News
ഏകാന്തതയിലും പ്രാര്‍ത്ഥനയിലും ജീവിതം ധന്യമാക്കിയ കത്തോലിക്ക സന്യാസി ഡാരിയോ ഇനി ഓര്‍മ്മ
പ്രവാചകശബ്ദം 21-05-2026 - Thursday
ബെയ്റൂട്ട്: ലെബനോനില്‍ ദിവസത്തിന്റെ മുക്കാല്‍ ഭാഗവും പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു ശ്രദ്ധ നേടിയ കത്തോലിക്ക സന്യാസി ഡാരിയോ എസ്കോബാർ വിടവാങ്ങി. കൊളംബിയൻ സ്വദേശിയായ അദ്ദേഹം അനേകം വര്‍ഷങ്ങളായി ലെബനോനില്‍ പ്രാര്‍ത്ഥനയിലും നിശബ്ദതയിലുമാണ് ചെലവഴിച്ചുകൊണ്ടിരിന്നത്. മെയ് 18നാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 92 വയസ്സായിരിന്നു. കാദിഷ താഴ്‌വരയുടെ ഹൃദയഭാഗത്ത് പണം, പ്രശസ്തി എന്നിവയ്ക്ക് പകരം സ്വമേധയാ ദാരിദ്ര്യത്തിന്റെയും നിശബ്ദതയുടെയും പ്രാർത്ഥനയുടെയും പാത തിരഞ്ഞെടുത്തതിലൂടെയാണ് ഡാരിയോ ശ്രദ്ധ നേടിയിരിന്നത്.
ഫുട്ബോൾ കളിക്കാരനും ദൈവശാസ്ത്ര മനഃശാസ്ത്ര പ്രൊഫസറുമായിരുന്ന ഡാരിയോയ്ക്കു സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, അറബിക് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരിന്നു. 1990-ൽ അദ്ദേഹം ദൈവവിളിയ്ക്കു പ്രത്യുത്തരം നല്‍കുകയായിരിന്നു. തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് മാരോണൈറ്റ് സന്യാസിയായ വിശുദ്ധ ചാർബലിന്റെ മാതൃക അദ്ദേഹം പിന്തുടര്‍ന്നു. വാക്കുകളേക്കാൾ ആഴമേറിയ ഒരു ഭാഷ അദ്ദേഹം തിരഞ്ഞെടുത്തു: നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ഭാഷ. ദിവസവും പതിനാല് മണിക്കൂർ പ്രാർത്ഥനയില്‍ ചെലവഴിച്ച അദ്ദേഹം 5 മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. മൂന്ന് മണിക്കൂർ ജോലിയും രണ്ട് മണിക്കൂർ പഠനവും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായി.
ഭക്ഷണം വളരെ ലഘുവായി പരിമിതപ്പെടുത്തിയ അദ്ദേഹം കഠിനമായ സന്യാസ ജീവിതം നയിച്ചു. ടെലിവിഷൻ, ഫോൺ, ഇന്റർനെറ്റ് എന്നിവയൊന്നുമില്ലാതെ ദൈവവുമായുള്ള ബന്ധം ഊഷ്മളമാക്കിയ അദ്ദേഹത്തിന് ലെബനീസ് ജനതയുടെ ഇടയില്‍ ഏറെ ശ്രദ്ധ ലഭിച്ചിരിന്നു. യുദ്ധത്തെ തുടര്‍ന്നു മുറിവേല്‍പ്പിക്കപ്പെട്ട ലെബനീസ് ജനതയ്ക്കു നിശബ്ദതയിൽ ദൈവത്തെ അന്വേഷിക്കുവാനുള്ള കേന്ദ്രമായി ആശ്രമം മാറിയിരിന്നു. ഇന്നലെ മെയ് 20 ബുധനാഴ്ച ഖോഴായയിലെ വിശുദ്ധ ആന്റണി ആശ്രമത്തിൽ ഡാരിയോ എസ്കോബാറിന്റെ മൃതശരീരം സംസ്കരിച്ചു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















