News

ലെയോ പാപ്പ വത്തിക്കാനില്‍ മടങ്ങിയെത്തി; ലെബനോനിലെ പേപ്പല്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നത് ഒന്നരലക്ഷം വിശ്വാസികള്‍

പ്രവാചകശബ്ദം 03-12-2025 - Wednesday

ബെയ്റൂട്ട്/ റോം: നവംബർ 27 മുതൽ ഡിസംബർ 2 വരെ തുർക്കിയിലും ലെബനോനിലും നടന്ന അഞ്ചു ദിവസത്തെ അപ്പസ്തോലിക യാത്രയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പ റോമിൽ തിരിച്ചെത്തി. ഇന്നലെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ലെയോ പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയെത്തിയത്. മധ്യപൂര്‍വ്വേഷ്യയില്‍ ഉടനീളം സംഭാഷണം, സാഹോദര്യം, അനുരഞ്ജനം എന്നിവയ്ക്ക് ആഹ്വാനം ചെയ്തും "നിലവിൽ ശത്രുക്കളായി സ്വയം കരുതുന്നവർ" സാഹോദര്യത്തിന്റെയും സമാധാനത്തോടുള്ള പ്രതിബദ്ധതയുടെയും ആത്മാവ് സ്വീകരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തുക്കൊണ്ടാണ് പാപ്പ പ്രഥമ അപ്പസ്തോലിക സന്ദര്‍ശനത്തിന് വിരാമമിട്ടത്.

മധ്യപൂര്‍വ്വേഷ്യയില്‍ അക്രമം അവസാനിപ്പിക്കേണ്ടതിന്റെയും പരിഹാരങ്ങൾ തേടേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിക്കുമെന്നു പാപ്പ വിമാനത്തിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലെബനോനില്‍ സുസ്ഥിര സമാധാനം കൈവരിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും പാപ്പ പറഞ്ഞു. നേരത്തെ ലെബനോനിലെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ സമാപന ദിനത്തില്‍ പാപ്പ ബെയ്റൂട്ട് തുറമുഖത്ത് വിനാശകരമായ സ്ഫോടനം നടന്ന സ്ഥലത്ത് നിശബ്ദമായി പ്രാർത്ഥന നടത്തിയിരിന്നു.

സ്ഫോടനത്തിൽ കൊല്ലപ്പെട്ട 218 പേരിൽ ചിലരുടെ ബന്ധുക്കൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ ഉയർത്തിപ്പിടിച്ചാണ് പാപ്പയ്ക്ക് സമീപം നിലയുറപ്പിച്ചിരിന്നത്. തുടര്‍ന്നു ബെയ്‌റൂട്ട് കടൽത്തീരത്ത് പാപ്പ അര്‍പ്പിച്ച വിശുദ്ധ ബലിയില്‍ സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെ ഒന്നരലക്ഷത്തില്‍പരം വിശ്വാസികളാണ് പങ്കുചേര്‍ന്നത്. റോമിലേക്കുള്ള മടക്ക യാത്രയ്ക്ക് മുന്‍പ് പാപ്പയ്ക് യാത്രയയപ്പ് നല്‍കാന്‍ ലെബനോൻ പ്രസിഡന്റ് ജോസഫ് ഔൺ ബെയ്റൂട്ട് വിമാനത്താവളത്തില്‍ എത്തിയിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍






Related Articles »