണലുമാകാൻ താമരശേരി രൂപതയുടെ 'ഹോപ് ലൈൻ'

പ്രവാചകശബ്ദം 29-10-2025 - Wednesday

കോഴിക്കോട്: ആത്മഹത്യകളും അഡിക്‌ഷനുകളും വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് താങ്ങും തണലുമാകാൻ താമരശേരി രൂപതയുടെ മാനസികാരോഗ്യ കേന്ദ്രമായ പോപ് ജോൺ പോൾ ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യ ഹെൽപ് ലൈൻ ആരംഭിച്ചു. "ഹോപ് ലൈൻ' എന്ന് പേരിട്ടിരിക്കുന്ന കൗൺസലിംഗ് പദ്ധതി താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്‌തു. ജീവിതത്തിലെ വിഷമതകൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം നൽകുവാൻ ഹോപ് ലൈൻ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കാലഘട്ടത്തിൻ്റെ ഏറ്റവും വലിയ പ്രതിസന്ധി കേൾക്കുവാൻ ആളില്ല എന്നുള്ളതാണ്. ജീവിതത്തിന്റെ ആകുലതകളും ഉത്കണ്ഠകളും പങ്കുവയ്ക്കുവാൻ ഒരിടം തേടി അലയുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. അതിനുള്ള ഒരു പരിഹാരമാണ് ഹോപ് ലൈൻ എന്നും ബിഷപ് പറഞ്ഞു. ലോകമെമ്പാടുമുള്ള ആളുകൾക്ക് 0495 352 3636 എന്ന ഹോപ് ലൈൻ നമ്പറിൽ വിളിച്ച് വിദഗ്ധരായ കൗൺസിലർമാരുടെ സേവനം സൗജന്യമായി തോടാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ റവ. ഡോ. കുര്യൻ പുരമഠത്തില്‍ അറിയിച്ചു.

ദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് ഹോപ് ലൈൻ സേവനം. ചടങ്ങിൽ ചേവായൂർ സ ബ് ഇൻസ്പെക്ടർ ഏലിയാസ്, പാസ്റ്ററൽ സെൻ്റർ ഡയറക്‌ടർ ഫാ. റോയി തേക്കുംകാട്ടിൽ, ഫാ. ജോജി, ഫാ. ജോബി, സി. ആൻസിൻ തുടങ്ങിയവർ സംസാരിച്ചു.


Related Articles »