India - 2026

പാത്രിയാർക്കീസ് ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭാ ആസ്ഥാനം സന്ദർശിച്ചു

പ്രവാചകശബ്ദം 24-08-2026 - Monday

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയാർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദർശിച്ചു. സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം നടക്കുന്നതിനിടെയായിരുന്നു പാത്രിയർക്കീസിന്റെ സന്ദർശനം. സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും സീറോമലബാർ സഭയുടെ സ്ഥിരം സിനഡ് അംഗങ്ങളായ പിതാക്കന്മാരും ചേർന്ന് പാത്രിയാർക്കീസിനെ സഭാ ആസ്ഥാനത്തു സ്വീകരിച്ചു.

തുടർന്ന് പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ സിനഡ് പിതാക്കന്മാരെ അഭിസംബോധന ചെയ്തു. പൗരസ്ത്യ കത്തോലിക്കാ സഭകൾ തമ്മിലുള്ള കൂട്ടായ്മയും പരസ്പര സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങളും ആത്മീയ സമ്പത്തും വിശ്വാസസാക്ഷ്യവും ഇന്നത്തെ സാഹചര്യങ്ങളിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പങ്കുവച്ചു.

സീറോമലബാർ സഭയും അന്തിയോഖ്യൻ സുറിയാനി കത്തോലിക്കാ സഭയും തമ്മിലുള്ള ചരിത്രപരവും ആത്മീയവുമായ ബന്ധങ്ങൾ കൂടുതൽ വളർത്തിയെടുക്കുന്നതിൽ ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതായി മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചൂണ്ടിക്കാട്ടുകയും പാത്രിയർക്കീസിന്റെ സന്ദർശനത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.


Related Articles »