News - 2026

തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ മെത്രാന്മാര്‍

പ്രവാചകശബ്ദം 25-06-2026 - Thursday

ഒയോ: നൈജീരിയയിലെ ഒയോ സംസ്ഥാനത്തു നിന്നു സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളെയും അധ്യാപകരെയും മോചിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്യത്തെ കത്തോലിക്ക മെത്രാന്മാര്‍. കഴിഞ്ഞ മെയ് 15നു ഒറൈർ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ സ്കൂളുകൾക്ക് നേരെ സായുധ സംഘം ആക്രമണം നടത്തി 39 വിദ്യാർത്ഥികളെയും ഏഴ് അധ്യാപകരെയും തട്ടിക്കൊണ്ടുപോകുകയായിരിന്നു. ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് നൈജീരിയയിലെ ഇബാദാൻ എക്ലേസിയാസ്റ്റിക്കൽ പ്രവിശ്യയിലെ (ഐഇപി) കത്തോലിക്ക മെത്രാന്മാര്‍ ആവശ്യപ്പെട്ടു.

ഇബാദാൻ കത്തോലിക്കാ അതിരൂപതയിലെയും എകിറ്റി, ഇലോറിൻ, ഒണ്ടോ, ഒയോ രൂപതകളിലെയും മെത്രാന്മാരാണ് ഇടപെടല്‍ തേടിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോയവരുടെ കുടുംബാംഗങ്ങള്‍ ദീർഘകാലമായി കൊടിയ ദുഃഖത്തില്‍ കഴിയുകയാണെന്നും വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ തടയാൻ സർക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും നൈജീരിയന്‍ മെത്രാന്‍മാര്‍ ആവശ്യപ്പെട്ടു. ക്രൂരരും കരുണയില്ലാത്തവരുമായ കുറ്റവാളികളുടെ കൈകളിലാണ് തട്ടിക്കൊണ്ടുപോയവർ ഇപ്പോഴും കഴിയുന്നതെന്നും ആക്രമണത്തിനിടെ ഒരു അധ്യാപകനെയും മോട്ടോർ സൈക്കിൾ യാത്രക്കാരനെയും അക്രമികള്‍ കൊലപ്പെടുത്തിയതായും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി.

ഫെഡറൽ, സംസ്ഥാന അധികാരികളിൽ നിന്ന് ആവർത്തിച്ചുള്ള ഉറപ്പുകൾ ലഭിച്ചിട്ടും, നൈജീരിയയിലുടനീളം അരക്ഷിതാവസ്ഥ തുടരുകയാണെന്ന് ബിഷപ്പുമാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കുടുംബങ്ങൾ അനിശ്ചിതത്വത്തിന്റെ വേദന സഹിക്കുമ്പോൾ തങ്ങൾക്ക് ഇനി നിശബ്ദത പാലിക്കാൻ കഴിയില്ലെന്ന് മെത്രാന്‍മാര്‍ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകലിന് ഇരയായ 46 പേരുടെയും കുടുംബങ്ങൾക്കും ബന്ധുക്കൾക്കും അസഹനീയമായ ഭാരമാണ് ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞറിയിക്കാനാവാത്ത ദുഃഖമാണ് അവര്‍ നേരിടുന്നതെന്നും മെത്രാന്‍ സമിതി പ്രസ്താവനയില്‍ കുറിച്ചു. വിവിധ കേസുകളിലായി നൂറുകണക്കിന് സാധാരണക്കാരാണ് നൈജീരിയയില്‍ സായുധധാരികളുടെ തടങ്കലില്‍ കഴിയുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



More Archives >>

Page 1 of 1208