News - 2026
ദയാവധ ബില്ലിന് 'നോ' പറഞ്ഞ് യുകെ പാർലമെന്‍റ്
പ്രവാചകശബ്ദം 13-09-2026 - Sunday
ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാരക രോഗം ബാധിച്ചവർക്ക്, വൈദ്യസഹായത്തോടെ ദയാവധം നടത്തുവാനുള്ള ബിൽ പാർലമെന്റിൽ പരാജയപ്പെട്ടു. ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലാണ് പ്രമേയം പരാജയപ്പെട്ടത്. നാല് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ നടന്ന വോട്ടെടുപ്പിൽ ബില്ലിനെതിരായി 286 പ്രതിനിധികള്‍ വോട്ട് ചെയ്യുകയായിരിന്നു. ബില്ലിനെതിരെ കത്തോലിക്കാ സഭയും ആംഗ്ലിക്കൻ സഭയും ശക്തമായി രംഗത്തുവന്നിരുന്നു. നിയമനിർമ്മാണം തെറ്റാണെന്നും വൻ അപകടസാധ്യതയുള്ളതാണെന്നും വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ്പ് വ്യക്തമാക്കിയിരിന്നു.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആറ് മാസത്തിൽ താഴെ മാത്രം ആയുസ്സ് പ്രവചിക്കപ്പെട്ട മാരക രോഗികളായ മുതിർന്നവർക്ക്, രണ്ട് ഡോക്ടർമാരുടെയും വിദഗ്ധ സമിതിയുടെയും അനുമതിയോടെ ജീവിതം അവസാനിപ്പിക്കാൻ അനുവാദം നൽകുന്നതായിരുന്നു നിയമനിർമ്മാണം. രണ്ട് വർഷമായി തുടരുന്ന പാർലമെന്ററി ചർച്ചകൾക്കാണ് ഈ വോട്ടെടുപ്പോടെ വിരാമമായത്. രാഷ്‌ട്രീയ പാർട്ടി വ്യത്യാസമില്ലാതെ പാർലമെന്റ് അംഗങ്ങൾക്ക് മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാൻ അവസരം നൽകിയതിനാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർണാം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. നിയമ നിർമ്മാണത്തിന് പകരം പാലിയേറ്റീവ് കെയർ (വേദനസംഹാരി പരിചരണ) സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹം ബലഹീനരെയും രോഗികളെയും സംരക്ഷിക്കുകയാണ് വേണ്ടതെന്നും, ആത്മഹത്യാ പ്രതിരോധം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും കത്തോലിക്ക സഭാനേതൃത്വം വ്യക്തമാക്കി. ദൈവീക ദാനമായ മനുഷ്യജീവൻ ജനനം മുതൽ സ്വാഭാവിക അന്ത്യം വരെയും അമൂല്യമായി പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണമെന്ന സഭയുടെ അടിസ്ഥാന ധാർമ്മിക പ്രബോധനമാണ് അതിന് അടിസ്ഥാനം. ഉദ്ദേശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അതീതമായി, ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവര്‍ത്തിയും കൊലപാതകത്തിന് തുല്യവും മനുഷ്യജീവന്റെ മാഹാത്മ്യത്തെ നിഷേധിക്കുന്നതുമാണെന്നാണ് സഭ പഠിപ്പിക്കുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















