News - 2026
മെലിസ കൊടുങ്കാറ്റിന്റെ ഇരകൾക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ പാപ്പ
പ്രവാചകശബ്ദം 30-10-2025 - Thursday
വത്തിക്കാന്‍ സിറ്റി: ഏതാനും ദിവസങ്ങളായി കരീബിയൻ പ്രദേശത്തുള്ള ജമൈക്കയിലും ക്യൂബയിലും നാശവും മരണവും വിതച്ചുകൊണ്ടിരിക്കുന്ന മെലിസ കൊടുങ്കാറ്റിന്റെയും, തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെയും ഇരകൾക്കായി പ്രാർത്ഥനകളുമായി ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ഒക്ടോബർ 29 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച വേളയിലാണ് പ്രകൃതിദുരന്തത്തിന്റെ ഇരകളെ പാപ്പ അനുസ്മരിച്ചത്.
പ്രകൃതിദുരന്തത്തിൽ ഇരകളായവർക്ക് വേണ്ട സേവനങ്ങൾ ചെയ്യുന്ന ഏവർക്കും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹങ്ങൾക്കും സന്നദ്ധസംഘടനകൾക്കും പാപ്പ തന്റെ നന്ദി രേഖപ്പെടുത്തി. അപകടത്തിൽ നിരവധി വീടുകൾ ഉൾപ്പെടെ, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിരുന്ന പൊതുമേഖലാസ്ഥാപനങ്ങളും ആശുപത്രികളും തകർന്നിട്ടുണ്ട്. മെലിസയുടെ വരവിനെത്തുടർന്ന് ക്യൂബയിൽ ഏതാണ്ട് ഏഴുലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

















