News - 2025

ഭ്രൂണത്തെ അള്‍ത്താരയില്‍ കിടത്തി ട്രംപിനു വേണ്ടി വോട്ട് ചോദിച്ച വൈദികന്റെ നടപടിക്കെതിരെ അമാരിലോ രൂപത ബിഷപ്പ് അന്വേഷണം പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 10-11-2016 - Thursday

ടെക്‌സാസ്: കത്തോലിക്ക പുരോഹിതനും പ്രോലൈഫ് പ്രവര്‍ത്തകനുമായ ഫാദര്‍ ഫ്രാങ്ക് പവോണിയുടെ വിവാദ വീഡിയോയെ സംബന്ധിച്ച് പ്രത്യേക അന്വേഷണത്തിന് അമാരിലോ ബിഷപ്പ് പാട്രിക് സുരേക് തീരുമാനിച്ചു. ഫാദര്‍ ഫ്രാങ്ക് പവോണി ഗര്‍ഭസ്ഥശിശുവിന്റെ മൃതശരീരം അള്‍ത്താരയില്‍ കിടത്തികൊണ്ട് ചിത്രീകരിച്ച വീഡിയോ സന്ദേശമാണ് വിവാദം സൃഷ്ടിച്ചത്. കത്തോലിക്ക വിശ്വാസികള്‍ ജീവന്റെ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും, അതിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിനും വോട്ട് ചെയ്യണമെന്നാണ് ഫാദര്‍ ഫ്രാങ്ക് പവോണി തന്റെ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നത്.

"മനുഷ്യ ജീവന്റെ അന്തസിനെ ബഹുമാനിക്കാത്ത നടപടിയാണ് വൈദികന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഭ്രൂണത്തെ അള്‍ത്താരയില്‍ കിടത്തിയതിലൂടെ, അള്‍ത്താരയുടെ വിശുദ്ധിയേയും വൈദികന്‍ മാനിച്ചിട്ടില്ല. വൈദികന്റെ നടപടി മൂലമുണ്ടായ ബുദ്ധിമുട്ടില്‍ അമാരിലോ രൂപത ഖേദം പ്രകടിപ്പിക്കുന്നു. കത്തോലിക്ക സഭയുടെ വിശ്വാസവുമായി വൈദികന്റെ നടപടിക്ക് യാതോരു ബന്ധവുമില്ല". ബിഷപ്പ് പാട്രിക് സുരേക് പറഞ്ഞു.

അമാരിലോ രൂപതയിലെ വൈദികനായ ഫാദര്‍ ഫ്രാങ്ക് പവോണി ജീവന്റെ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന വൈദികരുടെ പ്രത്യേക സംഘത്തിന്റെ തലവനാണ്. തന്റെ ശുശ്രൂഷകളുടെ ഭാഗമായി അദ്ദേഹം ന്യൂയോര്‍ക്കിലാണ് താമസിച്ച് സേവനം ചെയ്യുന്നത്. ന്യൂയോര്‍ക്ക് രൂപതയിലേയും, അമാരിലോ രൂപതയിലേയും ചിലരുമായി ഫാദര്‍ ഫ്രാങ്ക് പവോണി ഇതിനു മുമ്പും ചില അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


Related Articles »