News - 2025
കത്തോലിക്ക സഭയുമായി യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ യാഥാസ്ഥിതിക ജൂത റബ്ബിമാരുടെ തീരുമാനം
സ്വന്തം ലേഖകന്‍ 14-12-2016 - Wednesday
ലോസാഞ്ചലസ്: കത്തോലിക്ക സഭയും യഹൂദന്‍മാരും തമ്മില്‍ സഹകരണത്തോടെ മുന്നോട്ട് നീങ്ങുന്നതിനായി പ്രത്യേക കരാര്‍ ഒപ്പുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യഹൂദ റബ്ബിമാരാണ് കത്തോലിക്ക സഭയോട് ഐക്യപ്പെട്ട് മുന്നോട്ട് നീങ്ങുന്നതിനുള്ള കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. ക്രൈസ്തവ മതവും, യഹൂദ മതവും തമ്മില്‍ പലവിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ അഭിപ്രായ വ്യത്യസങ്ങളെക്കാളും ഉപരി, യോജിക്കുവാന്‍ കഴിയുന്ന പലകാര്യങ്ങളും ഇരുമതങ്ങളും പഠിപ്പിക്കുന്നുണ്ട്.
മധ്യകാലഘട്ടത്തിലും, നവോത്ഥാന കാലഘട്ടത്തിലും ക്രൈസ്തവ വിശ്വാസവും, ജൂത വിശ്വാസവും തമ്മില്‍ പലപ്പോഴും അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരുന്നു. വിവിധ രാഷ്ട്രീയ സമൂഹിക കാരണങ്ങളാല്‍ ജൂതന്‍മാരുടെ കൂട്ടക്കൊല വരെ നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വഷളാകുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ഇതര മതസ്ഥരോട് ക്രൈസ്തവ സമൂഹം സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് വ്യക്തവും, സുതാര്യവുമായ പഠിപ്പിക്കലുകളുമായി കത്തോലിക്ക സഭ രംഗത്തു വന്നു. അന്നു മുതല്‍ ജൂതന്‍മാരുമായി അടുത്ത ബന്ധം പുലര്‍ത്തുവാന്‍ സഭയേ കാലാകാലങ്ങളില്‍ നയിച്ചിരുന്നവര്‍ ശ്രമിച്ചുപോന്നു.
യഹൂദാ റബ്ബിമാര്‍ പുറപ്പെടുവിച്ചിരിക്കുന്ന രേഖയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും, ബനഡിക്ടറ്റ് പതിനാറമന്‍ മാര്‍പാപ്പയും ജൂതന്‍മാരെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ മുതിര്‍ന്ന സഹോദരന്‍മാര്‍ എന്ന വിശേഷണമാണ് ജൂതന്‍മാരെ കുറിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ നടത്തിയിട്ടുള്ളത്. വിശ്വസ സംബന്ധമായി നമ്മുടെ പിതാക്കന്‍മാരെന്നാണ് ജൂതന്‍മാരെ ബനഡിക്ടറ്റ് പതിനാറാമന്‍ അഭിസംബോധന ചെയ്തിട്ടുള്ളതെന്നും രേഖ പറയുന്നു. ക്രൈസ്തവ സഭാ പിതാക്കന്‍മാരില്‍ നിന്നുള്ള ഇത്തരം നടപടികളെല്ലാം ജൂതന്‍മാരോടുള്ള അവരുടെ സ്‌നേഹവും ഐക്യവുമാണ് കാണിക്കുന്നതെന്നും റബ്ബിമാര്‍ വിലയിരുത്തുന്നു.
ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായ ജൂതകൂട്ടക്കൊല നടന്നിട്ട് 70 വര്‍ഷം പിന്നിടുമ്പോഴാണ് കത്തോലിക്ക സഭയുമായി യാഥാസ്ഥിതിക വിശ്വാസം അനുഷ്ഠിച്ച് പോരുന്ന യഹൂദ റബ്ബിമാര്‍ യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇസ്രായേലിനെ വിശുദ്ധ സ്ഥലമായി അംഗീകരിക്കുന്ന ക്രൈസ്തവ സഭകളുടെ നിലപാടിനെ ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നതെന്നും റബ്ബിമാര്‍ രേഖയിലൂടെ വ്യക്തമാക്കുന്നു.
മോശയുടെ ന്യായപ്രമാണത്തെ ഒരു വശത്ത് ശക്തമായി മുറുകെപിടിക്കുകയും, ചില തെറ്റായ വിഗ്രഹങ്ങളേയും നടപടികളേയും സമൂഹ മധ്യത്തില്‍ നിന്നും നീക്കികളയുകയും ചെയ്യുന്നതിനായി യേശുക്രിസ്തു വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ജൂത പണ്ഡിതര്‍ ചൂണ്ടികാണിക്കുന്നു. ജൂതന്‍മാരുടെ മതഗ്രന്ഥമായ തോറയേ അതെ പടി ബൈബിളിലെ പഴയനിയമത്തില്‍ ഉള്‍പ്പെടുത്തുകയും, അതിനെ ആദരിക്കുകയും ചെയ്യുന്ന ക്രൈസ്തവരോട് യോജിച്ചു തന്നെ വേണം മുന്നോട്ടു പോകുവാനെന്നും അവര്‍ വിലയിരുത്തുന്നു.
സ്വര്‍ഗത്തിലെ ദൈവത്തിന്റെ ഇഷ്ടം ഭൂമിയിലും നടപ്പിലാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ് ക്രൈസ്തവരെന്നും, ദൈവത്തിന്റെ അത്ഭുതകരമായ ശക്തിയെ ക്രൈസ്തവ സമൂഹം ജൂതന്‍മാരെ പോലെ തന്നെ അംഗീകരിക്കുന്നതായും റബ്ബിമാരുടെ രേഖ ചൂണ്ടികാണിക്കുന്നു. ദൈവീക കല്‍പ്പനകളെ മാനിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ക്രമപ്പെടുത്തുകയും ചെയ്യണമെന്നു വാദിക്കുന്ന ക്രൈസ്തവരോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് ദൈവഹിതം തന്നെയാണെന്നും വിവിധ പണ്ഡിതര്‍ വിലയിരുത്തുന്നു.
ഇരുമതസ്ഥര്‍ക്കും അബ്രഹാം തന്നെയാണ് പൂര്‍വ്വപിതാവെന്ന കാര്യവും റബ്ബിമാരുടെ ഐക്യസന്ദേശത്തില്‍ പരാമര്‍ശിക്കുന്നു. ഇതിനാല്‍ തന്നെ സഹോദര ബന്ധത്തില്‍ വസിക്കേണ്ടവരാണ് ക്രൈസ്തവരും ജൂതന്‍മാരുമെന്ന വസ്തുതയും യഹൂദ റബ്ബിമാര്‍ പങ്കുവയ്ക്കുന്നു. കുടുംബ ബന്ധം, ജീവന്‍, സമൂഹിക ചുറ്റുപാട്, നിയമത്തിന്റെ നടത്തിപ്പുകള്‍, സമാധാന ശ്രമം തുടങ്ങി വിവിധ ആത്മീയ സാമൂഹിക തലങ്ങളില്‍ ക്രൈസ്തവരും ജൂതന്‍മാരും എത്തരത്തിലാണ് ഐക്യപ്പെട്ടിരിക്കുന്നതെന്നും റബ്ബിമാര്‍ പുറത്തിറക്കിയ പ്രത്യേക സന്ദേശം വ്യക്തമാക്കുന്നു.
ലോകത്തിന്റെ നന്മയ്ക്കും, ദൈവരാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരുമിച്ച് മുന്നോട്ട് നീങ്ങാം എന്നാണ് ജൂത സമൂഹം കത്തോലിക്ക സഭയുമായുള്ള ബന്ധത്തെ കുറിച്ച് പുറത്തിറക്കിയിരിക്കുന്ന രേഖയുടെ അവസാനം പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ജൂത റബ്ബിമാര്‍ രേഖയില്‍ ഒപ്പ്‌വച്ചിട്ടുണ്ട്.
