News

യേശു ജ്ഞാനസ്നാനം സ്വീകരിച്ച ജോർദാനിൽ ആദ്യത്തെ ക്രിസ്ത്യൻ സർവ്വകലാശാല യാഥാര്‍ത്ഥ്യമായി

പ്രവാചകശബ്ദം 05-06-2026 - Friday

ജോര്‍ദാന്‍: സ്നാപക യോഹന്നാനില്‍ നിന്നു യേശുക്രിസ്തു ജ്ഞാസ്നാനം സ്വീകരിച്ച സ്ഥലമായി അറിയപ്പെടുന്ന ജോർദാനിൽ ആദ്യത്തെ ക്രിസ്ത്യൻ സർവ്വകലാശാല യാഥാര്‍ത്ഥ്യമായി. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി രേഖപ്പെടുത്തിയിരിക്കുന്ന മേഖല ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. മേഖലയില്‍ സ്ഥാപിക്കപ്പെട്ട പ്രഥമ ക്രൈസ്തവ സര്‍വ്വകലാശാലയുടെ ഉദ്ഘാടന ചടങ്ങിൽ ജോർദാനിയൻ രാജകുടുംബത്തിലെ അംഗങ്ങൾ, പാത്രിയർക്കീസുമാർ, ജെറുസലേമിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ പ്രതിനിധികള്‍, സർക്കാർ ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, വൈദികര്‍, അക്കാദമിക് വിദഗ്ധർ എന്നിവർ പങ്കെടുത്തു.

തുടർച്ചയായ സംഘർഷം, കുടിയിറക്കം, സാമൂഹിക വിഘടനം എന്നിവക്കൊണ്ട് കൊടിയ പ്രതിസന്ധി നേരിടുന്ന മേഖലയിൽ ക്രൈസ്തവ സാന്നിധ്യം, വിദ്യാഭ്യാസം, മതാന്തര സഹകരണം എന്നിവയുടെ ഭാവിയിലെ ഒരു ചരിത്രപരമായ നിക്ഷേപമായിട്ടാണ് സഭാ നേതാക്കൾ സർവ്വകലാശാലയെ വിശേഷിപ്പിക്കുന്നത്. വിശ്വാസത്തിലും സേവനത്തിലും വേരൂന്നിയ ഒരു ദർശനത്തോടെയാണ് സര്‍വ്വകലാശാല സ്ഥാപിക്കുന്നതെന്നു പാത്രിയാർക്കീസ് ​​തിയോഫിലോസ് മൂന്നാമൻ പറഞ്ഞു.

ആത്മീയ രൂപീകരണത്തെ അക്കാദമിക് മികവുമായി സംയോജിപ്പിക്കാനും, ദൈവശാസ്ത്രവും ശാസ്ത്രവും, വിശ്വാസവും യുക്തിയും തമ്മിലുള്ള സംഭാഷണം, പാരമ്പര്യവും സമകാലിക ഉത്തരവാദിത്തവും എന്നിവ വളർത്തിയെടുക്കാനും സർവ്വകലാശാല ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവരുടെ പുണ്യസ്ഥലങ്ങളുടെ സംരക്ഷണത്തിനായി അബ്ദുള്ള രണ്ടാമൻ രാജാവ് ദീർഘകാലമായി നൽകിയ പിന്തുണയ്ക്ക് നന്ദി അര്‍പ്പിക്കുകയാണെന്നും പാത്രിയാർക്കീസ് ​​തിയോഫിലോസ് പറഞ്ഞു. ബാപ്റ്റിസം സൈറ്റ് ഇന്റർനാഷണൽ ഓർത്തഡോക്സ് യൂണിവേഴ്സിറ്റി (BIOU) എന്ന പേരിലാണ് യൂണിവേഴ്സിറ്റി അറിയപ്പെടുക.

"പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ അവന്റെ മേല്‍ ഇറങ്ങി വന്നു. സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരവും ഉണ്ടായി: നീ എന്റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു " (ലൂക്ക 3:22) എന്ന വചനം യാഥാര്‍ത്ഥ്യമായ യേശു ക്രിസ്തുവിന്റെ മാമോദീസ നടന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സർവകലാശാലയെന്ന നിലയില്‍ നിര്‍മ്മാണ സമയത്ത് തന്നെ യൂണിവേഴ്സിറ്റി ശ്രദ്ധ നേടിയിരിന്നു. വരും നാളുകളില്‍ ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റിയിലേക്ക് കടന്നുവരുമെന്നാണ് വിലയിരുത്തുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »