India - 2026

പ്ശീത്ത ബൈബിൾ പഠന ചെയറിന് ആരംഭം

പ്രവാചകശബ്ദം 03-02-2026 - Tuesday

കോട്ടയം: സുറിയാനി ദൈവശാസ്ത്രം സഭയുടെ അന്തഃസത്തയിലേക്കാണ് വിശ്വാസികളെ നയിക്കുന്നതെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. വടവാതൂർ സെന്‍റ് തോമസ് അപ്പ‌സ്തോലിക് സെമിനാരിയിലെ പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് ദൈവശാസ്ത്ര വിഭാഗം പ്ശീത്ത ബൈബിൾ പഠനത്തിന് ആരംഭിച്ച പുതിയ ചെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. ആദ്യമായാണ് പ്ശീത്ത ബൈബിൾ പഠനത്തിന് ഒരു ചെയർ സ്ഥാപിക്കുന്നത്. ഇതു പുതിയ കാൽവയ്പ്‌പാണെന്നും യൂണിവേഴ്‌സിറ്റിയുടെ സാധ്യതകളിലേക്ക് സംരഭം വളരണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

വത്തിക്കാനിലെ സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അനുവാദത്തോടെ സുറിയാനി പാരമ്പര്യം വളർത്താനും പ്ശീത്ത ബൈബിൾ സംബന്ധമായ ഗവേഷണം നടത്താനും സ്ഥാപിതമായ പഠനകേന്ദ്രമാണിത്. പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസിൻ്റെ പുതിയ കെട്ടിട ശിലാസ്ഥാപനവും മേജർ ആർച്ച് ബിഷപ്പ് നിർവഹിച്ചു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ് ആശംസ നേർന്നു. മൽപാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ, സെമിനാരി റെക്ടർ റവ.ഡോ. ഡൊമിനിക് വെച്ചൂർ, ഡോ. സിസ്റ്റർ സോഫി റോസ് സിഎംസി, ലൂക്ക് തോമസ് മറ്റത്തിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസിൻ്റെ പ്രസിഡന്‍റ് റവ.ഡോ. പോളി മണിയാട്ട് സ്വാഗതവും പ്ശീത്ത ബൈബിൾ സ്റ്റഡീസ് ചെയർ ഡയറക്‌ടർ റവ.ഡോ. സിറിയക് വലിയ കുന്നുംപുറത്ത് നന്ദിയും പറഞ്ഞു. പ്ശീത്ത ബൈബിൾ സ്റ്റഡീസ് ചെയറിൻ്റെ പ്രഥമ ഡയറക് ടറായി റവ.ഡോ.സിറിയക് വലിയകുന്നുംപുറത്തെ നിയമിക്കുന്ന ഡിക്രി ഡീൻ റവ. ഡോ. ഡൊമിനിക് മുരിയൻകാവുങ്കൽ വായിക്കുകയും പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് ചാൻസലർ കൂടിയായ മാർ റാഫേൽ തട്ടിലിനു സമർപ്പിക്കുകയും ചെയ്‌തു. മേജർ ആർച്ച് ബിഷപ്പ് ഡിക്രി പ്രഥമ ഡയറക്ടർക്കു കൈമാറി.


Related Articles »