News
യേശുവിന്റെ മാമ്മോദീസയുടെ 2000-ാമത് വാർഷികം: ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ ജോർദാൻ സന്ദര്‍ശിച്ച് കിരീടാവകാശി
പ്രവാചകശബ്ദം 18-09-2026 - Friday
അമ്മാൻ: ജോർദാനില്‍ സ്നാപക യോഹന്നാനില്‍ നിന്നു യേശുക്രിസ്തു മാമ്മോദീസ സ്വീകരിച്ച മഹാസംഭവത്തിന് 2030-ല്‍ 2,000 വര്‍ഷം തികയുവാനിരിക്കെ മേഖലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജോർദാൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ ജോർദാനിലെ ഔദ്യോഗിക മാമ്മോദീസ സ്ഥലം സന്ദർശിച്ചു. സന്ദർശനവേളയിൽ, തീർത്ഥാടകർക്കും സന്ദർശകർക്കുമായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും സേവനങ്ങളും അദ്ദേഹം വിലയിരുത്തി. പുണ്യസ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും തീർത്ഥാടകർക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനും അദ്ദേഹം നിർദേശങ്ങൾ നൽകി.
2030-ൽ നടക്കാനിരിക്കുന്ന ജ്ഞാനസ്നാനത്തിന്റെ മഹാജൂബിലി വാർഷികാഘോഷങ്ങൾ സ്ഥലത്തിന്റെ ചരിത്രപരവും വിശ്വാസപരവുമായ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ സംഘടിപ്പിക്കണമെന്ന് അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോർദാനെ ആഗോള ക്രിസ്തീയ തീർത്ഥാടന കേന്ദ്രമായി അടയാളപ്പെടുത്തുന്നതിനായി വിനോദസഞ്ചാര മന്ത്രാലയവും ടൂറിസം ബോർഡുമായി ചേർന്ന് അന്താരാഷ്ട്ര തലത്തിൽ പ്രചാരണം ശക്തമാക്കാനും അദ്ദേഹം നിർദ്ദേശം നൽകി.
മത-സാംസ്കാരിക കാര്യങ്ങൾക്കായുള്ള മുഖ്യ ഉപദേഷ്ടാവും ബാപ്റ്റിസം സൈറ്റ് കമ്മീഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഗാസി ബിൻ മുഹമ്മദ്, പ്രിൻസസ് മിറിയം ഗാസി, വിനോദസഞ്ചാര-പുരാവസ്തു വകുപ്പ് മന്ത്രി ഇമാദ് ഹിജാസിൻ, കിരീടാവകാശിയുടെ ഓഫീസിന്റെ ഡയറക്ടർ സെയ്ദ് ബഖൈൻ, ബാപ്റ്റിസം സൈറ്റ് കമ്മീഷൻ ഡയറക്ടർ ജനറൽ അബ്ദുള്ള ബവാരിദ് എന്നിവരും കിരീടാവകാശിയ്ക്കു ഒപ്പം യേശുവിന്റെ ജ്ഞാനസ്നാനം നടന്ന തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















