News - 2026

നോമ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം: ഹോളിവുഡ് നടന്മാരുടെ വിഭൂതി സന്ദേശം

പ്രവാചകശബ്ദം 19-02-2026 - Thursday

കാലിഫോര്‍ണിയ: നോമ്പുകാലത്ത് പ്രാർത്ഥനാ ജീവിതത്തില്‍ കൂടുതല്‍ ആഴപ്പെടുവാന്‍ ക്രൈസ്തവരെ ആഹ്വാനം ചെയ്തുള്ള സംയുക്ത സന്ദേശവുമായി ഹോളിവുഡ് നടന്മാരായ മാർക്ക് വാല്‍ബർഗും ജോനാഥൻ റൂമിയും. ഇന്നലെ വിഭൂതി ബുധനാഴ്ച നെറ്റിയില്‍ കുരിശ് വരച്ചുള്ള ഇരുവരുടെയും ഒരുമിച്ചുള്ള വീഡിയോ സഹിതമാണ് നവമാധ്യമങ്ങളില്‍ താരങ്ങള്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തങ്ങളെ നവമാധ്യമങ്ങളില്‍ പിന്തുടരുന്നവര്‍ക്ക് വിഭൂതി ബുധന്‍ ആശംസ നേര്‍ന്നും 40 ദിവസത്തെ പ്രാർത്ഥനാ കൂട്ടായ്മയില്‍ ആത്മീയമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം ചെയ്തുമാണ് സോഷ്യല്‍ മീഡിയ പോസ്റ്റ്.

ഹാലോ എന്ന കത്തോലിക്കാ മെഡിറ്റേഷന്‍ ആപ്പിലൂടെ സംഘടിപ്പിക്കുന്ന നോമ്പുകാല പ്രാർത്ഥനാ ചലഞ്ചില്‍ ഇവര്‍ നേതൃത്വം നല്കുന്നുണ്ട്. പൊതുജനങ്ങളിൽ നിന്ന് വലിയ സ്വീകാര്യത ഏറ്റുവാങ്ങിയ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനായജ്ഞമാണ് ഇത്. നോമ്പുകാലം മുഴുവൻ സ്ഥിരമായ പ്രാർത്ഥനയും ധ്യാന ചിന്തകളും പ്രോത്സാഹിപ്പിക്കുക എന്ന ക്യാംപെയിനിലേക്ക് ശ്രദ്ധ ആകർഷിക്കാൻ നടൻ ക്രിസ് പ്രാറ്റ് ഉള്‍പ്പെടെ നിരവധി പ്രമുഖരും ഹാലോയില്‍ ഒരുമിച്ച് കൂടുന്നുണ്ട്.

മുന്‍ വര്‍ഷങ്ങളിലും നോമ്പിന് ആരംഭം കുറിച്ച് വിഭൂതി ദിനത്തില്‍ നെറ്റിയില്‍ വരയ്ക്കുന്ന കുരിശ് വിശ്വാസ പ്രഘോഷണത്തിന്റെ ഫലമായി നവമാധ്യമങ്ങളില്‍ പങ്കുവെച്ച് ശ്രദ്ധ നേടിയ താരങ്ങളാണ് മാർക്ക് വാല്‍ബർഗും ജോനാഥൻ റൂമിയും. ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥനയ്ക്കും ആത്മീയ നവീകരണത്തിനും പ്രാധാന്യം നല്‍കി നോമ്പുകാല യാത്ര ആരംഭിക്കുമ്പോൾ അതിനോടൊപ്പം തങ്ങളും ചലിക്കുകയാണെന്ന വിശ്വാസ പ്രഘോഷണമാണ് ഏറെ പ്രസിദ്ധരായ ഈ അഭിനേതാക്കളും ചെയ്തുക്കൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »