India - 2026
ചങ്ങനാശേരി അതിരൂപത നിതാന്ത ജാഗ്രത പുലർത്തുന്ന ഇടയന്മാരുടെ നേതൃത്വമുള്ള സമൂഹം: ബിഷപ്പ് സാമുവൽ ഐറേനിയോസ്
പ്രവാചകശബ്ദം 21-05-2026 - Thursday
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 140-ാമത് അതിരൂപതാദിനം തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫെറോനാ പള്ളി അങ്കണത്തിലെ ഫാ. ഡൊമിനിക് തോട്ടാശേരി നഗറിൽ നടന്നു. പത്തനംതിട്ട ബിഷപ്പ് ഡോ. സാമുവൽ മാർ ഐറേനിയോസ് അതിരൂപതാദിനം ഉദ്ഘാടനം ചെയ്‌തു. അപ്പസ്തോലിക പ്രബോധനങ്ങളിൽ നിന്നും വ്യതിചലിക്കാത്ത വിശ്വാസ പാരമ്പര്യമാണ് ചങ്ങനാശേരി അതിരൂപതയ്ക്കെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.
നിതാന്ത ജാഗ്രത പുലർത്തുന്ന ഇടയന്മാരുടെ നേതൃത്വവും വിശ്വാസവും വിഭവങ്ങ ളും പങ്കുവയ്ക്കുന്നതിൽ ഔദാര്യപൂർവമായ മനസമുള്ള പ്രേക്ഷിത സമൂഹമാണ് ചങ്ങനാശേരി അതിരൂപതയെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. മലങ്കര കത്തോലിക്കാ സഭയുടെ രൂപീകരണത്തിനും വളർച്ചയ്ക്കും ചങ്ങനാശേരി അതിരൂപ ത നൽകിയ സംഭവാനകൾ സ്‌മരണീയമാണെന്നും അദ്ദേഹം സ്‌മരിച്ചു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. മെത്രാഭിഷേക രജതജൂബിലിയിലേക്ക് പ്രവേശിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന് മാർ തോമസ് തറയിൽ ആശംസകൾ നേർന്നു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും സംസ്ഥാന നേവൽ ഓഫീസർ ഇൻചാർജ് കമഡോർ വർഗീസ് മാത്യു കറുകക്കളത്തിൽ മുഖ്യപ്രഭാഷണവും നടത്തി.
തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തക ശാന്താ ജോസിനും കുട്ടനാടിന്റെ വികസനത്തിൽ നിർണായക പങ്ക് നൽകിയ മുൻ എംഎൽഎ ഡോ. കെ.സി. ജോസഫിനും അതിരൂപതയുടെ എക്സലൻസ് അവാർഡുകൾ മാർ തോമസ് തറയിൽ സമ്മാനിച്ചു. ദേശീയ, സംസ്ഥാന തലങ്ങളിൽ മികവു തെളിയിച്ചവ രെയും യുവസംരഭകരെയും ഏഴു മക്കളിൽ കൂടുതലുള്ള യുവദമ്പതികളെയും ആദരിച്ചു.
അതിരൂപത വികാരി ജനറൽ മോൺ. ആൻ്റണി എത്തയ്ക്കാട്ട്, തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെ ബാസ്റ്റ്യൻ പുന്നശേരി, അതിരൂപതാദിന കോ-ഓർഡിനേറ്റർ ഫാ. ചെറിയാൻ കക്കുഴി, അതിരൂപത പിആർഒ അഡ്വ. ജോജി ചിറയിൽ, എഫ്‌സിസി കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ബ്രിജി എഫ്‌സിസി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, യുവദീപ്‌തി എസ്എംവൈഎം ഡെപ്യൂട്ടി പ്രസിഡൻ്റ് ലൂസി പീലിപ്പോസ് എന്നിവർ പ്രസംഗിച്ചു. വികാരി ജനറൽ മോൺ. മാത്യു ചങ്ങങ്കരി അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി കാരി ജനറാൾ മോൺ. സ്‌കറിയ കന്യാകോണിൽ പ്രാർത്ഥന നയിച്ചു.

















