India - 2026

ക്രൈസ്‌തവരോടു രാഷ്ട്രീയപ്രസ്ഥാനങ്ങൾ തുടരുന്ന വിവേചനം അവസാനിപ്പിക്കണം: വൈദിക സമിതി സമ്മേളനം

പ്രവാചകശബ്ദം 14-03-2026 - Saturday

കൊടകര: ക്രൈസ്‌തവരോടു രാഷ്ട്രീയപ്രസ്ഥാനങ്ങൾ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നു തൃശൂർ അതിരൂപത പ്രോവിൻസിലെ അഞ്ചു രൂപതകളുടെ സംയുക്ത വൈദികസമിതി സമ്മേളനം. അധികാരത്തിലെത്തിയാൽ ക്രൈസ്‌തവർ വർഷങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ എന്തു നടപടിയെടുക്കുമെ ന്നു രാഷ്ട്രീയപാർട്ടികൾ വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മലയോരമേഖലയിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ചയാകുന്നില്ലെന്നും സർക്കാരിന്റെ മദ്യനയം വഞ്ചനാപരമാണെന്നും യോഗം വിലയിരുത്തി.

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ട നടപടിയെ അഭിനന്ദിക്കുന്നു. ശിപാർശകൾ നടപ്പാക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കണം. അധികാരത്തിലുള്ളവരും ഭരണം പ്രതീക്ഷിക്കുന്നവരും ഇക്കാര്യത്തിൽ എന്തുചെയ്യുമെന്ന് അറിയണം.

അധ്യാപക ഭിന്നശേഷിനിയമനത്തിൽ പോരാട്ടങ്ങളുടെ ഫലമായി ഏറെ വൈകി ഇടപെടലുകളുണ്ടായെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള വിവേചനവും ശത്രുതാപരമായ സമീപനവും തുടരുകയാണ്.

ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങൾ പിൻവാതിലിലൂടെ കവർന്നെടുക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും സംയുക്ത വൈദികസമിതിയോഗം ആവശ്യപ്പെട്ടു. സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട്, ഹൊസൂർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിൽ, മെൽബൺ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ, വിവിധ രൂപതകളിലെ വികാരി ജനറാൾമാർ, കൂരിയ ഭാരവാഹികൾ, പ്രെസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഫാ. ഡോ. ജയിംസ് കൊക്കാവയലിൽ, ഫാ. ഡോ. മാത്യു ഇല്ലത്തുപറന്പിൽ, ഡോ. മേരി റെജീന, പ്രഫ. കെ.എം. ഫ്രാൻസിസ് എന്നിവർ ക്ലാസുകൾ നയിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »