India - 2026

മോൺ. ആന്‍റണി കാട്ടിപ്പറമ്പിൽ ഇന്ന് അഭിഷിക്തനാകും

പ്രവാചകശബ്ദം 07-12-2025 - Sunday

ഫോർട്ടുകൊച്ചി: കൊച്ചി രൂപത മെത്രാനായി മോൺ. ആൻ്റണി കാട്ടിപ്പറമ്പിൽ ഇന്ന് അഭിഷിക്തനാകും. ഫോർട്ട്കൊച്ചി സാന്താക്രൂസ് സ്ക്വയറിൽ (പരേഡ് ഗ്രൗണ്ട്) ഉച്ചകഴിഞ്ഞു മൂന്നിനാണ് മെത്രാഭിഷേക ശുശ്രൂഷകൾ. ഗോവ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ മുഖ്യകാർമികത്വം വഹിക്കും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി മുൻ മെത്രാൻ ഡോ. ജോസഫ് കരിയിലും സഹകാർമികരാകും.

രൂപത അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ സ്വാഗതവും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വചനപ്രഘോഷണവും നടത്തും. വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾഡോ ജിറെല്ലി, സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സിബിസിഐ പ്രസിഡന്‍റ് മാർ ആൻഡ്രൂസ് താഴത്ത്, കേരള ലത്തീൻ കത്തോലിക്കാ സമിതി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ തുടങ്ങി വിവിധ മെത്രാന്മാർ പങ്കെടുക്കും.

12,000 പേർക്ക് ഇരിക്കാവുന്ന പന്തലും 300 പേരെ ഉൾക്കൊള്ളാവുന്ന വേദിയും സജ്ജമായിട്ടുണ്ട്. മെത്രാഭിഷേക കർമങ്ങളിൽ 170 പേരടങ്ങുന്ന ഗായകസംഘം പരമ്പരാഗത ലാറ്റിൻ ഗാനങ്ങളുൾപ്പെടെ ആലപിക്കും. ചടങ്ങിനെത്തുന്നവർക്കായി 13 സ്ഥലങ്ങളിൽ വിപുലമായ പാർക്കിംഗ് സൗ കര്യം ക്രമീകരിച്ചിട്ടുണ്ട്. 1557ൽ സ്ഥാപിതമായ കൊച്ചി രൂപതയുടെ 36-ാമത് മെത്രാനും അഞ്ചാമത്തെ തദ്ദേശീയ മെത്രാനുമാണ് മോൺ. ആൻ്റണി കാട്ടിപ്പറമ്പിൽ.


Related Articles »