Faith And Reason - 2025

പരിശുദ്ധ ത്രിത്വത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാവരുമായി കൂട്ടായ്മയുടെ ബന്ധം നിലനിര്‍ത്താന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.

ലെയനാർഡോ ബോഫിന്റെ കൃതികളിൽ നിന്നും 04-10-2015 - Sunday

നമ്മുടെ വിശ്വാസത്തിന്‍റെ ദൈവം എങ്ങനെയുള്ളവനാണ്? അനന്തസത്തായി, സര്‍വശക്തനായി, സ്വര്‍ഗ്ഗത്തിന്‍റെയും, ഭൂമിയുടെയും സ്രഷ്ടവായി, സര്‍വ സൃഷ്ടികളേയും പാദാന്തികത്തിലാക്കി സ്വര്‍ഗ്ഗത്തില്‍ ഏകനായി വസിക്കുന്ന ഒരു ദൈവത്തെയാണ് നിരവധി ക്രൈസ്തവര്‍ വിഭാവനം ചെയ്യുന്നത്.

മറ്റുചിലര്‍ ദൈവത്തെ ദയാപരനായ പിതാവായോ കര്‍ക്കശക്കാരനായ ന്യായാധിപനായോ കാണുന്നു. എന്നാല്‍ ദൈവം എപ്പോഴും അത്യുന്നതനായ വ്യക്തിയും അനന്യനും എതിരില്ലാത്തവനും മഹത്വത്തിന്‍റെ പ്രഭയില്‍ കഴിയുന്നവനുമാണെന്ന് അവര്‍ വിചാരിക്കുന്നു. അവര്‍ സ്ത്രീപുരുഷന്മാരായ വിശുദ്ധരോടും, മാലാഖമാരോടും കൂടെ സ്വര്‍ഗ്ഗത്തില്‍ വാഴുന്നു. പക്ഷെ അവരെല്ലാം അവന്‍റെ സൃഷ്ടികളാണ്.

അവര്‍ അതിവിഷിഷ്ടരാണെങ്കിലും ദൈവകരങ്ങളില്‍ നിന്ന് വന്നവരാണ്. അതിനാല്‍ അവര്‍ ദൈവത്തിനധീരരും ദൈവസാദൃശ്യം മാത്രമുള്ളവരുമാണ്. അടിസ്ഥാനപരമായി ദൈവം ഏകനാണ്. എന്തെന്നാല്‍ ദൈവം ഒന്നേയുള്ളൂ. പഴയ നിയമത്തിന്‍റെയും യഹൂദരുടെയും മുസ്ലീങ്ങളുടെയും വിശ്വാസം ഇതാണ്. പൊതുവേ ക്രൈസ്തവരുടെയും വിശ്വാസം ഇതുതന്നെ.

ഒരുവന്‍റെ ഏകാകിതയില്‍നിന്നു മൂന്നു ദൈവിക വ്യക്തികളുടെ, പിതാവും പുത്രനും, പരിശുദ്ധാത്മാവുമടങ്ങിയ കൂട്ടായ്മയിലേക്ക് നാം മുന്നോട്ടു പോകണം. ആദിയില്‍ത്തന്നെ വൈവിധ്യത്തിന്‍റെ സമ്പന്നതയോടുകൂടെ ഒരു ദൈവികവക്തി ഇതരവ്യക്തികള്‍ക്ക് സ്വയം സമര്‍പ്പിക്കുന്ന പ്രകാശമാനമായ ഐക്യത്തോടുകൂടെ വിവിധ വ്യക്തികളുടെ കൂട്ടായ്മയുണ്ടായിരുന്നു.

മൂന്നു ദൈവിക വ്യക്തികളുടെ നിതാന്തമായ പരസ്പര ഐക്യമാണ് ദൈവമെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെങ്കില്‍ മക്കളായ നമ്മളും ഐക്യത്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് അനുമാനിക്കണം.

നമ്മള്‍ നിത്യത്വത്തിന്‍റെ പ്രതിച്ഛായയും സാദൃശ്യവുമാണ്. അതിനാല്‍ നമ്മള്‍ കൂട്ടായ്മയുടെ വ്യക്തികളാണ്. ഏകാകിത നരകമാണ്. ആരും ഒറ്റപ്പെട്ട ദ്വീപല്ല. വ്യക്തികളും വസ്തുക്കളും സത്തകളും നമ്മെ എല്ലായിടത്തും ചൂഴ്ന്നു നില്‍ക്കുന്നു. പരിശുദ്ധ ത്രിത്വത്തിന്‍റെ അടിസ്ഥാനത്തില്‍ നമ്മള്‍ എല്ലാവരുമായി കൂട്ടായ്മയുടെ ബന്ധം നിലനിര്‍ത്താന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. കൊണ്ടും കൊടുത്തും സമ്പന്നവും തുറന്ന പങ്കാളിത്തമുള്ളതും വ്യത്യസ്തതകളെ ആദരിച്ചുകൊണ്ടുള്ളതും എല്ലാവര്‍ക്കും നന്മ ചെയ്യുന്നതുമായ ഒരു ജീവിതം നയിക്കണം.

ഏകദൈവമേ ഉള്ളൂ എന്ന പ്രസ്താവനയെ ക്രൈസ്തവ വിശ്വാസം നിഷേധിക്കുന്നില്ല.എന്നാല്‍ ദൈവത്തിന്‍റെ ഏകത്വം വ്യത്യസ്തമായ രീതിയിലാണ്‌ നാം മനസ്സിലാക്കുന്നത്‌. പുതിയ നിയമത്തിലെ വെളിപ്പെടുത്തലനുസരിച്ച് യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമാണ്. ദൈവം നിത്യനാണ്. ദൈവികരായ മൂന്നു വ്യക്തികളുടെ കൂട്ടായ്മയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും അത്രമേല്‍ സ്നേഹിച്ചു കൊണ്ട് അത്രമേല്‍ പരസ്പരം പങ്കു ചേര്‍ന്നുകൊണ്ട് നിത്യമായി ഐക്യപ്പെട്ടിരിക്കുന്നു.

മൂന്നു ദൈവിക വ്യക്തികളുടെ കൂട്ടായ്മയാണ് നിലനില്‍ക്കുന്നത്. ഈ കൂട്ടായ്മ ഏകദൈവമാകത്തക്ക രീതിയില്‍ അത്ര അഗാധവും അടിസ്ഥാനപരവുമാണ്. ഒരേ തടാകത്തിനു രൂപം നല്‍കുന്ന മൂന്നു ജലസ്രോതസ്സുകള്‍ പോലെയാണത്. ഒരു ജലസ്രോതസ്സ് മറ്റതിലേക്ക് ഒഴുകിച്ചേരുന്നു. ഓരോന്നും അതതിന്‍റെ മുഴുവന്‍ ജലവും ഏകതടാകമാക്കാന്‍ സമര്‍പ്പിക്കുന്നു. അല്ലെങ്കില്‍ ഒരു ആലക്തിക ദീപത്തിലെ മൂന്ന് ബള്‍ബുകള്‍ ഒരേ പ്രകാശത്തെ ഉളവാക്കുന്നതുപോലെയാണത്.

ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ ക്രൈസ്തവമായിത്തീരണം. ദൈവം എപ്പോഴും മൂന്നു ദൈവിക വ്യക്തികളുടെ കൂട്ടായ്മയാണ്. പുത്രനായ ദൈവത്തെയും പരിശുദ്ധാത്മാവായ ദൈവത്തെയും കൂടാതെ പിതാവായ ദൈവമില്ല. യേശു ദൈവമാണ് എന്നുമാത്രം ഏറ്റുപറഞ്ഞാല്‍ പോരാ പിന്നെയോ പിതാവായ ദൈവത്തിന്‍റെ പുത്രനും പരിശുദ്ധാത്മാവോടു കൂടിയവനുമാണ് യേശു എന്നു പറയേണ്ടതുണ്ട്. മറ്റു രണ്ടു വ്യക്തികളെ പരാമര്‍ശിക്കാത്ത ഒരു വ്യക്തിയെക്കുറിച്ച് പറയുവാനാകില്ല.


Related Articles »