News - 2026

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിൽ സന്തോഷമറിയിച്ചും പ്രാർത്ഥനകൾ തുടരാന്‍ അഭ്യർത്ഥിച്ചും ലെയോ പാപ്പ

പ്രവാചകശബ്ദം 09-04-2026 - Thursday

വത്തിക്കാന്‍ സിറ്റി: ലോകം മുഴുവനും വലിയ പിരിമുറുക്കത്തിനും ഭീതിക്കും കാരണമായ സംഘർഷങ്ങൾക്ക് താത്കാലിക വിരാമമിട്ടുകൊണ്ട് രണ്ടാഴ്ചത്തേക്ക് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിൽ തന്റെ സന്തോഷമറിയിച്ച് ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ഏപ്രിൽ എട്ടാം തീയതി ബുധനാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനമാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണം പാപ്പ നടത്തിയത്. തീരുമാനത്തെ “പ്രതീക്ഷയുടെ അടയാളം" എന്നാണ് പാപ്പ വിശേഷിപ്പിച്ചത്.

പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ചർച്ചകളിലൂടെ മാത്രമേ സാധിക്കൂ എന്നോർമ്മിപ്പിച്ച പാപ്പ, യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി സംവാദങ്ങൾ പുനഃരാരംഭിക്കാൻ അഭ്യർത്ഥിച്ചു. ലോകത്തിന്റെ മറ്റിടങ്ങളിൽ തുടരുന്ന സമാന സംഘർഷ സാഹചര്യങ്ങൾക്ക് അറുതി വരുത്താനായി, സംവാദമെന്ന മാർഗ്ഗം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷ പാപ്പ പ്രകടിപ്പിച്ചു. നയതന്ത്രത്തിന്റേതായ ഈ സംവാദമാർഗ്ഗത്തെ തങ്ങളുടെ പ്രാർത്ഥനകൾ കൊണ്ട് പിന്തുണയ്ക്കാൻ ഏവരെയും ആഹ്വാനം ചെയ്തു.

വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ഏപ്രിൽ 11 ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന സമാധാനത്തിനുവേണ്ടിയുള്ള സായാഹ്നപ്രാർത്ഥനയിൽ തന്നോടൊപ്പം ചേർന്ന് പ്രാർത്ഥിക്കാനും പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു. നേരത്തെ ഇറാൻ, വടക്കേ അമേരിക്ക, ഇസ്രായേൽ എന്നിവർ ചേർന്ന് കരാറിലെത്തിയതിന്റെ ഭാഗമായാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായത്. “ഇറാൻ സംസ്കാരത്തെ” നശിപ്പിക്കുമെന്ന തന്റെ ഭീഷണി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പിൻവലിച്ചിരുന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »