India
ഗ്രഹാം സ്റ്റെയിൻസ് വധക്കേസ്: ദാരാ സിംഗിന്റെ മോചന അപേക്ഷ തള്ളിയതായി ഒഡീഷ സർക്കാർ
പ്രവാചകശബ്ദം 19-09-2026 - Saturday
ന്യൂഡൽഹി: ക്രൈസ്‌തവ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതി ദാരാ സിംഗിന്റെ ജയിൽ മോചന അപേക്ഷ തള്ളിയതായി ഒഡീഷ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സർക്കാരിനെ പ്രതിനിധീകരിച്ചുള്ള അഭിഭാഷകനാണ് ജസ്റ്റീസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ സംസ്ഥാന സർക്കാരിന്റെ തീരുമാനം അറിയിച്ചത്. ഇതിനു പിന്നാലെ, സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്‌തുകൊണ്ട് ഹർജി ഭേദഗതി ചെയ്യാൻ ദാരാ സിംഗിൻ്റെ അഭിഭാഷകന് കോടതി അനുമതി നൽകി. മൂന്ന് ആഴ്ചകള്‍ക്കു ശേഷം പുതിയ ഹർജി സുപ്രീംകോടതി പരിഗണിക്കും.
കഴിഞ്ഞ 25 വർഷമായി താൻ ജയിൽ വാസം അനുഭവിക്കുകയാണെന്നും അതിനാൽ മോചനം വേണമെന്നും ആവശ്യപ്പെട്ടാണ് ദാരാസിംഗ് ഹർജി നല്‌കിയത്. എന്നാൽ ജയിൽ മോചന അപേക്ഷ തള്ളിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്‌തുകൊണ്ടുള്ള, ഭേദഗതി ചെയ്‌ത പുതിയ ഹർജിയാകും സുപ്രീംകോടതിയിൽ എത്തുക. പ്രതിയുടെ മോചനം സാമൂഹിക പ്രത്യാഘാതങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണമായേക്കാമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ശിക്ഷാ അവലോകന ബോർഡ് അപേക്ഷ തള്ളിയത്.
1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമോത്തിയേയും അഗ്നിക്കിരയാക്കിയത്. ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു.
ഗ്രഹാം സ്‌റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. മൂന്നു കൊലപാതകങ്ങളിലെ പ്രധാന പ്രതിയായ ധാരാ സിംഗിനെ 2003ൽ സിബിഐ കോടതി വധശിക്ഷയ്ക്കു വിധിച്ചു. 2005ൽ ഒഡീഷ ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 2011ൽ സുപ്രീംകോടതി അതു ശരിവയ്ക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ നിന്നുള്ളയാളാണ് ഒഡീഷയിലെത്തി നിഷ്‌ഠൂര കൊലപാതകത്തിനു നേതൃത്വം നൽകിയ ധാരാ സിംഗ്. കേസില്‍ മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















