News - 2026

ജർമ്മനിയിലുണ്ടായ അപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു

പ്രവാചകശബ്ദം 22-04-2026 - Wednesday

മ്യൂണിക്ക്: ജർമ്മനിയിലെ മ്യൂണിക്കിലുണ്ടായ ട്രെയിൻ അപകടത്തിൽ മലയാളി വൈദികന്‍ മരിച്ചു. പ്രൊവിഡൻസ് പ്രൊവിൻസ് സന്യാസ സമൂഹാംഗവും, എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര കൊല്ലക്കോട് ഇടവകാംഗവുമായ ഫാ. ജിജു കിലുക്കനാണ് അപകടത്തില്‍ മരണമടഞ്ഞത്. 47 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജർമ്മനിയിൽ ഉപരിപഠനത്തോടൊപ്പം വൈദിക ശുശ്രൂഷയും ചെയ്തുവരികയായിരുന്നു.

ഏപ്രിൽ 20-ന് തിങ്കളാഴ്ച വൈകുന്നേരം 5:15 ഓടെയാണ് സംഭവം. മ്യൂണിക്കിലെ ഷ്വാബിങ് വെസ്റ്റ് നോർത്ത് ഫ്രീത്ത് ഓഫ് ഊബാൻ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിലാണ് വൈദികനു ദാരുണാന്ത്യം സംഭവിച്ചത്. പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന വൈദികന്‍, അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയും സ്റ്റേഷനിലേക്ക് വന്ന ട്രെയിൻ ഇടിക്കുകയുമായിരുന്നു. സംഭവത്തിൽ അസ്വാഭാവികതകളൊന്നുമില്ലെന്ന് ജർമ്മൻ പൊലീസ് അറിയിച്ചു.

കേരളത്തിലെയും, കർണാടകത്തിലെയും സെമിനാരി പഠനത്തിനു ശേഷം 2008 ഒക്ടോബർ 25നായിരുന്നു അദ്ദേഹം വൈദികനായി അഭിഷിക്തനായത്. കേരളത്തിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ശേഷം, വൈദികരുടെ കീഴിലുള്ള ഗീലാലിയ ബോയിസ് ഹോമിൽ നാലര വർഷത്തോളം അദ്ദേഹം സേവനം അനുഷ്ഠിച്ചു. നിർധനരായ കുട്ടികളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. മേരി മാതാ ഷെൻസ്റ്റാറ്റ് അക്കാദമിയിൽ അധ്യാപകനായും 2018 മുതൽ 2023 വരെ സെമിനാരി റെക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2023 സെപ്റ്റംബർ 21-നാണ് ഫാ. ജിജു ജർമ്മനിയിലെത്തിയത്.

* വൈദികന്റെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. *


Related Articles »