News - 2026

രണ്ട് വർഷത്തിന് ശേഷം ബെത്ലഹേമിലെ ക്രിസ്തുമസ് ആഘോഷത്തിന് വീണ്ടും തിരി തെളിഞ്ഞു

പ്രവാചകശബ്ദം 09-12-2025 - Tuesday

ബെത്ലഹേം: യുദ്ധത്തിന്റെ മുറിവുകള്‍ക്കിടെ കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിയിരിന്ന ബെത്ലഹേമിലെ ക്രിസ്തുമസ് ആഘോഷത്തിന് ഇത്തവണ തിരി തെളിഞ്ഞു. യേശു ജനിച്ച പട്ടണമായ ബെത്‌ലഹേമിൽ എല്ലാ ക്രിസ്തുമസ് ആഘോഷങ്ങളും നേരത്തെ പരിമിതപ്പെടുത്തിയിരിന്നു. എന്നാല്‍, അടുത്തിടെയുണ്ടായ വെടിനിർത്തലിന് ശേഷം, ക്രിസ്തുമസ് ആഘോഷത്തിന് പ്രദേശത്ത് വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഡിസംബർ 6ന് ചരിത്രപ്രസിദ്ധമായ തിരുപിറവി ദേവാലയത്തിന് മുന്നിലുള്ള ഭീമാകാരമായ ക്രിസ്തുമസ് ട്രീ പ്രകാശിപ്പിച്ചതോടെ, ബെത്ലഹേം നഗരം ക്രിസ്തുമസ് ആഘോഷങ്ങൾക്കു തയാറായിരിക്കുകയാണ്.

20 മീറ്റർ ഉയരമുള്ള ക്രിസ്തുമസ് ട്രീയിൽ വിളക്കുകൾ തെളിയിക്കുന്നതിന് സാക്ഷികളാകുവാന്‍ വെസ്റ്റ്ബാങ്കിൽനിന്നും ഇസ്രയേലിൽനിന്നും ആയിരക്കണക്കിനു പലസ്തീനികളെത്തിയിരുന്നു. വിളക്കു തെളിഞ്ഞപ്പോൾ ആർപ്പുവിളികൾ ഉയർന്നു. അതേസമയം ബെത്‌ലഹേമില്‍ ക്രിസ്തുമസ് ട്രീ തെളിയിച്ച അതേ ദിവസം തന്നെ തന്റെ ഇടവകയിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെ ഒരു ബോംബ് പൊട്ടിത്തെറിച്ചതായി പ്രദേശത്തെ ഏക കത്തോലിക്കാ ദേവാലയമായ ഗാസയിലെ ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു.



അയൽ പട്ടണങ്ങളായ ബെയ്റ്റ് ജാല, ബെയ്റ്റ് സഹോർ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ ക്രിസ്തുമസ് ട്രീയില്‍ ലൈറ്റുകൾ സ്ഥാപിക്കുന്നുണ്ട്. വിനോദസഞ്ചാരികളിൽ നിന്നും ഇസ്രായേലിലെ പലസ്തീൻ പൗരന്മാരിൽ നിന്നും ഹോട്ടലുകൾക്ക് കൂടുതൽ ബുക്കിംഗുകൾ ലഭിക്കുന്നുണ്ട്. രണ്ട് വർഷമായി പ്രദേശം വളരെ മോശമായ അവസ്ഥയിലായിരിന്നുവെന്ന് ബെത്‌ലഹേം മേയർ മഹർ കനാവതി ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ക്രിസ്തുമസ് ഇല്ല, തൊഴിലില്ല..! ടൂറിസത്തിൽ നിന്നാണ് ഇവിടെ ജീവിക്കുന്നത്, ടൂറിസം പൂജ്യത്തിലേക്ക് താഴ്ന്നു. ചിലർ ഇത് ഉചിതമല്ലെന്ന് പറഞ്ഞേക്കാം, മറ്റുചിലർ ഇത് ഉചിതമാണെന്ന് പറഞ്ഞേക്കാം, പക്ഷേ എന്റെ ഉള്ളിന്റെ ഉള്ളിൽ, ക്രിസ്തുമസ് ആഘോഷം ഒരിക്കലും റദ്ദാക്കരുത് എന്നാണ് തോന്നിയത്. ഇത് പ്രതീക്ഷയുടെ വെളിച്ചമാണെന്നും മേയര്‍ പറഞ്ഞു. ക്രിസ്തുമസിന് രണ്ടാഴ്ച മാത്രം ശേഷിക്കേ ഭീഷണിയ്ക്കിടയിലും പ്രദേശത്ത് ക്രിസ്തുമസിന് ഒരുക്കങ്ങള്‍ തുടരുകയാണ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »