India - 2026
മലങ്കര കത്തോലിക്ക സഭയുടെ 96-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾക്കു തുടക്കം
പ്രവാചകശബ്ദം 18-09-2026 - Friday
ചെന്നൈ: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ 96-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾക്കു ചെന്നൈ മൊഗപ്പയറിലെ മാർ ഗ്രിഗോറിയോസ് കോളജ് കാമ്പസിൽ തുടക്കമായി. പുനരൈക്യ സംഗമത്തിന് സെന്‍റ് എഫ്രേം ഘഡ്‌കി-പൂന രൂപതയാണ് ആതിഥേയത്വം വഹിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന് മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകി.
അയ്യപ്പാക്കത്തുനിന്ന് കൊണ്ടുവന്ന, ധന്യൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിൻ്റെ ഛായാചിത്രവും വണ്ടലൂരിൽനിന്ന് കൊണ്ടുവന്ന ആർച്ച് ബിഷപ്പ്മാർ തെയോഫിലോസിൻ്റെ ഛായാചിത്രവും പാടി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയിൽനിന്നുള്ള കാതോലിക്കേറ്റ് പതാകയും ചടങ്ങിൽ ഏറ്റുവാങ്ങി. തുടർന്ന് വചനപ്രഭാഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച ബൈബിൾ കൺവൻഷൻ ആരംഭിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു മലങ്കര കാത്തലിക് അസോസിയേഷൻ, മലങ്കര കാത്തലിക് മദേഴ്‌സ് ഫോറം, മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെൻ്റ്, മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് എന്നിവയുടെ സമ്മേളനങ്ങൾ വിവിധ വേദികളിലായി നടക്കും. നാളെ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും. മദ്രാസ്-മൈലാപ്പുർ അതിരൂപതാധ്യക്ഷൻ ജോർജ് ആൻ്റണിസാമി വചനസന്ദേശം നൽകും.

















