News - 2026
വിശ്വാസത്തിന്റെ പരസ്യ സാക്ഷ്യമാണ് ദിവ്യകാരുണ്യ പ്രദക്ഷിണം: ലെയോ പാപ്പ
പ്രവാചകശബ്ദം 04-06-2026 - Thursday
വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാളായ കോർപുസ് ക്രിസ്റ്റി തിരുനാളിനോട് അനുബന്ധിച്ച്, വിവിധ രാജ്യങ്ങളിൽ നടത്തിവരുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തെ പ്രഘോഷിച്ചും വിശ്വാസത്തിന്റെ പരസ്യസാക്ഷ്യത്തെ പ്രോത്സാഹിപ്പിച്ചും ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ജൂൺ മൂന്നാം തീയതി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് ഇന്നു നടക്കുന്ന ഈ തിരുനാളിന്റെ പ്രാധാന്യത്തെയും, അത് ആഘോഷിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പ പരാമര്‍ശിച്ചത്.
വിശ്വാസത്തിന്റെ പരസ്യസാക്ഷ്യമാണ് ദിവ്യകാരുണ്യ പ്രദക്ഷിണമെന്ന് പാപ്പ വത്തിക്കാന്‍ ചത്വരത്തിലെത്തിയ കാല്‍ ലക്ഷത്തോളം വിശ്വാസികളോട് പറഞ്ഞു. ലത്തീൻ പ്രയോഗമനുസരിച്ച് "കോർപുസ് ക്രിസ്റ്റി" എന്ന പേരിൽ അറിയപ്പെടുന്ന, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാൾ ഈ ആഴ്ചയിൽ നാം ആചരിക്കുകയാണെന്ന് അനുസ്മരിച്ച പാപ്പ, നമുക്കായി മുറിക്കപ്പെട്ടതും നമുക്കേവർക്കുമായി നൽകപ്പെട്ടതുമായ അപ്പമായ യേശുവിനെയാണ് വിശുദ്ധ കുർബാനയിൽ നാം ധ്യാനിക്കുന്നതെന്ന വിശ്വാസ സത്യം അനുസ്മരിച്ചു.
ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട ജനകീയ ഭക്തിയുടെ ഭാഗമാണ്, വിശുദ്ധ കുർബാന എഴുന്നെള്ളിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ വീഥികളിലൂടെ നടക്കുന്ന ദിവ്യകാരുണ്യപ്രദക്ഷിണം എന്ന് പറഞ്ഞ പാപ്പ, വിശ്വാസത്തിന്റെ പരസ്യ സാക്ഷ്യവും, മനോഹരവുമായ ദിവ്യകാരുണ്യ പ്രദിക്ഷണം സജീവമായി തുടരാൻ ഏവരെയും ആഹ്വാനം ചെയ്തു. ക്രിസ്തുവിന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ അഥവാ കോർപ്പസ് ക്രിസ്റ്റി തിരുനാൾ (Corpus Christi) കത്തോലിക്ക സഭയിൽ പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ കഴിഞ്ഞു വരുന്ന വ്യാഴാഴ്ചയാണ് കൊണ്ടാറുള്ളത്. ഈ വര്‍ഷത്തെ തിരുനാള്‍ ഇന്നാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















