News
അൽമായർക്കും വൈദികർക്കും കൃത്യമായ ആരാധനാക്രമ പരിശീലനം അനിവാര്യം: ലെയോ പാപ്പ
പ്രവാചകശബ്ദം 15-08-2026 - Saturday
ഒറിഗണ്‍: ദൈവജനത്തെ നയിക്കാൻ വിളിക്കപ്പെട്ടവർക്ക് ആരാധനാക്രമ പരിശീലനം ലഭ്യമാക്കണമെന്നും, ആരാധനാക്രമവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും നിബന്ധനകളും കൃത്യമായി പാലിക്കപ്പെടണമെന്നും ലെയോ പതിനാലാമൻ പാപ്പ. ദൈവജനത്തിന്റെ ആരാധനാക്രമപരിശീലനം എന്ന വിഷയത്തിൽ ഒറിഗണിൽ നടന്നുവരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ദൈവാരാധനയ്ക്കും കൂദാശകളുമായി ബന്ധപ്പെട്ട നിയന്ത്രണത്തിനുമായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ആർതർ റോഷിനയച്ച സന്ദേശത്തിലൂടെയാണ് ഇത്തരമൊരു സുപ്രധാന നിർദ്ദേശം പാപ്പ നൽകിയത്. ആരാധനാക്രമത്തോടുള്ള ആദരവ് ദൈവത്തിലുള്ള ശരണത്തിന്റെയും, തുറന്ന മനസ്സിന്റെയും സഭാത്മക കൂട്ടായ്മയോടുള്ള വിശ്വസ്തതയുടെയും പ്രകടനവും അടയാളവും കൂടിയായിരിക്കണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
വൈദികർക്കും അൽമായർക്കും ശ്രദ്ധാപൂർവ്വം ആരാധനാക്രമകാര്യങ്ങളിൽ തുടർപരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്റെ മുൻഗാമി ഫ്രാന്‍സിസ് പാപ്പ "ദെസിദേരിയോ ദെസിദെരാവി" എന്ന അപ്പസ്തോലിക ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നുവെന്ന് ലെയോ പാപ്പ കുറിച്ചു. ഏതാനും പേർക്കുവേണ്ടി മാത്രമല്ല മുഴുവൻ ദൈവജനത്തിന്റെയും ആന്തരിക മനോഭാവത്തെയും രൂപീകരണത്തെയുമാണ് ഈയൊരു പരിശീലനം കൊണ്ട് അദ്ദേഹം ലക്‌ഷ്യം വച്ചിരുന്നതെന്ന് ലെയോ പാപ്പ കത്തില്‍ കുറിച്ചു.
സഭയുടെ എല്ലാ തലങ്ങളിലും ആരാധനാക്രമപരിശീലനത്തിന് ശ്രദ്ധ നൽകേണ്ടതിന്റെയും, അതിനായി പ്രയോഗികമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യവും എടുത്തുകാണിച്ച പാപ്പ, പൗരോഹിത്യ തിരുപ്പട്ടം സ്വീകരിച്ചവർ, വിശ്വാസികളെ വിശ്വാസ രഹസ്യങ്ങളിലേക്ക് നയിക്കുന്നവരാകയാൽ, അവരുടെ പരിശീലനത്തിന് കൂടുതൽ മുൻഗണന നൽകേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു. ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയ്ക്കായി ഒരുമിച്ചുകൂടുന്നതാണ് ആരാധനാക്രമ പരിശീലനത്തിന്റെ ആദ്യ അവസരമെന്നും പാപ്പ സന്ദേശത്തില്‍ കുറിച്ചിട്ടുണ്ട്.
വൈദികരും മുഴുവൻ ദൈവജനവും സഭ അംഗീകരിച്ച ആരാധനക്രമ ഗ്രന്ഥങ്ങളോടും, അതിലെ നിയമങ്ങളോടും നിർദ്ദേശങ്ങളോടും വിശ്വസ്തത പാലിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പ തന്റെ സന്ദേശത്തിൽ പ്രത്യേകം പരാമർശിച്ചു. ആരാധനാക്രമവുമായി ബന്ധപ്പെട്ട "സാക്രോസാന്ക്തും കൊൺചീലിയും" എന്ന പ്രമാണരേഖയെ, ആധാരമാക്കി ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ ഉദ്ബോധനങ്ങളിൽ താൻ ആവശ്യപ്പെട്ടിരുന്നതുപോലെയും മുന്‍ പാപ്പമാര്‍ പ്രാബല്യത്തിൽ വരുത്തിയ ആരാധനക്രമ നിബന്ധനകളനുസരിച്ചും, ദിവ്യരഹസ്യങ്ങൾ കൈകാര്യം ചെയ്യുന്നവർ, പ്രത്യേകിച്ച് വൈദികർ ആരാധനാക്രമത്തോട് കാണിക്കേണ്ട ആദരവിനെ കുറിച്ചും പാപ്പ സൂചിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14 മുതൽ 19 വരെ തീയതികളിലാണ് ഒറിഗണിൽ സമ്മേളനം നടക്കുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















