India - 2026

ക്രൈസ്തവരുടെ മൃതദേഹം സംസ്കരിക്കാൻ ഭൂമി അനുവദിക്കില്ല: വിവാദ തീരുമാനവുമായി ഛത്തീസ്ഗഢ് ഗ്രാമസഭ

പ്രവാചകശബ്ദം 07-10-2026 - Wednesday

സുക്മ: ഛത്തീസ്‌ഗഢിലെ സുക്‌മ ജില്ലയിലെ പുന്‍പള്ളി ഗ്രാമത്തിൽ ക്രിസ്ത്യൻ വിശ്വാസികളായ മൃതദേഹം സംസ്കരിക്കാൻ ഭൂമി അനുവദിക്കില്ലെന്ന ഗ്രാമസഭ തീരുമാനം വിവാദത്തിൽ. വൈദികര്‍, പാസ്റ്റർമാർ ഗ്രാമത്തിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി ബാനർ സ്ഥാപിച്ചിട്ടുണ്ട്. വിശ്വാസപരമായ കാര്യങ്ങള്‍ക്കായി പരിപാടികൾ നടത്താൻ അനുവദിക്കില്ലെന്നും ബാനറിൽ പറയുന്നു. ഭരണഘടനയുടെ അഞ്ചാം പട്ടികയിൽ ഉൾപ്പെടുന്ന പ്രദേശമായതിനാൽ ഒക്ടോബർ രണ്ടിന് ചേർന്ന ഗ്രാമസഭാ യോഗത്തിൽ 1996ലെ നിയമമായ പി.ഇ.എസ്.എ ചൂണ്ടിക്കാട്ടിയാണ് തീരുമാനം എടുക്കുന്നതെന്നാണ് ഇവരുടെ വ്യാഖ്യാനം.

ആദിവാസി സംസ്ക‌ാരം, പാരമ്പര്യം, സാമൂഹിക ഐക്യം, സാംസ്ക‌ാരിക സ്വത്വം എന്നിവ സംരക്ഷിക്കാനുള്ള അവകാശം ഗ്രാമസഭക്കുണ്ടെന്നും സാഹചര്യത്തിലും വൈദികര്‍, പാസ്റ്റർമാർ അല്ലെങ്കിൽ ക്രൈസ്തവ കൂട്ടായ്മകള്‍ക്കോ മറ്റ് ക്രൈസ്തവ പരിപാടികൾക്കോ ആയി പുൻപള്ളി ഗ്രാമത്തിൽ പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. ഏകദേശം 2,000 പേർ താമസിക്കുന്ന ഗ്രാമത്തിൽ ക്രൈസ്തവ വിശ്വാസികളായ 21 കുടുംബങ്ങളിലായി 75 പേരാണുള്ളത്. തീരുമാനം നടപ്പായാൽ മൃതദേഹങ്ങൾ സംസ്ക‌രിക്കാൻ 13 കിലോമീറ്ററിലേറെ അകലെയുള്ള ധോർണാപാലിലേക്കോ 40 കിലോമീറ്ററിലേറെ അകലെയുള്ള സുക്‌മ ജില്ലാ ആസ്ഥാനത്തേക്കോ പോകേണ്ടിവരും.


Related Articles »