News - 2026

തിരുപ്പട്ട സ്വീകരണം തടഞ്ഞ് ഭരണകൂടം; ഛത്തീസ്ഗഡിൽ വിശ്വാസ സ്വാതന്ത്ര്യത്തിന് വീണ്ടും വിലക്ക്

പ്രവാചകശബ്ദം 21-10-2026 - Wednesday

ബൽറാംപൂർ: രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് തന്നെ ഗൗരവമായ ആശങ്കകൾ ഉയർത്തി ഛത്തീസ്ഗഡില്‍ ഗോത്ര വിഭാഗത്തിൽപ്പെട്ട ഡീക്കന്‍റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞു. നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിലാണ് ഭരണകൂട ഭീകരത നിറഞ്ഞ നടപടി. ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിലെ ധൻവാർ ഇടവകയിൽ നിന്ന് ഈ മാസം 14-ാം തീയതിയായിരുന്നു ജെസ്യൂട്ട് സമൂഹാംഗമായ ഫാ. ബേസിൽ ഹദ്ധയുടെ പൗരോഹിത്യം നിശ്ചയിച്ചിരുന്നത്.

രണ്ടു വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പൗരോഹിത്യ സ്വീകരണച്ചടങ്ങ് തടസ്സപ്പെടുത്തിയത്. 30 വർഷം മുൻപ് നടത്തിയ മാമോദീസാ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും, അന്ന് ആവശ്യമില്ലാതിരുന്ന മതപരിവർത്തനത്തിനുള്ള അനുമതിപത്രം കൂടി വേണമെന്നായിരുന്നു അധികൃതരുടെ നിലപാട്. തീവ്ര ഹിന്ദുത്വനിലപാടുള്ള ഉദ്യോഗസ്ഥരുടെ അധികാരദാഷ്ട്യത്തിന് വഴങ്ങി പൗരോഹിത്യ സ്വീകരണച്ചടങ്ങ് മാറ്റിവെക്കേണ്ടി വന്ന സാഹചര്യം രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് തന്നെ ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതാണെന്ന് സീറോ മലബാര്‍ സഭയുടെ പി‌ആര്‍‌ഓ ഫാ. ടോം ഓലിക്കരോട്ട് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.



മൂന്നു പതിറ്റാണ്ട് മുൻപത്തെ നിയമവ്യവസ്ഥകൾക്ക് അനുസൃതമായി പൂർത്തിയാക്കിയ നടപടികൾക്ക് പോലും ഇന്ന് പുതിയ വ്യാഖ്യാനങ്ങൾ ചമച്ച് തടസ്സങ്ങൾ സൃഷ്ടിക്കുമ്പോൾ, നിയമവാഴ്ചയേക്കാൾ വർഗീയ താല്പര്യങ്ങളാണോ ഭരണസംവിധാനത്തെ നയിക്കുന്നത് എന്ന ചോദ്യം ഉയരുക സ്വാഭാവികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ മതവിശ്വാസവും അതിന്റെ അടിസ്ഥാനത്തിലുള്ള ജീവിത സമർപ്പണവും ഭരണകൂടത്തിന്റെ ഇടപെടലിലൂടെ തടസ്സപ്പെടുത്തുന്ന സാഹചര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമാക്കുകയാണ്.

ഇത് ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാനാവില്ല. ഛത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങളിൽ ക്രൈസ്തവ പുരോഹിതർക്കും സാമൂഹ്യ പ്രവർത്തകർക്കും പ്രവേശനം നിഷേധിക്കുന്ന ബോർഡുകൾ സ്ഥാപിക്കപ്പെട്ടതും, അവയ്ക്കെതിരെ ഉയർന്ന നിയമപരമായ നീക്കങ്ങൾക്ക് തിരിച്ചടി നേരിട്ടതും ഈ സാഹചര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്. ക്രൈസ്തവരുടെ മൃതശരീരങ്ങൾ സ്വന്തം ഭൂമിയിൽ പോലും സംസ്കരിക്കാൻ അനുവദിക്കുകയില്ലെന്ന വർഗീയ പ്രഖ്യാപനങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിൽ ഉയർന്നപ്പോഴും പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടം എത്രത്തോളം ഫലപ്രദമായി ഇടപെട്ടു എന്ന ചോദ്യം അവശേഷിക്കുകയാണെന്നും ഫാ. ടോം പറഞ്ഞു.

മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കുകയും, ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളെ സാധാരണ സംഭവങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലെ പ്രവണത ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെയാണ് ദുർബലപ്പെടുത്തുന്നത്. നിയമം ഒരുപോലെ എല്ലാവർക്കും ബാധകമാകേണ്ട രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അധികാരബലത്തിന്റെ മുൻപിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷ്പ്രഭമാകുന്നത് നീതിയുടെ പരാജയമാണ്. ഛത്തീസ്ഗഡിൽ മുഴങ്ങുന്നത് ഒരപായമണിയാണ്. ആ ശബ്ദം കേൾക്കാതെ ഇനിയും ഉറക്കം നടിക്കാനാവില്ല. മതേതര ഇന്ത്യയെ സംരക്ഷിക്കുക എന്നത് ന്യൂനപക്ഷങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല. ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഓരോ ഇന്ത്യൻ പൗരന്റെയും കടമ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »