News
റൂബി ജൂബിലി നിറവില്‍ ചരിത്രനേട്ടം; ജീസസ് യൂത്തിന് വത്തിക്കാന്റെ സ്ഥിരാംഗീകാരം
പ്രവാചകശബ്ദം 23-10-2026 - Friday
റോം: ആഗോള കത്തോലിക്കാ അല്മായ പ്രസ്ഥാനമായ 'ജീസസ് യൂത്തി'ന്റെ പരിഷ്കരിച്ച നിയമാവലിക്ക് (Statutes) വത്തിക്കാൻ അന്തിമ അംഗീകാരം നൽകി. കാനോൻ നിയമപ്രകാരമുള്ള അന്താരാഷ്ട്ര സ്വകാര്യ അല്മായ സംഘടനയെന്ന പദവിയാണ് വത്തിക്കാനിലെ അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി ഇതിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ നാല്പതാം വാർഷികത്തിന്റെയും പരിശുദ്ധ സിംഹാസനം സംഘടനയ്ക്ക് താത്ക്കാലിക അംഗീകാരം നൽകിയതിന്റെ പത്താം വാർഷിക വേളയിലുമാണ് സുപ്രധാനമായ അംഗീകാരം സംഘടനയ്ക്കു ലഭിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
കേരളത്തിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച അന്താരാഷ്ട്ര കത്തോലിക്ക അല്മായ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര സംഗമം റോമില്‍ നടന്നു വരികയാണ്. "ഭൂമിയുടെ അതിർത്തികൾ വരെ" (Go to the Ends of the Earth) എന്ന ആപ്തവാക്യവുമായി നടക്കുന്ന സമ്മേളനവേദിയിൽവെച്ച് അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അസോസിയേറ്റ് സെക്രട്ടറി ബിഷപ്പ് ഡാരിയോ ജെർവാസി, ഔദ്യോഗിക അംഗീകാര രേഖ ജീസസ് യൂത്ത് ഇന്റർനാഷണൽ കോർഡിനേറ്റർ ഡോ. മിഥുൻ പോളിന് കൈമാറി.
ഡിക്കാസ്റ്ററിയുടെ സഭാ പ്രസ്ഥാനങ്ങളുടെ വിഭാഗം കോർഡിനേറ്റർ ഫാ. ജിയോവന്നി ബുവോന്തെമ്പോ, ഏഷ്യൻ ബിഷപ്സ് കോൺഫറൻസസിന്റെ (FABC) സുവിശേഷവൽക്കരണ കാര്യാലയത്തിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും, ജീസസ് യൂത്ത് ഇന്റർനാഷണലിന്റെ ഫോർമേഷൻ ഡയറക്ടറുമായ മനോജ് സണ്ണി, സംഘടനയുടെ ആത്മീയ ഉപദേഷ്ടാവായ കണ്ണൂർ ബിഷപ്പ് അലക്സ് ജോസഫ് വടക്കുംതല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സുവിശേഷവത്കരണ ദൗത്യത്തിൽ കൂടുതൽ അർപ്പണബോധത്തോടെ മുന്നേറാന്‍ ഇത് ഊര്‍ജ്ജം പകരുന്നുവെന്നും സഭയുടെ കൂട്ടായ്മയിൽ യുവജനങ്ങളെ വിശ്വാസത്തിൽ നയിക്കാനും സുവിശേഷം പങ്കുവെക്കാനുമുള്ള പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് അംഗീകാരം കരുത്തുപകരുമെന്നും ഡോ. മിഥുൻ പോൾ പ്രതികരിച്ചു.
1980-കളിൽ കേരളത്തിൽ അനേകരുടെ മാനസാന്തരത്തിനു വഴിതെളിച്ച കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ജീസസ് യൂത്തിന്റെ ജനനം. 'അന്താരാഷ്ട്ര യുവജന വർഷ'മായ 1985-ൽ, പല യുവജന കൂട്ടായ്മകളും ഒത്തുചേർന്ന് 'ജീസസ് യൂത്ത്' (Jesus Youth) എന്ന പേരിൽ ഒന്നായിത്തീർന്നു. ക്രമേണ, ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും മറ്റ് പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. 2016 മെയ് 20-നാണ് ജീസസ് യൂത്തിനെ കാനൻ അംഗീകാരമുള്ള അല്മായരുടെ അന്താരാഷ്ട്ര സംഘടനയായി വത്തിക്കാന്‍ അംഗീകരിച്ചത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















