News - 2026

വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ ഉർബാനിയൻ സർവ്വകലാശാലയുടെ മധ്യസ്ഥ വിശുദ്ധൻ

പ്രവാചകശബ്ദം 04-11-2025 - Tuesday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക തിരുസഭ വേദപാരംഗതരുടെ ഗണത്തിൽ ഉയര്‍ത്തിയ വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ, വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ കീഴിലുള്ള, പൊന്തിഫിക്കൽ ഉർബാനിയൻ സർവ്വകലാശാലയുടെ മധ്യസ്ഥ വിശുദ്ധനായി പ്രഖ്യാപിച്ചു. സർവ്വകലാശാലയുടെ, ചാൻസലർ, കർദ്ദിനാൾ അന്‍റോണിയോ ലൂയിസ് ടാഗ്ലെയുടെയും, സർവകലാശാല റെക്ടറിന്റെയും, പ്രത്യേക അഭ്യർത്ഥന മുൻനിർത്തിയാണ്, ലെയോ പതിനാലാമന്‍ പാപ്പ ഈ പ്രഖ്യാപനം നടത്തിയത്.

ഭാരതത്തില്‍ നിന്നു ഉൾപ്പെടെ, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നുമായി വൈദികരും, സന്യസ്തരും, വൈദിക വിദ്യാർഥികളും, അത്മായരുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്, ഈ സർവ്വകലാശാലയിൽ വിവിധ വിഷയങ്ങളില്‍ പഠനം നടത്തുന്നത്. വിശുദ്ധ ഹെൻറി ന്യൂമാൻ, ഈ സ്ഥാപനത്തിനുവേണ്ടി മധ്യസ്ഥത വഹിക്കുകയും, സഭയുടെ മിഷ്ണറി സേവനത്തിൽ പരിശീലനം നേടിയവർക്ക്, വിശ്വാസത്തിന്റെയും, സത്യത്തിനായുള്ള ആത്മാർത്ഥമായ അന്വേഷണത്തിന്റെയും തിളങ്ങുന്ന മാതൃകയായിരിക്കുകയും ചെയ്യട്ടെയെന്നു പാപ്പ ആശംസിച്ചു.

1627-ൽ ഉർബൻ എട്ടാമൻ പാപ്പ സ്ഥാപിച്ച, സഭയിലെ ഏറ്റവും പഴക്കമേറിയ മിഷ്ണറി സർവ്വകലാശാല എന്ന നിലയിൽ ശ്രദ്ധ നേടിയ യൂണിവേഴ്സിറ്റിയാണ് ഉർബാനിയൻ സർവകലാശാല. ലോകമെമ്പാടുമുള്ള 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വൈദികരെയും സന്യാസിനികളെയും സാധാരണക്കാരെയും സുവിശേഷവൽക്കരണത്തിനായി പരിശീലിപ്പിച്ചുകൊണ്ട് ആഗോള മിഷ്ണറി രൂപീകരണത്തിന് ചുക്കാന്‍ പിടിക്കുകയാണ്. റോമിലെ ജാനികുലം കുന്നിൽ, സ്ഥിതി ചെയ്യുന്ന ഈ സർവകലാശാലയിലെ ലൈബ്രറിയില്‍ അപൂർവ കയ്യെഴുത്തുപ്രതികൾ, മതബോധനങ്ങൾ, ചരിത്ര ഭൂപടങ്ങൾ എന്നിവയുൾപ്പെടെ 350,000-ത്തിലധികം പുസ്തകങ്ങള്‍ സൂക്ഷിക്കുന്നുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »